ഏസിക്ക് പകരം കാറില്‍ ചാണകം മെഴുകി ഡോക്ടറും!

By Web TeamFirst Published Jun 3, 2019, 6:02 PM IST
Highlights

ചൂടിനെ പ്രതിരോധിക്കാന്‍  തന്‍റെ മഹീന്ദ്ര XUV 500നെ ചാണകത്തില്‍ പൊതിഞ്ഞിരിക്കുകയാണ് ഒരു മുതിര്‍ന്ന ഡോക്ടര്‍

ചൂടിനെ പ്രതിരോധിക്കാന്‍  കാറിനെ ഉടമ ചാണകം കൊണ്ട് പൊതിഞ്ഞ സംഭവം കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗുജറാത്ത് സ്വദേശിനിയായ സേജല്‍ ഷാ എന്ന സ്‍ത്രീയായിരുന്നു ആ കാറുടമ. ഇപ്പോഴിതാ സേജലിന്‍റെ പിന്നാലെ തന്‍റെ എസ്‍യുവിയെ ചാണകത്തില്‍ പൊതിഞ്ഞിരിക്കുകയാണ് ഒരു മുതിര്‍ന്ന ഡോക്ടര്‍.

മുംബൈയിലെ ടാറ്റ കാൻസർ ആശുപത്രിയിലെ സീനിയർ ഡോക്ടർ നവനാദ് ദുദ്ഹലാണ് തന്റെ എസ്‌യുവിയിൽ ചാണകം പൂശിയിരിക്കുന്നതെന്ന് സകാല്‍ ടൈംസിനെ ഉദ്ധരിച്ച് കാര്‍ ടോര്‍ഖാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.  അഹമ്മദാബാദുകാരിയായ സേജല്‍ ഷാ തന്‍റെ ടൊയോട്ട കൊറോള കാറിന്‍റെ പുറത്താണ് ചാണകം മെഴുകിയതെങ്കില്‍ പൂനൈ സ്വദേശിയായ നവനാദ് തന്‍റെ തന്‍റെ മഹീന്ദ്ര XUV 500നു മേലെയാണ് ചാണകം പൂശിയത്. 

എസിയുടെ ഉപയോഗം കുറയ്ക്കാനും പ്രകൃതിക്ക് കൂടുതൽ കോട്ടമുണ്ടാക്കാതെ വാഹനം തണുപ്പിക്കാനുമാണ് ഇത്തരത്തിൽ ചാണകം പൂശിയതെന്നും മൺവീടുകളിൽ ചൂടു കുറയ്ക്കാനായി ചാണകം ഉപയോഗിക്കുന്ന ആശയം തന്നെയാണ് തന്റെ കാറിലും പ്രയോഗിച്ചിരിക്കുന്നതെന്നാണ് ഡോക്ടര്‍ നവനാദ് പറയുന്നത്. ഇതിനായി മൂന്നു കോട്ട് ചാണകം വാഹനത്തിൽ പൂശി. ഒരുമാസം ഈ കോട്ടിങ് നിൽക്കുമെന്നും ഇതു കാറിനകത്തെ ചൂട് 5 മുതൽ 7 ഡിഗ്രിവരെ കുറയ്ക്കുമെന്നുമാണ് ഡോക്ടറുടെ വാദം. ചാണകം പൂശുന്നതുകൊണ്ട് വാഹനത്തിന്റെ നിറത്തിന് ഒരുകുഴപ്പവും സംഭവിക്കില്ലെന്നും ദുർഗന്ധം കുറച്ചു സമയത്തിനു ശേഷം മാറുമെന്നും ഇദ്ദേഹം പറയുന്നു. ഗോമൂത്രത്തിൽ നിന്ന് കാൻസറിന്റെ മരുന്നുണ്ടാക്കുന്ന പഠനത്തിലാണെന്നും ഇതിനിടയിലാണ് ഈ പുതിയ രീതി കണ്ടെത്തിയതെന്നും ഡോക്ടർ നവനാദ് വ്യക്തമാക്കുന്നു. 

വീടിന്‍റെ തറയില്‍ ചാണകം മെഴുകുന്നത് ചൂടു കുറയ്ക്കുന്നുണ്ടെന്നും ഈ അനുഭവത്തില്‍ നിന്നാണ് കാറിലും ചാണകം പൂശിയതെന്നുമായിരുന്നു സേജല്‍ ഷാ പറഞ്ഞത്.

(സേജല്‍ ഷാ തന്‍റെ കാറിനൊപ്പം - ഫയല്‍ ചിത്രം)

 

click me!