വണ്ടിയില്‍ നിന്നിറങ്ങേണ്ട, 5 മിനിറ്റിനകം കൊവിഡ് പരിശോധനയുമായി അബുദാബി

By Web TeamFirst Published Mar 30, 2020, 11:36 AM IST
Highlights

അഞ്ചുമിനിറ്റുകൊണ്ട് പരിശോധന പൂര്‍ത്തിയാക്കാമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത

വാഹനത്തിൽ ഇരുന്നു തന്നെ അഞ്ചു മിനിറ്റിനകം കോവിഡ് പരിശോധന നടത്താവുന്ന ഡ്രൈവ് ത്രൂ സംവിധാനത്തിന് അബുദാബിയില്‍ തുടക്കമായി.  അബുദാബി സായിദ് സ്പോർട്‍സ് സിറ്റിയിലാണ് കേന്ദ്രം ആരംഭിച്ചത്.  അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വയം പരിശോധനയ്ക്കു വിധേയമായി കേന്ദ്രം  ഉദ്ഘാടനം ചെയ്‍തു. 

അബുദാബി ആരോഗ്യവിഭാഗമായ സേഹയുടെ സഹായത്തോടെയാണ് കേന്ദ്രത്തിന്‍റെ പ്രവർത്തനം.  വാഹനമോടിച്ച് ഇവിടെ എത്തുന്നവരുടെ അടുത്ത് ആരോഗ്യപ്രവർത്തകർ എത്തി സ്രവം എടുക്കുകയാണ് ചെയ്യുക. അതുകൊണ്ടുതന്നെ വാഹനത്തിൽനിന്ന് ഇറങ്ങേണ്ട ആവശ്യം വരുന്നില്ല.

അഞ്ചുമിനിറ്റുകൊണ്ട് പരിശോധന പൂര്‍ത്തിയാക്കാമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. ഒരേ സമയം നാലുപേരുടെ സ്രവം പരിശോധിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. പരിശോധനയ്ക്കു എത്തുന്നതിനു മുമ്പ് 800 1717 ടോൾഫ്രീ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യണം. ശേഷം സെന്ററിലെത്തുന്ന വാഹന ഉപയോക്താവ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. 

തുടര്‍ന്ന് എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. മാളുകളിലെ പാര്‍ക്കിങ് കാര്‍ഡുകള്‍ എടുക്കുന്നതിന് സമാനമായ രീതിയില്‍ ഡ്രൈവിങ് സീറ്റില്‍ ഇരുന്നുകൊണ്ടുതന്നെയാണ് എമിറേറ്റ്‌സ് ഐഡി മെഷീനിലിട്ട് രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നീട് എമിറേറ്റ്‌സ് ഐഡി സ്‌കാൻ ചെയ്തശേഷം ഉദ്യോഗസ്ഥൻ നിർദേശിക്കുന്ന അടുത്ത പോയിന്റിലേക്കു വാഹനം ഓടിച്ചുപോകാം. അവിടെ ആരോഗ്യപ്രവർത്തകർ മൂക്കിലെ സ്രവം എടുക്കുകയും ശരീരോഷ്മാവ് രേഖപ്പെടുത്തുകയും ചെയ്യുന്നതോടെ പരിശോധനാ ഘട്ടം പൂർത്തിയാകും. തുടര്‍ന്ന് വീട്ടിലേക്കു മടങ്ങാം. 

ആറുമണിക്കൂറിനകം ഫലം എസ്എംഎസ് ആയും സേഹ ആപ്ലിക്കേഷൻ വഴിയും ലഭ്യമാവും. അതുവരെ വീട്ടിൽ സ്വയം  നിരീക്ഷണത്തിൽ കഴിയണം. കേന്ദ്രത്തിന്റെ സേവനം സ്വദേശികൾക്കും വിദേശികൾക്കും ലഭിക്കും. രാവിലെ 8 മുതൽ രാത്രി 8 വരെ ആഴ്ചയിൽ എല്ലാ ദിവസവും കേന്ദ്രം പ്രവർത്തിക്കും. ദിവസേന 600 പേരുടെ സ്രവം പരിശോധിക്കാൻ സംവിധാനമുണ്ട്. 

മുതിർന്ന പൗരന്മാർ, ഗർഭിണികൾ, രോഗികൾ എന്നിവർക്ക് മുൻഗണന നൽകും. രോഗലക്ഷണങ്ങൾ ഉള്ളവരുടെ വിവരങ്ങൾ ആരോഗ്യ വിഭാഗത്തിനു കൈമാറും. രോഗികളെ ആരോഗ്യ വകുപ്പ് എത്തി ആശുപത്രിയിലേക്കു മാറ്റുകയും ചെയ്യും. എല്ലാ പ്രവൃത്തിദിവസവും രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ സേവനം ലഭ്യമാണ്. 

ഒരുദിവസം അറുനൂറോളം ആളുകളെ പരിശോധിക്കാന്‍ കഴിയും. കൊവിഡ് പരിശോധനയ്ക്കു ഡ്രൈവ് ത്രൂ സംവിധാനം ഏർപ്പെടുത്തുന്ന ലോകത്തെ അഞ്ചാമത്തെ രാജ്യമാണ് യുഎഇ.
 

click me!