Latest Videos

കാറിലിരുന്ന് പിസ കഴിച്ച് ബോക്സ് റോഡിലെറിഞ്ഞു, തിരിച്ചെടുക്കാൻ ഡ്രൈവ് ചെയ്യേണ്ടിവന്നത് 80 കിലോമീറ്റർ

By Web TeamFirst Published Nov 3, 2020, 4:48 PM IST
Highlights

പൊതുനിരത്തുകളിൽ മാലിന്യം എറിയുന്നവർ ആരായാലും, അവർ എവിടെ പോയി എന്ന് ഒളിച്ചാലും, തിരികെ അതേ സ്ഥലത്തുതന്നെ കൊണ്ടുവരും എന്ന് സെക്രട്ടറി

അടുത്ത തവണ ഹൈവേയിൽ വണ്ടി നിർത്തി ഭക്ഷണം കഴിച്ച് വേസ്റ്റെല്ലാം സൈഡ് ഗ്ലാസ് തുറന്ന് പുറത്തേക്ക് വലിച്ചെറിയും മുമ്പ് രണ്ടു വട്ടം ആലോചിക്കണം. അങ്ങനെ ചെയ്തിട്ട് തടിതപ്പാൻ എന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി. എന്നാണ്, കർണാടകയിലെ മടിക്കേരിയിൽ നടന്ന ഒരു സംഭവം തെളിയിക്കുന്നത്. കുടക് വഴി കാറിൽ പോയ ചില യുവാക്കൾ പ്രദേശത്തെ ഒരു പിസാ ഷോപ്പിൽ നിന്ന് ഒരു പിസ വാങ്ങി. കാറിൽ ഇരുന്നു തന്നെ അത് ശാപ്പിട്ടു. പിസ പാക്ക് ചെയ്തു തന്നെ കാർഡ് ബോർഡ് ബോക്‌സും ബാക്കിവന്ന മസാലപ്പൊടികളും ഒക്കെ അവർ വിൻഡോ തുറന്ന് നേരെ പുറത്തേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് കാറോടിച്ച് തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് പോവുകയും ചെയ്തു. 

എന്നാൽ, ഇവർ ഇങ്ങനെ ചെയ്തതിനു പിന്നാലെ അവിടെ എത്തിയ കുടക് ടൂറിസം അസോസിയേഷന്റെ ജനറൽ സെക്രട്ടറി റോഡരികിൽ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയ ഭക്ഷ്യാവശിഷ്ടം കണ്ടു കോപിഷ്ഠനായി. നിരവധി വിനോദ സഞ്ചാരികൾ വരുന്ന ഒരിടം എന്ന നിലയിൽ കൂർഗ് മാലിന്യങ്ങൾ നിരന്തരം നിക്ഷേപിക്കപ്പെടുന്ന ഒരു പ്രദേശം കൂടിയാണ്. ഇത് പരിഗണിച്ചു കൊണ്ട് ഇടവിട്ടിടവിട്ട് നിരവധി ചവറ്റു കൊട്ടകൾ സ്ഥാപിച്ചും, മാലിന്യം റോഡിൽ നിക്ഷേപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ബോർഡുകൾ വെച്ചുമൊക്കെ 'ക്ളീൻ കുടക്' പദ്ധതി പരമാവധി കർശനമാക്കിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. 

അതിനിടെ വീണ്ടും ഇങ്ങനെ നിരുത്തരവാദിത്തപരമായ ഒരു പെരുമാറ്റം സന്ദർശകരുടെ ഭാഗത്തു നിന്നുണ്ടായിക്കണ്ടപ്പോൾ അദ്ദേഹം അതിന്റെ പിന്നാലെ പോകാൻ തന്നെ തീരുമാനിച്ചു. ആ ബോക്സ് തുറന്നു നോക്കിയപ്പോൾ അതിൽ ഒരു ബില്ല് കണ്ടു അദ്ദേഹം. ആ ബില്ലിൽ അത് വാങ്ങിച്ചു കഴിച്ച ആളിന്റെ അഡ്രസ്സും ഫോൺ നമ്പറും ഒക്കെ  ഉണ്ടായിരുന്നു. അദ്ദേഹം ഉടനെ ആ നമ്പറിൽ വിളിച്ച്, തിരികെവന്നു റോഡിൽ നേരത്തെ വലിച്ചെറിഞ്ഞ മാലിന്യം പെറുക്കിയെടുക്കാൻ ആവശ്യപ്പെട്ടു. അവർ ക്ഷമാപണമൊക്കെ നടത്തി എങ്കിലും, കുടകിൽ നിന്ന് തിരികെ പോയിക്കഴിഞ്ഞു, ഇനി തിരികെ വന്ന് അത് പെറുക്കാൻ പറ്റില്ല എന്ന് ഫോണെടുത്തവർ അറിയിച്ചു. 

അതോടെ വാശികയറിയ സെക്രട്ടറി ആ അഡ്രസിലുള്ള വീട് നിൽക്കുന്നിടത്തെ ലോക്കൽ പോലീസ് സ്റ്റേഷനിൽ വിളിച്ചു കാര്യം പറഞ്ഞു. ലോക്കൽ സ്റ്റേഷനിൽ നിന്ന് എസ്‌ഐ വിളിച്ച് ആവശ്യപ്പെട്ടിട്ടും തിരികെ 80 കിലോമീറ്റർ ഡ്രൈവ് ചെയ്തു ചെന്ന് ആ മാലിന്യം പെറുക്കാൻ അവർ തയ്യാറായില്ല. 

അതോടെ അവരുടെ പേരുകൾ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിക്കൊണ്ടായി സെക്രട്ടറിയുടെ കാമ്പെയ്ൻ. അതിൽ എന്തായാലും യുവാക്കളുടെ മനസ്സുമാറി. അവർ തിരികെ വരാനും, വേസ്റ്റ് കോരി മാറ്റി അടുത്തുള്ള ചവറ്റുകൂനയായിൽ കൊണ്ടിടാനും അവർ തയ്യാറായി. അവർ ചെയ്തത് തെറ്റാണ് എന്ന് തിരിച്ചറിഞ്ഞ് അത് ഇത്രയും പ്രയാസങ്ങൾ നേരിട്ടിട്ടാണെങ്കിലും തിരുത്താൻ തയ്യാറായ യുവാക്കളെ അധികൃതർ അഭിനന്ദിച്ചു. ഇത്തരത്തിൽ പൊതുനിരത്തുകളിൽ മാലിന്യം എറിയുന്നവർ ആരായാലും, അവർ എവിടെ പോയി എന്ന് ഒളിച്ചാലും, തിരികെ അതേ സ്ഥലത്തുതന്നെ കൊണ്ടുവരും എന്നും ഇതുപോലെ ഇനിയും മാലിന്യം പെറുക്കിക്കും എന്നും സെക്രട്ടറി ഉറപ്പിച്ചു പറയുന്നുണ്ട് ഇപ്പോൾ.

click me!