കാർ നിർമാണം ബുദ്ധിമുട്ടുള്ള പണിയെന്ന് അമേരിക്കന്‍ മുതലാളി, മാസ് മറുപടിയുമായി ഇന്ത്യന്‍ മുതലാളി!

By Web TeamFirst Published Sep 10, 2021, 1:20 PM IST
Highlights

കാർ നിർമാണം ബുദ്ധിമുട്ടുള്ള പണിയാണെന്നു പറഞ്ഞ അമേരിക്കന്‍ വണ്ടിക്കമ്പനി മുതലാളിക്ക് മറുപടിയുമായി മഹീന്ദ്ര തലവന്‍

കാർ നിർമാണം ബുദ്ധിമുട്ടുള്ള പണിയാണെന്നു പറഞ്ഞ അമേരിക്കന്‍ വാഹന ഭീമനായ ടെസ്‍ലയുടെ തലവന്‍ ഇലോൺ മസ്‍കിന് മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര നൽകിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഈ പാടുള്ള പണി തന്നെയാണ് തങ്ങള്‍ വര്‍ഷങ്ങളായി ചെയ്‍തു കൊണ്ടിരിക്കുന്നത് എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ മറുപടി എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

''കാര്‍നിര്‍മാണം വലിയ പാടുള്ള പണിയാണ്, പോസിറ്റീവ് ക്യാഷ് ഫ്‌ളോയുള്ള കാര്‍നിര്‍മാണം അതിലേറെ പാടുള്ളതും'' എന്നായിരുന്നു ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ്. ഈ ട്വീറ്റിനാണ് മറുപടിയുമായി ആനന്ദ് മഹീന്ദ്ര തന്നെയെത്തിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല മുതലാളിയുടെ വാദത്തെ ശരിവച്ചാണ് ആനന്ദ് മഹീന്ദ്രയുടെ രസകരമായ മറുപടി. പക്ഷേ അതില്‍ ഒരു വലിയ കാര്യം കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഈ പാടുള്ള പണി തന്നെയാണ് തങ്ങള്‍ വര്‍ഷങ്ങളായി ചെയ്‍തുകൊണ്ടിരിക്കുന്നത് എന്നായിരുന്നു അത്.

എലോണ്‍മസ്‌കിന്റെ ട്വീറ്റിന് മറുപടിയായി ആനന്ദ് മഹീന്ദ്ര പറഞ്ഞതിങ്ങനെ, 'നിങ്ങള്‍ പറഞ്ഞത് ശരിയാണ് ഇലോണ്‍ മസ്‌ക്,' ഞങ്ങള്‍ പതിറ്റാണ്ടുകളായി അത് ചെയ്‍തുകൊണ്ടിരിക്കുന്നു. ഇപ്പോഴും കഠിനാധ്വാനം ചെയ്‍തു കൊണ്ടേ ഇരിക്കുന്നു, (വിയര്‍ക്കുകയും അതില്‍ അടിമപ്പെടുകയും ചെയ്യുന്നു). ഇത് ഞങ്ങളുടെ ജീവിതരീതിയാണ്...'

വളരെ താമസിയാതെ തന്നെ ആയിരക്കണക്കിന് ലൈക്കുകളും കമന്‍റുകളുമായി ആനന്ദ് മഹീന്ദ്രയുടെ മറുപടി വൈറലായി. ട്വിറ്ററില്‍ സംഭവം ചര്‍ച്ചയായി. ഇലക്ട്രിക് കാറുകളുമായി ഇന്ത്യയിലേക്ക് ചുവടുവയ്ക്കാനിരിക്കുന്ന ടെസ്ലയെ ജനങ്ങള്‍ കൌതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. ഓട്ടോമൊബൈല്‍ രംഗത്ത് മാത്രമല്ല, ബിസിനസ് സാമൂഹിക വിഷയങ്ങളില്‍ ആനന്ദ് മഹീന്ദ്രയുടെ സോഷ്യല്‍മീഡിയ ഇടപെടലുകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ടെന്നതും ഈ മറുപടിയെ വേറിട്ടതാക്കുന്നു. പുതുതായി വ്യവസായത്തിലേക്കിറങ്ങുന്നവരാണ് അധികം പാടുപെടുന്നതെന്ന് തന്റെ തന്നെ ട്വീറ്റിന് താഴെ വീണ്ടും ഇലോണ്‍ മസ്‌ക് ഫോളോ- അപ് ട്വീറ്റും നടത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!