എല്‍ ബോര്‍ഡുമായി വീണ്ടുമുരുളാന്‍ ഡ്രൈവിംഗ് സ്‍കൂള്‍ വണ്ടികള്‍, നിബന്ധനകള്‍ കര്‍ശനം

By Web TeamFirst Published Jul 18, 2021, 6:24 PM IST
Highlights

പരിശീലന വാഹനത്തിൽ ഇൻസ്ട്രക്​ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൌണുകളും മറ്റും നിമിത്തം കഴിഞ്ഞ മൂന്നുമാസത്തിലധികമായി പൂട്ടിക്കിടക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ നാളെ മുതല്‍ വീണ്ടും ഓടിത്തുടങ്ങുന്നു. 

ലോക്ക് ഡൌണിനെത്തുടർന്ന് നിർത്തിവെച്ച ഡ്രൈവിംഗ്​ ടെസ്റ്റുകളും പരിശീലനവും ജൂലൈ 19 മുതല്‍ പുനരാരംഭിക്കുന്ന തീരുമാനം ഗതാഗത മന്ത്രി ആൻറണി രാജുവാണ്​ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചത്​. കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ചുകൊണ്ട് വേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടതെന്നുമാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. 

ഡ്രൈവിംഗ് പരിശീലന വാഹനത്തിൽ ഇൻസ്ട്രക്​ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സ്ഥലങ്ങളിൽ ബന്ധപ്പെട്ട ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾക്കനുസരിച്ചായിരിക്കും ഡ്രൈവിങ്​ ടെസ്റ്റ് ആരംഭിക്കുക. ഓരോ സ്ഥലത്തും ഡ്രൈവിങ്​ ടെസ്റ്റ് ആരംഭിക്കുന്ന തീയതികൾ അതാത് ആർടിഒ സബ്​ ആർടിഒകളുമായി ബന്ധപ്പെട്ട് അറിയാവുന്നതാണ്. 

കോവിഡിനെ തുടർന്ന് ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയ സാഹചര്യത്തില്‍ ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കാന്‍ തുടങ്ങിയതിനു പിന്നാലെയാണ് ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും പുനഃരാരംഭിക്കാൻ അനുമതി നൽകിയിരിക്കുന്നത്. 

അതേസമയം കോവിഡ് നിയന്ത്രണം ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും പഠിതാക്കള്‍ക്കുമെല്ലാം കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ടവര്‍ വരുമാനമില്ലാതെ വലഞ്ഞപ്പോള്‍ ജോലിക്കും മറ്റുമായി ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാത്ത അവസ്ഥയിലായിരുന്നു നിരവധി പഠിതാക്കള്‍. അതുകൊണ്ടുതന്നെ എല്‍ ബോര്‍ഡുമായി പരിശീലന വാഹനങ്ങള്‍ നാളെ മുതല്‍ പരിശീലന ഗ്രൌണ്ടുകളില്‍ ഓടിത്തുടങ്ങുമ്പോള്‍ അല്‍പ്പമെങ്കിലും ആശ്വാസത്തിലാണ് പലരും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

click me!