നിയമലംഘനങ്ങള്‍ക്ക് പിഴയടച്ചു; അമിതാഭ് ബച്ചന്‍റെ പേരിലുള്ള കാര്‍ വിട്ടുകൊടുത്തു

By Web TeamFirst Published Aug 29, 2021, 3:31 PM IST
Highlights

അടുത്തിടെ ബോളിവുഡ് താരം അമിതാബ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തത് വാഹനലോകത്തും സിനിമാ ലോകത്തുമൊക്കെ വന്‍ ചര്‍ച്ചയായിരുന്നു. നികുതി അടയ്ക്കാത്തതിനും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ രേഖകള്‍ ഇല്ലാത്തതിനും കര്‍ണാടക മോട്ടോര്‍വാഹന വകുപ്പാണ് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്തത്

അടുത്തിടെ ബോളിവുഡ് താരം അമിതാബ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തത് വാഹനലോകത്തും സിനിമാ ലോകത്തുമൊക്കെ വന്‍ ചര്‍ച്ചയായിരുന്നു. നികുതി അടയ്ക്കാത്തതിനും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ രേഖകള്‍ ഇല്ലാത്തതിനും കര്‍ണാടക മോട്ടോര്‍വാഹന വകുപ്പാണ് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്തത്.  2019ല്‍ ബെംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന്‍ വിറ്റതാണ് പിടിച്ചെടുത്ത കാര്‍.

ഈ കാര്‍ വാങ്ങിയ വ്യക്തി ഇതുവരെ ഇന്‍ഷൂറന്‍സ് പുതുക്കിയിട്ടില്ലെന്നും രേഖകള്‍ പ്രകാരം കാര്‍ ഇപ്പോഴും അമിതാഭ് ബച്ചന്റെ പേരിലാണ് ഉള്ളതെന്നും  ഗതാഗത വകുപ്പിന്റെ അഡീഷണൽ കമ്മീഷണർ വ്യക്തമാക്കിയിരുന്നു. ബച്ചന്റേത് ഉള്‍പ്പടെ ഏഴ് ലക്ഷ്വറി കാറുകളാണ് മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. അധികൃതര്‍ വാഹനം പിടിച്ചെടുക്കുന്ന സമയത്ത് സല്‍മാന്‍ ഖാന്‍ എന്ന വ്യക്തിയായിരുന്നു ബച്ചന്‍റേ പേരിലുള്ള വാഹനം ഓടിച്ചിരുന്നത് എന്നതായിരുന്നു മറ്റൊരു കൌതുകം.

എന്തായാലും ഇപ്പോള്‍ ഈ ആഡംബര കാര്‍ വിട്ടുകൊടുത്തതായാണ് പുതിയ റിപ്പോര്‍ട്ട്. ഉടമ പിഴയടച്ചതിനെത്തുടര്‍ന്നാണ് നടപടി. 5,500 രൂപ പിഴ അടച്ച ശേഷമാണ് കാറിന്റെ നിലവിലെ ഉടമയ്ക്ക് വാഹനം വിട്ടുനല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 3000 രൂപയും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 500 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2000 രൂപയുമാണ് പിഴ അടച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2019-ല്‍ അമിതാഭ് ബച്ചന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്‍ത റോള്‍സ് റോയ്സ് ഉള്‍പ്പെടെ 15 ആഡംബരകാറുകളാണ് കഴിഞ്ഞ ഞായറാഴ്ച ഗതാഗതവകുപ്പുദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.  അമിതാഭ് ബച്ചന്റെ പേരിലുള്ള 16 കോടി രൂപയുടെ കാര്‍ മഹാരാഷ്ട്രയിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പിന്നീട് ബെംഗളൂരുവിലെ വ്യവസായി ആറുകോടി രൂപയ്ക്ക് കാര്‍ വാങ്ങിയെങ്കിലും കാറിന്റെ രേഖകള്‍ ഇപ്പോഴും ബച്ചന്റെ പേരില്‍ത്തന്നെയാണ്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇത്തരം കാറുകൾ പിടിച്ചെടുക്കാൻ ബംഗളൂരു യുബി സിറ്റിക്ക് സമീപം ആഗസ്റ്റ് 22 ന് വൈകുന്നേരം ബെംഗളൂരു ആർടിഒ പ്രത്യേക പരിശോധന ആരംഭിച്ചിരുന്നു. ഈ പരിശോധനയിലാണ് അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള റോൾസ് റോയിസ് ഫാന്റം ഉൾപ്പെടെയുള്ളവ പിടികൂടിയത്. എല്ലാ വാഹനങ്ങളും സിറ്റി ആർടിഒയുടെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

വാഹനങ്ങളുടെ എല്ലാ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ലെങ്കിലും, വിവിധ ഹൈ-എൻഡ് വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിച്ചെടുത്ത കാറുകളുടെ പട്ടികയിൽ റോൾസ് റോയിസ് ഫാന്റം, ലാൻഡ് റോവർ റേഞ്ച് റോവർ ഇവോക്ക്, ജാഗ്വാർ XJ L, ഫെരാരി, ഔഡി R8, പോർഷെ തുടങ്ങിയവ ഉൾപ്പെടുന്നു. പരിവാഹൻ സേവ വെബ്സൈറ്റിൽ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് ബെംഗളൂരു ആർടിഒ പറയുന്നു. ഈ വാഹനങ്ങള്‍ കർണാടക ഒഴികെയുള്ള വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‍തവയാണെന്നാണ് അധികൃതര്‍ പറയുന്നത്.

സംസ്ഥാനത്തിന് പുറത്തുള്ള രജിസ്ട്രേഷനുകളുള്ള കാറുകളുടെ കാര്യത്തിൽ ഏറ്റവും കർശനമായ നിയമങ്ങളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കർണാടക. ഇന്ത്യയിലെ ഏറ്റവും ഉയർന്ന റോഡ് നികുതിയുള്ള സംസ്ഥാനം കൂടിയാണ് കർണാടകം. അതുകൊണ്ടു തന്നെ ലക്ഷക്കണക്കിന് രൂപ ലാഭിക്കാൻ അയൽ സംസ്ഥാനങ്ങളിൽ വാഹനം രജിസ്റ്റർ ചെയ്യാനാണ് തദ്ദേശവാസികളായ മിക്ക കാർ ഉടമകളും താത്‍പര്യപ്പെടുന്നത്. ഈ നടപടികളിലൂടെ, കർണാടക സര്‍ക്കാരിന് വലിയ വരുമാന നഷ്‍ടം സംഭവിക്കുന്നുണ്ട്.  അതുകൊണ്ടാണ് കര്‍ശന പരിശോധനയുമായി അധികൃതര്‍ രംഗത്തെത്തുന്നത്.

click me!