Vehicles| ഉത്സവ കാലത്തും വണ്ടി വാങ്ങാന്‍ ആളില്ല, അവസ്ഥ മോശമെന്ന് ഡീലര്‍മാര്‍!

By Web TeamFirst Published Nov 22, 2021, 12:44 PM IST
Highlights

ഈ വർഷത്തെ ഉത്സവ സീസണിലെ വാഹന വിൽപ്പന കഴിഞ്ഞ ഒരു ദശാബ്‍ദത്തിനിടയിലെ ഏറ്റവും മോശമായിരുന്നുവെന്ന് രാജ്യത്തെ വാഹന ഡീലര്‍മാരുടെ സംഘടനയായ ഫാഡ 

രാജ്യത്തെ വാഹന വിപണികള്‍ ഉള്‍പ്പെടെ വിവിധ വ്യാപാര മേഖലകളുടെ കൊയ്ത്തുകാലമാണ് ഉത്സവ സീസണ്‍ (Festive season) . എന്നാല്‍ ഈ വർഷത്തെ ഉത്സവ സീസണിലെ വാഹന വിൽപ്പന കഴിഞ്ഞ ഒരു ദശാബ്‍ദത്തിനിടയിലെ ഏറ്റവും മോശമായിരുന്നുവെന്ന് രാജ്യത്തെ വാഹന ഡീലര്‍മാരുടെ സംഘടനയായ ഫാഡ (FADA) പറയുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്സവ സീസണിൽ കാർ, ഇരുചക്രവാഹന വിൽപന പൊതുവെ വർധിക്കുകയാണ് പതിവ്. എന്നാൽ ഈ വർഷം അതുണ്ടായില്ലെന്നാണ് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (FADA) 2021 ഒക്‌ടോബറിൽ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഈ കണ്കകുകള്‍ പ്രകാരം, കാറുകളും എസ്‌യുവികളും (പാസഞ്ചർ വാഹനങ്ങൾ), ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, വാണിജ്യ വാഹനങ്ങളും (CV) ട്രാക്ടറുകള്‍ എന്നിവ ഉൾപ്പെടെ മൊത്തത്തിലുള്ള റീട്ടെയിൽ വിൽപ്പന 13,64,526 യൂണിറ്റാണ്. ഈ കണക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനത്തിലധികം കുറവാണ്. കൂടാതെ 2019 ഒക്ടോബറിലെ കോവിഡിന് മുമ്പുള്ള സമയവുമായി താരതമ്യം ചെയ്യുമ്പോൾ 26 ശതമാനം കുറവാണ്.

2021 ഒക്‌ടോബർ 7 മുതൽ നവംബർ 17 വരെയുള്ള, 42 ദിവസത്തെ ഉത്സവ കാലയളവിൽ എല്ലാ വിഭാഗങ്ങളിലായി മൊത്തം 20,90,893 യൂണിറ്റുകൾ ചില്ലറ വിൽപ്പന നടത്തിയെന്നാണ് കണക്കുകള്‍. 2020ലെയും 2019ലെയും ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ സംഖ്യ യഥാക്രമം 18 ശതമാനവും 21 ശതമാനവും കുറവാണ്. സെമി കണ്ടക്ടർ ക്ഷാമവും കുറഞ്ഞ ഡിമാൻഡും കാരണം വാഹന ഡീലർമാർക്ക് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം ഉത്സവകാലമായിരുന്നു ഇതെന്നും എൻട്രി ലെവൽ ടൂവീലർ സെഗ്‌മെന്‍റ് തകര്ച്ചയിലാണെന്നും ഫാഡ പറയുന്നു. ഈ വർഷം ഇരുചക്രവാഹന, പാസഞ്ചർ വാഹന വിൽപന കുറഞ്ഞെങ്കിലും താരതമ്യേന ഇരുചക്ര വാഹനങ്ങളേക്കാള്‍ പാസഞ്ചര്‍ വാഹന വിഭാഗത്തിന് മികച്ച പ്രകടനം കാഴ്‍ചവെക്കാൻ സാധിച്ചുവെന്നതും ശ്രദ്ധേയമാണ്.

ചിപ്പ് ക്ഷാമം മൂലം, ഉയർന്ന ആരോഗ്യകരമായ ഡിമാൻഡ് ഉണ്ടായിരുന്നിട്ടും, എസ്‌യുവി, കോംപാക്റ്റ് എസ്‌യുവി, ലക്ഷ്വറി വിഭാഗങ്ങൾ എന്ന നിലയിൽ ഉപഭോക്താവിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വന്നതായി ഫാഡ പ്രസിഡണ്ട് വിങ്കേഷ് ഗുലാത്തി പറയുന്നു. വാഹനങ്ങളുടെ വലിയ ക്ഷാമത്തിന് വിപണി സാക്ഷ്യം വഹിച്ചെന്നും ഒപ്പം മറുവശത്ത്, ഈ വിഭാഗത്തിലെ ഉപഭോക്താക്കൾ അവരുടെ കുടുംബങ്ങളുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ കാരണം പണം ചെലവാക്കുന്നത് തുടരുന്നതിനാൽ എൻട്രി ലെവൽ കാറുകൾക്ക് ഡിമാൻഡ് കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. 

ടൂവീലര്‍ വിഭാഗം കുറഞ്ഞ വിൽപ്പനയുടെ ആഘാതം നേരിടുന്നു, എൻട്രി ലെവൽ വിഭാഗമാണ് ഏറ്റവും വലിയ നഷ്‍ടത്തിലെന്നും സ്‌കൂട്ടർ, ബൈക്ക് വിൽപ്പനയെക്കുറിച്ച് ഫാഡ പറയുന്നു. ചില്ലറവ്യാപാരമേഖലയിലെ ഗ്രാമീണ ദുരിതം, അടിക്കടിയുള്ള വിലക്കയറ്റം, മൂന്നക്ക ഇന്ധന വിലകൾ, ആരോഗ്യ പരിപാലന അടിയന്തര സാഹചര്യങ്ങൾക്കായി പണം ലാഭിക്കുന്ന ഉപഭോക്താക്കൾ എന്നിവ ഡിമാൻഡ് കുറയ്ക്കുന്നതിന് ഇടയാക്കി. 

അതേസമയം പാസഞ്ചര്‍ വാഹന വിപണി പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്. ഉത്സവ സീസൺ അവസാനിക്കാറായിട്ടും, പിവി വിഭാഗത്തിൽ ഓർഡറുകളുടെ പ്രവണത ഫാഡ റിപ്പോർട്ട് ചെയ്യുന്നു. കാർ നിർമ്മാതാക്കൾക്ക് ഡിമാൻഡിനനുസരിച്ച് വിതരണം പുന:ക്രമീകരിക്കാൻ കഴിയുമെങ്കിൽ, വർഷാവസാനത്തിൽ നല്ലൊരു റീട്ടെയിൽ വില്‍പ്പന നടന്നേക്കുമെന്നും ഫാഡ പ്രതീക്ഷിക്കുന്നു. മികച്ച ഓഫറുകളും മറ്റും നല്‍കി ഉപഭോക്താക്കളെ വിപണിയിലേക്ക് ആകര്‍ഷിക്കാനാണ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളോട് ഫാഡ ആവശ്യപ്പെടുന്നത്. 

click me!