നിയമലംഘനത്തിന്‍റെ ആറാട്ടെന്ന് എംവിഡി, എങ്കില്‍ ഈ കച്ചവടവും പൂട്ടിക്കണമെന്ന് എതിര്‍പക്ഷം!

By Web TeamFirst Published Aug 10, 2021, 7:20 PM IST
Highlights

വാഹനത്തിനെതിരെ ശക്തമായ നടപടിയെടുത്തിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. സർക്കാറിൽ നികുതി അടച്ചാണ്​ മിക്ക മോഡിഫിക്കേഷന്‍ ആക്​സസറീസുകളും കടകളിലെത്തുന്നതെന്നും ഇത്​ വിൽക്കാനും വാങ്ങാനും അനുമതിയുണ്ടെന്നും എന്നാൽ, വാഹനത്തിൽ ഉപയോഗിക്കാൻ മാത്രം പാടില്ല എന്നത്​ അനീതിയല്ലേ എന്നും ഒരു വിഭാഗം

ഇ ബുൾ ജെറ്റ് വ്ളോഗേഴ്‍സിന്‍റെ അറസ്റ്റില്‍ വിവാദം ഇപ്പോഴും പുകയുകയാണ്. വാഹനത്തിനെതിരെ ശക്തമായ നടപടിയെടുത്തിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാനാണ് നീക്കം. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെൻസ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാൻസ്‌പോർട് കമ്മീഷണർ എഡിജിപി എംആർ അജിത് കുമാറാണ് നടപടിക്ക് നിർദേശം നൽകിയത്. 

കണ്ണൂരിൽ റോഡ് നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ പിടിയിലായ വ്ലോ​ഗർമാരേക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് നിയമലംഘനങ്ങളുടെ പരമ്പരയാണെന്നാണ് അധികൃതര്‍ പറയുന്നത്.  റോഡിൽ വേ​ഗത്തിൽ പോകാൻ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ആംബുലൻസിന്റെ സൈറൺ മുഴക്കിയാണ് അവർ യാത്ര ചെയ്തത്. കേരളത്തിന് പുറത്താണ് സംഭവമെന്നതിനാൽ അന്യസംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെടാൻ ഒരുങ്ങുകയാണ് അധികാരികൾ. തെറ്റുകൾ തിരുത്താൻ ഇ ചലാൻ വഴി സമയം കൊടുത്തിരുന്നു. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കുന്നു. ആഡംബര നികുതിയിൽ വന്ന വ്യത്യാസം ഇ ബുൾജെറ്റ് സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനിൽക്കുന്ന പാർട്ട്സ് പാടില്ല എന്നാണ് നിയമം. എന്നാൽ ഈ നിയമവും ഇ-ബുൾജെറ്റ് ലംഘിച്ചിട്ടുണ്ട്. അംഗീകൃത വാഹനങ്ങളിൽ മാത്രമേ സെർച്ച് ലൈറ്റ് പാടുള്ളൂ. പക്ഷേ വാഹനത്തിൽ അതും കണ്ടെത്തിയിട്ടുണ്ടെന്നും മോട്ടോര്‍വാഹന വകുപ്പ് പറയുന്നു. 

കാരവാനായി മാറ്റിയ വാഹനത്തിന് ആഡംബര നികുതി അടക്കാൻ അവർ തയ്യാറായില്ല. വാഹനം ബ്രാൻഡ് ചെയ്തതിനടക്കം തുക വേറേയും അടക്കാനുണ്ട്. മാധ്യമപ്രവർത്തകരല്ലാതിരുന്നിട്ടും പ്രസ് സ്റ്റിക്കർ ഒട്ടിച്ചതിനും പിഴയുണ്ട്. ഈ പിഴ നൽകാൻ വിസമ്മതിച്ചത് മാത്രമല്ല, ഇതിനെതിരെ ആളെക്കൂട്ടി സർക്കാർ സ്ഥാപനത്തിൽ കുഴപ്പങ്ങളുണ്ടാക്കിയതിനും ഇവർക്കെതിരെ കേസുണ്ട്. 

അതേസമയം സർക്കാറിൽ നികുതി അടച്ചാണ്​ മിക്ക മോഡിഫിക്കേഷന്‍ ആക്​സസറീസുകളും കടകളിലെത്തുന്നതെന്നും ഇത്​ വിൽക്കാനും വാങ്ങാനും അനുമതിയുണ്ടെന്നും എന്നാൽ, വാഹനത്തിൽ ഉപയോഗിക്കാൻ മാത്രം പാടില്ല എന്നത്​ അനീതിയല്ലേ എന്നും ഒരു വിഭാഗം ചോദിക്കുന്നു.  മോ‍ഡിഫിക്കേഷനുകളും അപ്ഗ്രഡേഷനുകളുമെല്ലാം നിർമ്മാതാക്കൾ തന്നെ വാഹനങ്ങളിൽ ചെയ്‍തു കൊടുക്കുന്നുണ്ടെന്നും നിയമപ്രകാരം ഇതൊന്നും തന്നെ ശിക്ഷാർഹവുമല്ലെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.  വാഹന മോഡിഫിക്കേഷനല്ല ബ്യൂട്ടിഫിക്കേഷനാണ് ഇതെന്നാണ് ഇവരുടെ വാദം. അതുകൊണ്ടു തന്നെ നിയമത്തിലെ നൂലാമാലകൾ ഒഴിവാക്കി മറ്റുള്ളവർക്ക്​ ശല്യമാകാത്ത വാഹന ബ്യൂട്ടിഫിക്കേഷൻ അനുവദിക്കണമെന്നും​ ഇവർ പറയുന്നു​. ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ കഞ്ഞികുടി മുട്ടിക്കരുതെന്നും ആവശ്യപ്പെടുന്നുണ്ട് മോഡിഫിക്കേഷന്‍ പ്രേമികള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona  

click me!