ചൈന വിറയ്ക്കും, പാക്കിസ്ഥാനും; ആ കിടിലന്‍ ഹെലികോപ്‍ടറുകള്‍ ഇന്ത്യയ്ക്ക് സ്വന്തം!

By Web TeamFirst Published Jul 18, 2021, 4:42 PM IST
Highlights

ഏതു കാലാവസ്ഥയിലും ഏത് ഭൂപ്രകൃതിയും പ്രവര്‍ത്തിപ്പിക്കാവുന്ന വിവിധോദ്ദേശ്യ ഹെലികോപ്‍ടറാണിത്. പാക്കിസ്‍ഥാനുമായും ചൈനയുമായും സംഘർഷമുള്ള സാഹചര്യത്തിൽ ഇന്ത്യൻ പ്രതിരോധമേഖലയ്ക്ക് കരുത്തുപകരുന്നതാണ് ഈ ഇടപാട്

ഇന്ത്യ അമേരിക്കയില്‍ നിന്ന് പുതുതായി വാങ്ങുന്ന എം എച്ച്‌ 60 ആര്‍ മാരിടൈം ഹെലികോപ്‍ടറുകളിലെ ആദ്യ രണ്ടെണ്ണം ഇന്ത്യയ്ക്ക് കൈമാറി.  എം എച്ച്-60 റോമിയോ വിവിധോദ്ദേശ്യ ഹെലിക്കോപ്റ്ററുകളിൽ രണ്ടെണ്ണം യു എസ് നാവികസേന വെള്ളിയാഴ്‍ച ഇന്ത്യൻ നാവികസേനയ്ക്ക്‌ കൈമാറിയതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.  അമേരിക്കയിലെ സാന്‍ ഡിയാഗോയിലെ നാവികകേന്ദ്രത്തില്‍ നടന്ന കൈമാറ്റ ചടങ്ങില്‍ ഇന്ത്യയുടെ യു എസ് അംബാസിഡര്‍ തരണ്‍ജിത്ത് സിംഗ് സന്ധു പങ്കെടുത്തു. 

അമേരിക്കയില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന 24 കോപ്റ്ററുകളിൽ ആദ്യ രണ്ടെണ്ണമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. പാക്കിസ്‍ഥാനുമായും ചൈനയുമായും സംഘർഷമുള്ള സാഹചര്യത്തിൽ ഇന്ത്യൻ പ്രതിരോധമേഖലയ്ക്ക് കരുത്തുപകരുന്നതാണ് ഈ ഇടപാട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതു കാലാവസ്ഥയിലും ഏത് ഭൂപ്രകൃതിയും പ്രവര്‍ത്തിപ്പിക്കാവുന്ന വിവിധോദ്ദേശ്യ ഹെലികോപ്‍ടറാണിത്. 

ഏതുകാലാവസ്ഥയിലും പ്രവർത്തിപ്പിക്കാവുന്ന വിവിധോദ്ദേശ്യ ഹെലിക്കോപ്റ്ററുകളാണ് എം.എച്ച്-60 റോമിയോ എന്ന് തരൺജിത് സിങ് സന്ധു പറഞ്ഞു. ഇന്ത്യ-യു.എസ്. പ്രതിരോധ ഇടപാട് ഏതാനും വർഷങ്ങൾക്കിടെ 2000 കോടി ഡോളർ കവിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഏകദേശം 1.5 ലക്ഷം കോടി രൂപയോളം വരും.

മുന്‍ യു എസ്  പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനു തൊട്ടുമുന്പ് 2020 ഫെബ്രുവരിയിലാണ് എം.എച്ച്.-60 റോമിയോ ഹെലിക്കോപ്റ്ററുകൾ വാങ്ങുന്നതിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകിയത്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച്‌ അമേരിക്കന്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ വില്‍ക്കപ്പെടുന്ന ഈ ഹെലികോപ്ടറുകളുടെ മൊത്തം വില 240 കോടി അമേരിക്കന്‍ ഡോളറാണ്. ഈ ഹെലിക്കോപ്‍ടർ പറത്തുന്നതിനുള്ള ഇന്ത്യയുടെ ആദ്യസംഘം ഇപ്പോൾ അമേരിക്കയില്‍ പരിശീലനത്തിലാണ്. 

കൈമാറ്റ ചടങ്ങില്‍ അമേരിക്കന്‍ നേവല്‍ എയര്‍ ഫോഴ്‍സിന്റെ വൈസ് അഡ്‌മിറല്‍ കെന്നത്ത് വിറ്റ്‌സെലും ഇന്ത്യന്‍ നാവിക സേനയുടെ വൈസ് അഡ്‌മിറല്‍ രവ്ണീത് സിംഗും ചടങ്ങില്‍ പങ്കെടുത്തു. അമേരിക്കന്‍ നാവികസേനയുടെയും കോപ്‍ടര്‍ നിര്‍മ്മാതാക്കളായ ലോക്ഹീഡ് മാർട്ടിൻ കോർപ്പറേഷന്റെയും ഉന്നത ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധബന്ധം ശക്തിപ്പെടുന്നതിന്‍റെ സൂചന കൂടിയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona    
 

click me!