ലാലേട്ടനു പിന്നാലെ ഇന്നോവയുടെ വല്ല്യേട്ടനെ സ്വന്തമാക്കി ഫഹദും!

By Web TeamFirst Published Dec 31, 2020, 9:43 AM IST
Highlights

വെല്‍ഫയര്‍ ഉള്‍പ്പെടെ കോടികള്‍ വിലയുള്ള രണ്ട് ആഡംബര കാറുകളാണ് ഫഹദ് ഫാസില്‍ ഈ വർഷം സ്വന്തമാക്കിയത്

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ അത്യാഡംബര എംപിവി ആയ വെല്‍ഫയറിനെ 2020 ഫെബ്രുവരി 26-നാണ് ഇന്ത്യന്‍ വിപണയിൽ അവതരിപ്പിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ സെലിബ്രിറ്റികളുടെ ഇഷ്‍ടവാഹനമായി മാറിയ വെല്‍ഫയര്‍ ആദ്യം സ്വന്തമാക്കിയ മലയാളി സെലിബ്രിറ്റികളിലൊരാള്‍ സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്നെയായിരുന്നു. പിന്നാലെ സുരേഷ് ഗോപിയും ഇതേ മോഡല്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ യുവതാരം ഫഹദ് ഫാസിലും പുതിയ വെൽഫെയർ ഗാരേജില്‍ എത്തിച്ചിരിക്കുന്നതായാണ് വാര്‍ത്തകള്‍. 

ബേർണിങ് ബ്ലാക്ക്,  വൈറ്റ് പേൾ,  ഗ്രാഫൈറ്റ്,  ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിലാണ് വെൽഫെയർ വിപണിയിലെത്തുന്നത്.  ഇതില്‍ വെള്ള നിറത്തിനാണ് ഡിമാൻഡ് കൂടുതൽ. ഫഹദിന്റെ വെൽഫെയറിന്റെയും നിറം വെളുപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 83.99 ലക്ഷം രൂപ വരെയാണ് വെല്‍ഫയറിന്റെ കേരളത്തിലെ എക്‌സ്‌ഷോറൂം വില. നികുതി അടക്കം ഓൺറോഡ് വില ഏകദേശം 1.06 കോടി രൂപയോളം വരും.  

വെല്‍ഫയര്‍ ഉള്‍പ്പടെ രണ്ട് ആഡംബര കാറുകളാണ് ഫഹദ് ഈ വർഷം വാങ്ങിയത്. ഒക്ടോബറിൽ പോർഷ 911 സ്പോർട്‍സ് കാറും അദ്ദേഹം സ്വന്തമാക്കിയിരുന്നു. മുമ്പു തന്നെ ആഡംബര വാഹനങ്ങളാല്‍ സമ്പന്നമാണ് ഫഹദിന്റെ വാഹന ശേഖരം. ഫിയറ്റ് പുന്റോയാണ് ഫഹദിന്റെ ആദ്യ കാല കാറുകളിൽ ഒന്ന്. പിന്നീട് ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ള്യുവിന്റെ കൂപെ എസ്‌യുവി മോഡൽ X6 ഫാഫാ എത്തി. മെഴ്‌സിഡീസ് ബെൻസിന്റെ പെർഫോമൻസ് ഡിവിഷനായ എഎംജി ഇ 63, റേഞ്ച് റോവര്‍ വോഗ്, ഔഡിയുടെ എ6 സെഡാൻ തുടങ്ങിയവ ഫഹദിന്‍റെ ഗാരേജിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം ടൊയോട്ട വെല്‍ഫയറിനെപ്പറ്റി കൂടുതല്‍ പറയുമ്പോള്‍ ഇറക്കുമതി ചെയ്‍ത വാഹനങ്ങളുടെ പ്രാദേശിക സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് എംപിവി ഇന്ത്യയിലെത്തിയത്. ഒരു മാസം 60 യൂണിറ്റാണ് ടൊയോട്ട ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെ മൂന്നുപേരാണ് ആദ്യഘട്ടത്തില്‍ കേരളത്തിൽ ഈ വാഹനം സ്വന്തമാക്കിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എക്സ്‌ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റില്‍ മാത്രമാണ് വെല്‍ഫയര്‍ ഇന്ത്യയിലെത്തുന്നത്. മധ്യനിരയില്‍ പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്പോട്ട് എന്നിവയാണ് ഇന്റീരിയറിലുള്ളത്. ഫ്ലാക്‌സൻ, ബ്ലാക്ക് എന്നിവയാണ് വാഹനത്തിന്റെ ഇന്റീരിയർ നിറങ്ങൾ. 

17 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ ഫോർ സിലണ്ടർ ഗ്യാസോലൈൻ ഹൈബ്രിഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍-പിന്‍ ആക്‌സിലുകളില്‍ 105കെവി,  50കെവി എന്നിങ്ങനെ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ഇത് ബാഹ്യമായ ചാർജിങ് ഇല്ലാതെ തന്നെ യാത്രയുടെ 40ശതമാനം ദൂരവും 60ശതമാനം സമയവും  സീറോ എമിഷൻ ഇലക്ട്രിക് മോഡിൽ യാത്ര ചെയ്യാൻ സഹായിക്കുന്നു. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

4,935 എംഎം നീളവും 1,850 എംഎം വീതിയും 1,935 എംഎം ഉയരവുമുണ്ട് വാഹനത്തിന്. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയറിന്റെ രണ്ടാമത്തെ നിരയിൽ വലുപ്പമുള്ള എക്സികൂട്ടിവ് ലോഞ്ച് സീറ്റുകൾ നൽകിയിരിക്കുന്നു. റിക്ലൈൻ ചെയ്യാൻ സാധിക്കുന്ന ബാക്ക് റസ്റ്റ്‌,  നീളവും ആംഗിളും ക്രമീകരിക്കാൻ കഴിയുന്ന ഇലക്ട്രിക് ലെഗ് റെസ്റ്റ് മുന്നിലേക്കും പിന്നിലേക്കും നീക്കാനുള്ള സൗകര്യം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.  ആം റെസ്റ്റിൽ പ്രത്യേക കൺസോളും സജ്ജീകരിച്ചിരിക്കുന്നു.  ഒരു ബട്ടൺ അമർത്തിയാൽ മധ്യനിര സീറ്റുകൾ ഒരു പരിധിവരെ കിടക്കയായി മാറ്റാൻ കഴിയും. നിവർത്താനും മടക്കാനും കഴിയുന്ന പ്രത്യേകതരം ടേബിളുകളും വാഹനത്തിലുണ്ട്.

മികച്ച തുകൽ ഉപയോഗിച്ചുകൊണ്ടുള്ള അപ്ഹോൾസ്റ്ററി,  ത്രീ സോൺ എസി,  16 കളർ ആംബിയന്റ് റൂഫ് ഇല്യൂമിനേഷൻ, സൺ ബ്ലൈൻഡ്‌സ്,  മൂൺ റൂഫ്,  വി ഐ പി പേർസണൽ സ്പോട്ലൈറ്റ്സ്,  വൺ ടച് പവർ സ്ലൈഡ് സൈഡ് ഡോറുകൾ,  ഗ്രീൻ ടിന്റഡ് അകോസ്റ്റിക് ഗ്ലാസ്സുകൾ എന്നിവയും വെൽഫെയറിന്റെ ആഡംബത്തിന്റെ മാറ്റ് കൂട്ടുന്നു.

സ്മാർട്ട്‌ എൻട്രിയോടുകൂടിയുള്ള പുഷ് സ്റ്റാർട്ട്‌,  ബ്രേക്ക് ഹോൾടോഡുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്,  തുടങ്ങിയ നിരവധി അത്യാധുനിക ആഡംബര ഫീച്ചറുകളും വെൽഫെയറിലുണ്ട്. 17സ്പീക്കർ ജെബിഎൽ പ്രീമിയം ഓഡിയോ ഉൾപ്പെടെ ഏറ്റവും മികച്ച ഇന്ഫോടെയ്ന്മെന്റ് സംവിധാനമാണ് മറ്റൊരു പ്രത്യേകത.  ആപ്പിൾ കാർ പ്ലേ,  ആൻഡ്രോയ്ഡ് ഓട്ടോ,  തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. ഏഴ് എസ്ആർഎസ് എയർ ബാഗുകൾ,  എച്എസി, വി എസ് സി,  പനോരമിക് വ്യൂ മോണിറ്റർ,  എമർജൻസി ബ്രേക്ക് സിഗ്നൽ,  വിഡിഐഎം എന്നിവ ഉൾപ്പെടെ വെൽഫെയർ സുരക്ഷക്കും വളരെ പ്രാധാന്യം നൽകിയിരിക്കുന്നു. 

click me!