
ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ ആദ്യത്തെ എംജി സെലക്ട് എക്സ്പീരിയൻസ് സെന്‍റർ ന്യൂഡൽഹിയിൽ ആരംഭിച്ചു. ഡൽഹി കാബിനറ്റ് മന്ത്രി പ്രവേഷ് വർമ്മയാണ് ഈ പ്രീമിയം എംജി ഷോറൂം ഉദ്ഘാടനം ചെയ്തത്. എംജി സെലക്ട് വഴി ആയിരിക്കും കമ്പനി തങ്ങളുടെ പ്രീമിയം ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. കമ്പനിയുടെ എംജി സൈബർസ്റ്റർ, എംജി എം9 തുടങ്ങിയ മോഡലുകൾ ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യയിൽ ആഡംബര കാറുകൾക്കായുള്ള ഡിമാൻഡ് അതിവേഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ പുതിയ പ്രീമിയം ബ്രാൻഡ് പ്ലാറ്റ്‌ഫോമായ എംജി സെലക്ടിലൂടെ വ്യത്യസ്‍തമായ ഒരു പാത സ്വീകരിച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യയിൽ ആഡംബര വാഹനങ്ങളുടെ ഉപയോഗം അതിവേഗം വർദ്ധിച്ചു എന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ അനുരാഗ് മെഹ്‌റോത്ര പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ, കാറുകൾ വിൽക്കുക മാത്രമല്ല, ഉപഭോക്താക്കൾക്ക് കാർ ഉടമസ്ഥതയുടെ തികച്ചും പുതിയതും മികച്ചതുമായ അനുഭവം നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും അദ്ദേഹം ഈ സംരംഭത്തെക്കുറിച്ച് വ്യക്തമാക്കി.
കമ്പനി ഇപ്പോൾ തങ്ങളുടെ പ്രീമിയം ബ്രാൻഡായ എംജി സെലക്ട് രാജ്യത്തുടനീളം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. രാജ്യത്തെ 13 പ്രധാന നഗരങ്ങളിലായി 14 എംജി സെലക്ട് എക്സ്പീരിയൻസ് സെന്ററുകൾ തുറക്കാൻ കമ്പനി പദ്ധതിയിടുന്നു. വിപുലീകരണ പദ്ധതിയുടെ ഭാഗമായി, 2025 മൂന്നാം പാദത്തിന്റെ അവസാനത്തോടെയാണ് രാജ്യത്തുടനീളം പുതിയ എംജി സെലക്ട് എക്സ്പീരിയൻസ് സെന്ററുകൾ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ ആരംഭിക്കുക. ആഡംബരവും എക്സ്ക്ലൂസീവ് കാറുകളും വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് എത്തിച്ചേരാൻ ഇത് എംജിയെ പ്രാപ്തമാക്കും. മാത്രമല്ല രാജ്യവ്യാപകമായി ആഡംബര കാർ വാങ്ങുന്നവരിലേക്ക് ഇത് ബ്രാൻഡിനെ കൂടുതൽ അടുപ്പിക്കും. കാറുകൾ വിൽക്കുന്നതിന് മാത്രമല്ല, ഇവിടെ വരുന്നവർക്ക് വ്യത്യസ്തവും സാങ്കേതികവിദ്യ നിറഞ്ഞതുമായ കാർ അനുഭവം ലഭിക്കും.
എംജി സെലക്ട് ഓരോ ഉപഭോക്താവിനും ഒരു ക്യൂറേറ്റഡ് യാത്ര വാഗ്ദാനം ചെയ്യുന്നു, എക്സ്ക്ലൂസീവ്, ടെക് അധിഷ്ഠിത അനുഭവങ്ങളും എംജി സൈബർസ്റ്റർ, എംജി എം9 പ്രസിഡൻഷ്യൽ ലിമോസിൻ തുടങ്ങിയ മോഡലുകളുടെ ഒരു പ്രദർശനവും വാഗ്ദാനം ചെയ്യുന്നു. ഇവ രണ്ടും നിലവിൽ ഡൽഹി സെന്ററിൽ പ്രദർശിപ്പിച്ചിരിക്കുന്നു. അതേസമയം എംജി മോട്ടോർ ഇന്ത്യ സൈബർസ്റ്റർ ഇലക്ട്രിക് റോഡ്സ്റ്ററിനും എം9 ഇലക്ട്രിക് എംപിവിക്കും വേണ്ടിയുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.