ഒടുവിൽ എല്ലാം ശരിയാകുന്നു! ടെസ്‍ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം ഇവിടെ, മാസവാടക കേട്ട് ഞെട്ടരുത്!

Published : Mar 02, 2025, 02:43 PM IST
ഒടുവിൽ എല്ലാം ശരിയാകുന്നു! ടെസ്‍ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം ഇവിടെ, മാസവാടക കേട്ട് ഞെട്ടരുത്!

Synopsis

ഇന്ത്യയിലെ ആദ്യ ടെസ്‌ല ഷോറൂം മുംബൈയിൽ തുറക്കുന്നു. ബാന്ദ്ര കുർള കോംപ്ലക്സിൽ 4,000 ചതുരശ്ര അടി സ്ഥലമാണ് ഇതിനായി വാടകയ്‌ക്കെടുത്തിരിക്കുന്നത്. പ്രതിമാസം 35 ലക്ഷം രൂപയാണ് വാടക.

ലോൺ മസ്‌കിന്റെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ല ഇന്ത്യൻ വിപണി പ്രവേശനത്തിന് വളരെക്കാലമായി കാത്തിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ഈ കാത്തിരിപ്പ് വളരെ വേഗം അവസാനിക്കുമെന്ന് വ്യക്തമാക്കുന്ന ചില വാർത്തകൾ പുറത്തുവന്നു. ഇപ്പോഴിതാ അമേരിക്കൻ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ല ഇന്ത്യയിലെ ആദ്യ ഷോറൂമിനുള്ള സ്ഥലം ഉറപ്പിച്ചതായാണ് പുതിയ റിപ്പോ‍ട്ടുകൾ. ഇന്ത്യയിലെ ആദ്യത്തെ ഷോറൂമിനായി കമ്പനി മുംബൈയിൽ ഏകദേശം 4,000 ചതുരശ്ര അടി സ്ഥലം വാടകയ്‌ക്കെടുത്തിട്ടുണ്ട്. 

മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള മേക്കർ മാക്സിറ്റിയിൽ ടെസ്‌ല തങ്ങളുടെ ആദ്യ ഷോറൂം തുറക്കാൻ ഒരുങ്ങുന്നതായി ഹിന്ദുസഥാൻ ടൈംസ് റിപ്പോ‍ർട്ട് ചെയ്യുന്നു.ഷോറൂമിന്റെ പ്രതിമാസ വാടക എത്രയാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. ഇതിന്റെ പ്രതിമാസ വാടക 35 ലക്ഷം രൂപയായിരിക്കും. ഏകദേശം 3,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കാർ ഷോറൂം മേക്കർ മാക്സിറ്റിയിലെ വാണിജ്യ ടവറിന്റെ താഴത്തെ നിലയിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും ചെലവേറിയ വാണിജ്യ റിയൽ എസ്റ്റേറ്റ് കേന്ദ്രമാണ് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സ് അഥവാ ബി.കെ.സി.

ബികെസിയിൽ ആദ്യ ഷോറൂം തുറക്കുന്നതിനുള്ള കരാർ ടെസ്‌ല അന്തിമമാക്കിയതായി പ്രോപ്പർട്ടി മാർക്കറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി, ബികെസിയിലെ ഒരു വാണിജ്യ ടവറിന്റെ താഴത്തെ നിലയിൽ 4,000 ചതുരശ്ര അടി സ്ഥലം കമ്പനി വാടകയ്‌ക്കെടുത്തിട്ടുണ്ട്. ചതുരശ്ര അടിക്ക് 900 രൂപ പ്രതിമാസ വാടകയാണെന്നാണ് റിപ്പോ‍ട്ടുകൾ. അതായത് പ്രതിമാസം ഏകദേശം 35 ലക്ഷം രൂപ വരും. വാഹന വ്യവസായത്തിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ ഷോറൂം വാടക ഇടപാടാണ് ഇതെന്നാണ് റിപ്പോ‍ട്ടുകൾ. 

ടെസ്‌ല ഈ സ്ഥലം അഞ്ച് വർഷത്തേക്ക് വാടകയ്‌ക്കെടുത്തിരിക്കുകയാണ് എന്നാണ് റിപ്പോ‍ട്ടുകൾ. അവിടെ കമ്പനി തങ്ങളുടെ കാറുകളുടെ വിശാലമായ ശ്രേണി പ്രദർശിപ്പിക്കും.  ഏപ്രിൽ മുതൽ കമ്പനിക്ക് കാറുകൾ വിൽക്കാൻ തുടങ്ങാൻ സാധ്യതയുണ്ട്. മുംബൈയ്ക്ക് പുറമെ, രാജ്യ തലസ്ഥാനമായ ഡൽഹിയിലും ഒരു ഷോറൂം തുറക്കാൻ ടെസ്‌ല പദ്ധതിയിടുന്നു. ഇതിനായി കമ്പനി ഡൽഹിയിലെ എയ്റോസിറ്റിയിൽ ഒരു ഷോറൂമിനായി സ്ഥലം അന്വേഷിക്കുകയാണ്. അതിന്റെ വലിപ്പം മുംബൈയേക്കാൾ വലുതായിരിക്കും. ഡൽഹി ഷോറൂമിനായി ടെസ്‌ല 4,000 ചതുരശ്ര അടി സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇതിന്റെ വാടക പ്രതിമാസം 25 ലക്ഷം രൂപ ആയിരിക്കും. 

ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് (ഐജിഐ) സമീപമുള്ള ബ്രൂക്ക്ഫീൽഡ് പ്രോപ്പർട്ടിയിൽ സ്ഥിതി ചെയ്യുന്ന എയ്‌റോസിറ്റി ഏരിയയിലാണ് ടെസ്‌ല ഷോറൂം തുറക്കാൻ ഒരുങ്ങുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. എങ്കിലും, ഇതുസംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി ഒരു വിവരവും പങ്കുവെച്ചിട്ടില്ല. ടെസ്‌ല കാറുകൾ ലോകമെമ്പാടും വളരെ ജനപ്രിയമാണ്. എലോൺ മസ്‌ക് വളരെക്കാലമായി ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നിരുന്നാലും, താരിഫ് കാരണം ഒരു തീരുമാനമെടുക്കാൻ കഴിഞ്ഞില്ല.

ഏതാനും ആഴ്ചകൾക്ക് മുമ്പ് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു യുഎസ് പര്യടനത്തിലായിരുന്നു. അവിടെവച്ച് അദ്ദേഹം എലോൺ മസ്‍കിനെ കണ്ടു. ഈ കൂടിക്കാഴ്ചയ്ക്ക്  ശേഷമാണ് ഇന്ത്യയിലെ ഡൽഹി, മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകൾ ടെസ്‌ല പ്രഖ്യാപിച്ചത്. ഇതിനായി, കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ സ്ഥലങ്ങളിലേക്കുള്ള 13 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

അതേസമയം മുംബൈ ഷോറൂമിന്റെ അന്തിമരൂപം പുറത്തുവന്നതോടെ, ടെസ്‌ലയ്ക്ക് ഇന്ത്യയിൽ വളരെ വേഗം കാറുകൾ പുറത്തിറക്കാൻ കഴിയുമെന്ന് ഉറപ്പായിരിക്കുന്നു. ഇതിനുപുറമെ, ഇന്ത്യൻ സർക്കാർ ഉടൻ തന്നെ ഇലക്ട്രിക് വാഹന നയത്തിൽ മാറ്റങ്ങൾ വരുത്തിയേക്കുമെന്നും റിപ്പോ‍ട്ടുകൾ ഉണ്ട്. വിദേശത്ത് നിന്ന് വരുന്ന കാറുകളുടെ കസ്റ്റം തീരുവ 15 ശതമാനമായി കുറയ്ക്കാനാണ് നീക്കം. ഇതിൽ നിന്ന് ഏറ്റവും വലിയ നേട്ടം ലഭിക്കുക ടെസ്‌ലയ്ക്കായിരിക്കും. ഇതുമൂലം കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിൽ കാറുകൾ അവതരിപ്പിക്കാൻ കഴിയും.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം