'ഭാരത് സീരീസ് എന്നു കേട്ടാല്‍' ; ഇതാ അറിയേണ്ടതെല്ലാം!

By Web TeamFirst Published Sep 8, 2021, 4:17 PM IST
Highlights

എന്താണ് ഈ ഭാരത് സീരീസ്? ഇതാ അറിയേണ്ടതെല്ലാം

പ്പോള്‍ രാജ്യത്തെ വാഹനലോകത്ത് ഏറെ ചര്‍ച്ചാവിഷയമാണ് ഭാരത് സീരിസ് എന്ന പേര്. പുതിയ വാഹനങ്ങള്‍ക്ക് ബിഎച്ച് സീരീസ് അഥവാ ഭാരത് സീരിസ് എന്ന പുതിയ ഏകീകൃത രജിസ്‌ട്രേഷന്‍ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം. എന്താണ് ഈ ഭാരത് സീരീസ്? ഇതാ അറിയേണ്ടതെല്ലാം

ഏകീകൃത സംവിധാനം
വാഹന രജിസ്ട്രേഷനിൽ കാര്യമായ പരിഷ്‍കാരങ്ങള്‍ വരുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് സീരിസ് തുടങ്ങുന്നത്. സംസ്ഥാനന്തര വാഹന രജിസ്ട്രേഷൻ ഒഴിവാക്കാൻ രാജ്യമാകെ ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. 

റീ രജിസ്ട്രേഷൻ ഒഴിവാക്കാം
നിലവിൽ ഒരു വാഹനം രജിസ്‍റ്റര്‍ ചെയ്‍ത സംസ്ഥാനത്തിന് പുറത്ത് ഉപയോഗിക്കാൻ നിയന്ത്രണങ്ങളുണ്ട്. രജിസ്റ്റ‍ര്‍ ചെയ്ത സംസ്ഥാനത്തിന് പുറത്ത് 12 മാസത്തിൽ കൂടുതൽ വാഹനം ഉപയോഗിക്കണമെങ്കിൽ വാഹനം റീ രജിസ്റ്റ‍ര്‍ ചെയ്യണമെന്നാണ് ചട്ടം. ഏതു സംസ്ഥാനത്താണോ വാഹനം രജിസ്ട്രര്‍ ചെയ്തത് അവിടെ നിന്നുള്ള എൻ.ഒ.സി സ‍ര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ആദ്യവാഹനം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്ത് നിന്നും നികുതി റീഫണ്ട് ചെയ്യുകയും പുതിയ സ്ഥലത്ത് തിരിച്ചടയ്ക്കുകയും വേണം. 

ഗുണഭോക്താക്കള്‍
സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വലിയ തലവേദന സൃഷ്ടിക്കുന്നതായിരുന്നു നിലവിലെ രജിസ്‌ട്രേഷന്‍ സംവിധാനം. ഒരു സംസ്ഥാനത്ത് വെച്ച് വാഹനം വാങ്ങിയാല്‍ അവിടെ രജിസ്റ്റര്‍ ചെയ്ത വാഹനം 12 മാസത്തില്‍ കൂടുതല്‍ മറ്റു സംസ്ഥാനത്ത് സൂക്ഷിക്കാനോ ഉപയോഗിക്കാനോ ആവില്ല. അതിനുള്ളില്‍ ഉപയോഗിക്കുന്ന സംസ്ഥാനത്ത് റീ രജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് നിലവിലെ നിയമം. ആദ്യം രജിസ്റ്റര്‍ ചെയ്ത ചെയ്ത സംസ്ഥാനത്ത് നിന്നുള്ള എന്‍.ഒ.സി, അവിടെ അടച്ച റോഡ് ടാക്‌സ്  റീഫണ്ട് ചെയ്ത് റീ രജിസ്‌ട്രേഷന്‍ ചെയ്യുന്ന സംസ്ഥാനത്ത് അടയ്ക്കണം. ഈ പ്രക്രിയകള്‍ ഏറെ ബുദ്ധിമുട്ടാണ് ആളുകള്‍ക്ക് സൃഷ്ടിച്ചിരുന്നത്.

പുതിയ രീതി
പുതിയ സംവിധാനം വഴി വാഹനം രജിസ്ട്രര്‍ ചെയ്‍ത സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്ത് കൊണ്ടു പോയി വാഹനം ഉപയോഗിക്കുമ്പോൾ ഉള്ള റീ രജിസ്ട്രേഷൻ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം.  ഭാരത് സീരീസ് എന്നാണ് ഈ ഒറ്റ രജിസ്ട്രേഷൻ സംവിധാനത്തിന്‍റെ പേര്. രജിസ്റ്റർ ചെയ്‍ത സംസ്ഥാനത്തിന് പുറത്ത് വാഹനം 12 മാസത്തിൽ കൂടുതൽ ഉപയോഗിക്കാൻ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാക്കാം.

വ്യത്യസ്‍ത രജിസ്‍ട്രേഷന്‍ നമ്പര്‍
ഭാരത് സീരിസിൽ വാഹന രജിസ്ട്രേഷൻ നമ്പറിന് വ്യത്യാസമുണ്ടാകും. വാഹനം വാങ്ങിയ വ‍ര്‍ഷത്തിലെ അവസാന രണ്ടക്കങ്ങൾ, ബി.എച്ച് (B,H)എന്നീ അക്ഷരങ്ങൾ, നാല് അക്കങ്ങൾ, ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങൾ എന്നിവയടങ്ങിയതാവും രജിസ്ട്രേഷൻ നമ്പ‍ര്‍. നിലവിൽ സംസ്ഥാനങ്ങളുടെ ചുരുക്കപ്പേര് ഉപയോഗിച്ചാണ് വാഹന രജിസ്ട്രേഷൻ നടത്തുന്നത്. വാഹനത്തിന്‍റെ നികുതി അടയ്ക്കുന്നത് നിലവിലെ 15 വ‍ര്‍ഷം എന്നതിന് പകരം ഭാരത് രജിസ്ട്രേഷനിൽ രണ്ട് വ‍ര്‍ഷമാക്കിയേക്കും.   

മുന്‍ഗണന ഇവര്‍ക്ക്
പ്രതിരോധ ഉദ്യോഗസ്ഥർ, സംസ്ഥാന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ, പൊതുമേഖല സ്ഥാപനങ്ങൾ, നാലോ അതിൽ അധികമോ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും ഭാരത് രജിസ്ട്രേഷനിൽ മുൻഗണന ലഭിക്കും. 

എല്ലാം ഓണ്‍ലൈന്‍
ബിഎച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകും. ആര്‍.ടി.ഒ ഓഫീസുകളില്‍ പോകേണ്ടതില്ല. നിലവിലുള്ള വാഹനങ്ങൾക്ക് ഭാരത് രജിസ്ട്രേഷനിലേക്ക് മാറ്റണമോ എന്നതിനെക്കുറിച്ച്  ഉപരിതലഗതാഗതമന്ത്രാലയം വിശദമായ വിജ്ഞാപനം പുറപ്പെടുവിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!