ആദ്യം പൊളിയുക 51 ലക്ഷം വണ്ടികള്‍, ഭാവിയില്‍ കോടികള്‍!

By Web TeamFirst Published Feb 2, 2021, 9:27 AM IST
Highlights

20 വർഷം പഴക്കമുള്ള 51 ലക്ഷം മോട്ടോർ വാഹനങ്ങൾ പൊളിക്കേണ്ടി വരും. നിലവിൽ 15 വയസ് പൂർത്തിയായ വണ്ടികളുടെ എണ്ണം ഏകദേശം 80 ലക്ഷം ആണെന്നാണ് കണക്കുകള്‍. ഈവർഷം അവസാനത്തോടെ ഇത് 90 ലക്ഷമോ ഒരുകോടിയോ ആകും. 2025 ഓടെ എണ്ണം 2.8 കോടി കടക്കും

ദില്ലി: രാജ്യത്തെ വാഹന ലോകത്ത് വമ്പന്‍ വിപ്ളവത്തിന് വഴിയൊരുക്കുന്ന പൊളിക്കല്‍ നയം (സ്‍ക്രാപ്പേജ് പോളിസി) കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏറെക്കാലമായി പറഞ്ഞുകേട്ടിരുന്ന വോളണ്ടറി വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസിയാണ് ഇപ്പോള്‍ യാതാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നത്. സ്വകാര്യവാഹനങ്ങളുടെ കാലാവധി 20 വർഷത്തേക്കും വാണിജ്യവാഹനങ്ങളുടെത് 15 വർഷത്തേക്കും നിജപ്പെടുത്തുന്നതാണ് ഈ പോളിസി. വാഹനമലിനീകരണം, ഇന്ധനഇറക്കുമതി വിലവർദ്ധന എന്നിവ കുറയ‌്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ നീക്കം. പദ്ധതിയുടെ വിശദവിവരങ്ങൾ കേന്ദ്ര ഗതാതമന്ത്രാലയം ഉടൻ പുറത്തുവിടും.

പുതിയ നയം വാഹനലോകത്ത് ഉള്‍പ്പെടെ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. വാഹന ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ 20 വർഷം പഴക്കമുള്ള 51 ലക്ഷം മോട്ടോർ വാഹനങ്ങൾ പൊളിക്കേണ്ടി വരുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി ബജറ്റിനു പിന്നാലെ വ്യക്തമാക്കിയത് . 
പഴയതും നിരത്തിലിറങ്ങാൻ യോഗ്യമല്ലാത്തതുമായ വാഹനങ്ങൾ  പൊളിക്കാൻ സ്‍ക്രാപ്പിങ് പോളിസിയാണ് കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ചത്. ഓട്ടോമൊബൈൽ മേഖലയ്ക്ക് ഈ തീരുമാനം കരുത്താകുമെന്നും റോഡ് സുരക്ഷ വർധിക്കുമെന്നും അന്തരീക്ഷ മലിനീകരണം 25 മുതൽ 30 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്താണ് സ്‍ക്രാപ്പേജ് പോളിസി?
പുതിയ പോളിസി അനുസരിച്ച് വാണിജ്യവാഹനങ്ങള്‍ക്ക് പരമാവധി 15 വര്‍ഷവും സ്വകാര്യവാഹനങ്ങള്‍ക്ക് പരമാവധി 20 വര്‍ഷവുമാണ് ഉപയോഗത്തിനുള്ള കാലാവധി. കാലാവധി പൂർത്തിയായ  വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കും.  ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളുടെ സഹായത്തോടെയാകും  ഈ വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുക. ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പൊളിക്കല്‍ നടപടി. ഒരുവാഹനം മൂന്നിൽ കൂടുതൽ തവണ ഫിറ്റ്നസ് ടെസ്‌റ്റിൽ പരാജയപ്പെടുകയാണെങ്കിൽ അത് നിർബന്ധമായും സ്ക്രാപ്പിംഗിന് വിധേയമാക്കണം എന്നാണ് പോളിസി വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പൊളിക്കല്‍ പോളിസിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. വാഹന ഉടമകള്‍ക്ക് നഷ്‍ടപരിഹാരം നല്‍കിക്കൊണ്ടാവണം സ്‍ക്രാപ്പ് ചെയ്യാനുള്ള തീരുമാനം നടപ്പിലാക്കേണ്ടതെന്ന നിർദേശം ഡ്രാഫ്റ്റ് പോളിസിയിൽ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ പൊളിച്ച  വണ്ടിയുടെ ഉടമസ്ഥൻ പുതിയ വണ്ടി വാങ്ങുമ്പോൾ അതിന്‍റെ റോഡ് ടാക്‌സ് ഉൾപ്പടെ ഇളവ് ചെയ്‍തുകൊടുക്കാനും നിർദേശമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

2022 ഏപ്രിൽ ഒന്നു മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതിന്റെ ആദ്യ പടിയായി 2022 ഏപ്രില്‍ ഒന്നിന് 15 വര്‍ഷം പഴക്കമെത്തിയ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിച്ച് നീക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഈ നിര്‍ദേശം ബാധകമായിരിക്കും. 

ലക്ഷ്യം
കഴിഞ്ഞ അഞ്ചുവർഷമായി സർക്കാരിന്റെ സജീവപരിഗണനയിലുള്ള വിഷയമായിരുന്നു ഇത്. പക്,േ വരുമാനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയിൽ നീട്ടികൊണ്ടുപോവുകയായിരുന്നു. രാജ്യത്തെ വാഹനമലിനീകരണത്തിന്റെ 65 ശതമാനവും വാണിജ്യവാഹനങ്ങളിൽ നിന്നുണ്ടാകുന്നതാണെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്.

പഴക്കം ചെന്നതും പ്രവര്‍ത്തന യോഗ്യമല്ലാത്തതുമായി വാഹനങ്ങള്‍ പൊളിക്കുന്നതിനും, ഇതിന് പകരമായി കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുന്നതും പ്രകൃതി സൗഹാര്‍ദ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതുമായ വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുകയുമാണ് സ്‌ക്രാപ്പിങ്ങ് പോളിസിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പഴയ വാഹനങ്ങള്‍ നിരത്തൊഴിയുന്നതോടെ വാഹനം മൂലമുള്ള മലിനീകരണം കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

വാഹനം മൂലമുള്ള മലിനീകരണം തടയുന്നതിനും ഇന്ത്യയെ വാഹന ഹബ്ബാക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനുപുറമെ, ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നിര്‍ദേശം സഹായിക്കുമെന്നും ഗതാഗത മന്ത്രാലയം വിലയിരുത്തുന്നു. 

ഗുണദോഷങ്ങള്‍
രാജ്യത്ത് നിലവിൽ 15 വയസ് പൂർത്തിയായ വണ്ടികളുടെ എണ്ണം ഏകദേശം 80 ലക്ഷം ആണെന്നാണ് കണക്കുകള്‍. ഈവർഷം അവസാനത്തോടെ ഇത് 90 ലക്ഷമോ ഒരുകോടിയോ ആകും. 2025 ഓടെ എണ്ണം 2.8 കോടി കടക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.  പഴയ വാഹനങ്ങൾ അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുന്നവയാണ്. ഈ വാഹനങ്ങൾ കുറയുമ്പോൾ പരിസ്ഥിതിക്കു തന്നെയാണ് മുഖ്യ നേട്ടം. ഈവാഹനങ്ങൾ നിരത്തുകളിൽനിന്ന് ഒഴിവാകുന്നതോടെ വായു മലിനീകരണവും പരിസ്ഥിതി പ്രശ്നങ്ങളും കുറയുമെന്നും ഇന്ധന ഉപയോഗത്തിൽ കുറവുണ്ടാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം. ബജറ്റ് പ്രഖ്യാപനം വാഹന വിപണിയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാക്കും. സ്‌ക്രാപ്പിങ്ങ് പോളിസിയിലൂടെ വാഹന വിപണിയിലെ വരുമാനം 4.5 ലക്ഷം കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

പുതിയ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉല്‍പ്പാദാന ചെലവ്‌ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.  2030-ഓടെ ഉരുക്ക് ഉത്പാദനം വര്‍ഷം 30 കോടി ടണ്‍ ആയി ഉയര്‍ത്താനാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നത്. പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിലൂടെ ഇന്ത്യയുടെ ഉരുക്ക് വ്യവസായത്തിനും കരുത്തേകുമെന്നാണ് വിലയിരുത്തലുകള്‍.

റീസൈക്കിൾ ചെയ്യുന്ന സ്റ്റീൽ, പ്ലാസ്റ്റിക്,റബ്ബർ ഭാഗങ്ങൾ പുതിയ വാഹനങ്ങളുടെ വില കുറയ്ക്കാൻ കാരണമാകുമെന്നു മാത്രമല്ല , ഇവയുടെ പുതിയ പ്രൊഡക്ഷൻ റോമെറ്റീരിയലുകൾ ഖനനം ചെയ്തെടുക്കുന്ന തോത് കുറയ്ക്കാനും ഇതുവഴി പരിസ്‌ഥിതി സംരക്ഷിക്കാനും കഴിയുമെന്നതും ഗുണമായി ഉയര്‍ത്തിക്കാട്ടുന്നവരുണ്ട്. 

മാത്രമല്ല പഴയ വാഹനങ്ങൾ പൊളിക്കേണ്ടതിനാൽ, പുതിയ വാഹനങ്ങളുടെ വില്‍പ്പന വർദ്ധിക്കുമെന്നാണ് വണ്ടിക്കമ്പനികളുടെ പ്രതീക്ഷ. വാഹനം പൊളിക്കൽ എന്ന വിപണി തന്നെ പുതുതായി സൃഷ്‌ടിക്കാമെന്ന വാദവും ചില വാഹന നിര്‍മ്മാതാക്കള്‍ ഉയർത്തുന്നുണ്ട്. ഇതുവഴി വൻതോതിൽ തൊഴിലവസരങ്ങളും സൃഷ്‌ടിക്കാനാകുമെന്നും കരുതുന്നു. 

എന്നാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സാമൂഹികമായി ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു തീരുമാണിതെന്ന് വാദിക്കുന്നവരും ഉണ്ട്. ഓട്ടോ ഓടിച്ചു കുടുംബം പുലർത്തുന്ന സാധാരണക്കാർ മുതൽ വിന്‍റേജ്, മോഡിഫൈ വാഹനപ്രേമികള്‍ക്കും തിരിച്ചടിയായേക്കാം പുതിയ പോളിസിയെന്നാണ് ഇവരുടെ വാദം. സാധാരണക്കാരായ വാഹന ഉടമകൾക്കു വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും സെക്കൻഡ് ഹാൻഡ് വാഹനവിപണി തകരുമെന്നും വിമർശനം ഉയരുന്നുണ്ട്. 

മലിനീകരണം എന്നത് പഴക്കം കാരണം മാത്രം സംഭവിക്കില്ലെന്നാണ് മറ്റു ചിലരുടെ വാദം. ലോകത്ത് എല്ലായിടത്തും ഫിറ്റ്നസ് നോക്കിയാണ് സ്ക്രാപ്പ് ചെയ്യിക്കുന്നത്, അല്ലാതെ പഴക്കം അല്ലെന്നും ഇവര്‍ പറയുന്നു. മാത്രമല്ല പുതിയ വാഹനങ്ങളിൽ പരമാവധി റീസൈക്കിള്‍ പാർട്ട്സ് ഉപയോഗിക്കാറില്ലെന്നും കാരണം റീ സൈക്കിള്‍ ചെയ്യാൻ ഉപയോഗിക്കുന്ന കെമിക്കലുകള്‍ ആരോഗ്യത്തിനു ഹാനികരമാണെന്നും വാദിക്കുന്നവരും ഉണ്ട്.


 

click me!