വണ്ടി വിളിക്കാന്‍ പണമില്ല; എട്ടു വയസുകാരിയെ വീട്ടിലെത്തിക്കാന്‍ 540 കിമീ വണ്ടിയോടിച്ച് ഡോക്ടര്‍!

By Web TeamFirst Published Apr 6, 2020, 4:13 PM IST
Highlights

"എനിക്ക് ഒരു കപ്പ് ചായ പോലും നൽകാൻ അവർക്ക് കഴിവില്ലായിരുന്നു. പക്ഷേ സ്വന്തം വീട്ടിലെത്തി, സഹോദരിയെ കണ്ടപ്പോൾ ആ എട്ടുവയസുകാരിയുടെ മുഖത്തൊരു പുഞ്ചിരി വിരിയുന്നത് ഞാന്‍ കണ്ടു...." 

ഡിസ്‍ചാര്‍ജ്ജ് ചെയ്‍തതിനു ശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകാന്‍ പണമില്ലാതെ രോഗിയായ എട്ടു വയസുകാരിയെയും കൊണ്ട് കുടുംബം ആശുപത്രി വരാന്തയില്‍ കഴിഞ്ഞത് രണ്ട ദിവസം. ഒടുവില്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ ഡ്രൈവറുടെ രൂപത്തില്‍ രക്ഷകനായെത്തി. സ്വന്തം വണ്ടിയോടിച്ച് കുടുംബത്തെ 270 കിലോമീറ്ററോളം അകലെയുള്ള വീട്ടിലെത്തിച്ചു.

കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിലാണ് സംഭവം. കുടലിനുണ്ടായ അസുഖത്തെതുടര്‍ന്നാണ് എട്ടുവയസ്സുകാരിയായ ഏഞ്ചലയുടെ ചികിത്സയ്ക്കായി കുടുംബം ആശുപത്രിയില്‍ എത്തുന്നത്.  ബിർ‌ബുമിലെ പാറ പൊട്ടിക്കുന്ന യൂണിറ്റിലെ ദിവസ വേതനക്കാരനാണ് കുട്ടിയുടെ അച്ഛന്‍ രാജേഷ് ബാസ്‌കി. ചികിത്സക്ക് ശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തെങ്കിലും രാജ്യത്ത് ലോക്ക്ഡൌണ്‍ സാഹചര്യം ആയത് കൊണ്ട് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ല.

ലോക്ക് ഡൗണ്‍ ദിവസമായതിനാല്‍ മറ്റ് വാഹനങ്ങളെ ആശ്രയിക്കാന്‍ കഴിയാതെ വന്നതോടെ ആബുലന്‍സില്‍ വീട്ടിലെത്താന്‍ എത്രയാകും എന്ന് ഡ്രൈവര്‍മാരോട് ചോദിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. എന്നാല്‍ ആംബുലന്‍സ് തുക കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. 

തുടര്‍ന്ന് ആശുപത്രിയുടെ കോമ്പൌണ്ടില്‍ കഴിഞ്ഞു വരികയായിരുന്നു ഇവര്‍. ഇങ്ങനെ കഴിയുന്നതിനിടെ രണ്ടാം ദിവസമാണ് കുടുംബം ആശുപത്രിയിലെ അനസ്‍തേഷ്യസ്റ്റായ ഡോക്ടര്‍ ബബ്‍ലു സര്‍ദാറിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. അദ്ദേഹം കാണുമ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍മാരോട് കയ്യില്‍ പണം കുറവാണെന്ന് പറഞ്ഞ് യാചിക്കുകയായിരുന്നു രാജേഷ് ബാസ്‌കി. കുടുംബത്തിന്‍റെ ദയനീയ അവസ്ഥ മനസ്സിലായതോടെ ഡോക്ടര്‍ ബബ്‍ലു സര്‍ദാര്‍ തന്‍റെ കാറില്‍ അവരെ ജാര്‍ഖണ്ഡ് അതിര്‍ത്തിയിലുള്ള ഗ്രാമത്തിലെത്തിക്കാമെന്ന് സമ്മതിച്ചു. 

ഇതേക്കുറിച്ച് ഡോക്ടര്‍ ബബ്‍ലു സര്‍ദാര്‍ പറയുന്നത് ഇങ്ങനെ: "കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നിട്ടും ഇത് വരെ അവർക്ക് വീട്ടിലേക്ക് പോകാൻ കഴിഞ്ഞിട്ടില്ല. ഞാന്‍ ചികിത്സിച്ച കുട്ടിയല്ല ഏഞ്ചല. എന്നാലും അവളുടെയും കുടുംബത്തിന്‍റേയും നിസഹായാവസ്ഥ കണ്ടപ്പോള്‍ എനിക്ക് അവരെ സഹായിക്കണമെന്ന് തോന്നി. അവളുടെ മാതാപിതാക്കൾ അവളോടൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു. വീട്ടില്‍ ഒരു അനുജത്തിയുള്ളത് ഒറ്റക്കാണ്. ഒരാഴ്ച മുമ്പ്, അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാർ മരിച്ചുവെന്ന് പിതാവായ ബാസ്‌കി എന്നോട് പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ ഒരു കുടുംബത്തിന്റെ അവസ്ഥ എനിക്ക് മനസിലാക്കാൻ കഴിയും. ആംബുലൻസ് ഡ്രൈവർമാരിൽ പലരും 13,000 മുതൽ 14,000 രൂപ വരെയാണ് അവരോട് ആവശ്യപ്പെട്ടത്. ആ തുക കുടുംബത്തിന് താങ്ങാനാവില്ല.."

പിറ്റേന്ന് രാവിലെ ഡ്യൂട്ടി ഉള്ളതിനാൽ അത്താഴം കഴിക്കാതെ തന്നെ കുടുംബവുമായി ഡോക്ടര്‍ യാത്ര തിരിച്ചു.എസ്‌എസ്‌കെ‌എം ആശുപത്രിയിൽ നിന്ന് രാത്രി 9 മണിക്ക് ആരംഭിച്ച ഞങ്ങൾ പുലർച്ചെ 3 മണിയോടെ 270 കിലോമീറ്റർ അകലെയുള്ള സുലുങ്കയിലെത്തി. ഇലംബസാറിലെ പൊലീസ് പരിശോധന മാത്രമേ നേരിടേണ്ടി വന്നിട്ടുള്ളൂവെന്നും അവരോട് കാര്യം വിശദീകരിച്ചപ്പോള്‍ പോകാന്‍ അനുവദിച്ചെന്നും ഡോക്ടര്‍ പറയുന്നു. കുട്ടിയുടെ വീട്ടിലേക്കും തിരിച്ചും ഉള്‍പ്പടെ 540 കിലോമീറ്ററോളം ദൂരം ആണ് ആ കുടുംബത്തെ സഹായിക്കാനായി ഡോക്ടര്‍  സ്വന്തം വാഹനം ഓടിച്ചത്.

" ഗ്രാമങ്ങളിലൂടെ അപരിചിതമായ വഴികളിലൂടെയുള്ള ഡ്രൈവിംഗ് അല്‍പ്പം പ്രയാസകരമായിരുന്നു. സംസ്ഥാനപാതയിൽ നിന്ന് പതിനഞ്ചിലധികം കിലോമീറ്റർ അകലേക്ക് ഓടിക്കേണ്ടി വന്നു. ആ കുടുംബം വളരെ ദരിദ്രമാണ്. എനിക്ക് ഒരു കപ്പ് ചായ പോലും നൽകാൻ അവർക്ക് കഴിവില്ലായിരുന്നു. പക്ഷേ സ്വന്തം വീട്ടിലെത്തി, സഹോദരിയെ കണ്ടപ്പോൾ ആ എട്ടുവയസുകാരിയുടെ മുഖത്തൊരു പുഞ്ചിരി വിരിയുന്നത് ഞാന്‍ കണ്ടു. അതു കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. അതു മാത്രം മതിയായിരുന്നു എനിക്ക്.. ”ഡോക്ടര്‍ പറയുന്നു. 

click me!