ഈ ഡ്രൈവര്‍മാര്‍ ഇനി പെടും, ലേസര്‍ ഗണ്ണുകളുമായി ഗുജറാത്ത് പൊലീസ്!

By Web TeamFirst Published Jun 3, 2019, 4:40 PM IST
Highlights

അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നവരെ കുടുക്കാന്‍ ഹൈ-ടെക് ലേസര്‍ ഗണ്ണുകളുമായി ഗുജറാത്ത് പൊലീസ്

അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നവരെ കുടുക്കാന്‍ ഹൈ-ടെക് ലേസര്‍ ഗണ്ണുകളുമായി ഗുജറാത്ത് പൊലീസ്. വളരെ എളുപ്പത്തില്‍ വാഹനത്തിന്റെ വേഗം അറിയാന്‍ ഈ ഉപകരണം കൊണ്ട് പൊലീസിന് സാധിക്കും.

നിലവില്‍ വാഹനങ്ങളുടെ പിന്നില്‍ ട്രൈ പോഡില്‍ ഘടപ്പിച്ചിട്ടുള്ള ഉപകരണമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ ഉപകരണത്തിന്‍റെ പ്രധാന സവിശേഷത  ട്രൈപോഡിന്റെ സഹായമില്ലാതെ കൈകൊണ്ട് നിയന്ത്രിക്കാം എന്നതാണ്. മാത്രമല്ല ദൂരപരിധിയിലും കൃത്യതയിലും ഈ ലേസര്‍ ഗണ്ണുകള്‍ കേമന്മാരാണ്.  റഡാര്‍ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍ക്ക് വെറും 500 മീറ്റര്‍ ദൂരപരിധിയിലുള്ള വാഹനങ്ങളുടെ അമിതവേഗം മാത്രമേ കണ്ടുപിടിക്കാന്‍ സാധിക്കൂ. എന്നാല്‍ ലേസര്‍ ഗണ്ണുകള്‍ക്ക് ഒരു കിലോമീറ്റര്‍ ദൂരെയുള്ള വാഹനങ്ങളെ വരെ കണ്ടെത്താനാവും.  അമിതവേഗത്തില്‍ പോവുന്ന വാഹനങ്ങളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും ലേസര്‍ ഗണ്ണിനാവും.

നിയമലംഘകരായ വാഹന ഉടമകള്‍ക്ക് വാഹനത്തിന്റെ ചിത്രത്തോട് കൂടി ഇലക്ട്രോണിക്ക് ചലാന്‍ വഴി ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച ഹൈ-ടെക് ലേസര്‍ ഗണ്ണുകള്‍ക്ക് സാധിക്കും. ഉടനടി ചലാന്‍ പ്രിന്‍റ് ചെയ്യാനും കഴിയും. 

39 യൂണിറ്റ് ഹൈ-ടെക് ലേസര്‍ ഗണ്ണുകള്‍ വാങ്ങിയതായാണ് ഗുജറാത്ത് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍. ഇതില്‍ അഞ്ചെണ്ണം അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ്. അഹമ്മദാബാദ് പൊലീസിനായിരിക്കും ഇവ ആദ്യം നല്‍കുക. പിന്നീട് മറ്റു ജില്ലകളിലെ പൊലീസ് സേനകള്‍ക്കും ഇവ നല്‍കും.  ഗണ്ണുകള്‍ക്ക് ഓരോ യൂണിറ്റിനും പത്ത് ലക്ഷം രൂപ വീതമാണ് വില. ഏകദേശം 3.9 കോടി രൂപയോളമാണ് 39 യൂണിറ്റ് ഹൈ-ടെക് ലേസര്‍ ഗണ്ണുകള്‍ വാങ്ങാനായി സര്‍ക്കാര്‍ മുടക്കിയത്. 

ഇതിന്‍റെ ഉപയോഗം സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ പരിശീലന ക്ലാസുകള്‍ നല്‍കിയിരുന്നു. ഈ സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ ട്രാഫിക്ക് പൊലീസാകും ഗുജറാത്തിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

click me!