നിലത്തുകിടന്നാലും ചെലവ് തന്നെ, വിമാനക്കമ്പനികള്‍ നട്ടംതിരിയും!

By Web TeamFirst Published Apr 17, 2020, 12:57 PM IST
Highlights

വിമാനം പറക്കുമ്പോള്‍ ഉള്ളതിനെക്കാൾ പ്രശ്നങ്ങളാണു നിർത്തിയിടുമ്പോള്‍ 

ലോക്ക് ഡൗണിനെ തുടര്‍ന്ന് പറക്കാനാവാതെ നിലത്തിറങ്ങിക്കിടക്കുകയാണ് പല വിമാനങ്ങളും. എന്നാല്‍ വെറുതെ കിടക്കുമ്പോഴും വിമാനങ്ങളുടെ പരിപാലനച്ചെലവ് ഏറെയാണ്. വെറുതെ കിടന്നാല്‍ മറ്റു വാഹനങ്ങളെക്കാളും എളുപ്പം തകരാറിലാകും എന്നതിനാല്‍ എയര്‍ ക്രാഫ്റ്റ് എഞ്ചിനീയറിംഗ് വിഭാഗം എല്ലാ ദിവസവും വിമാനങ്ങളെ പരിശോധിച്ച് പരിപാലനം ഉറപ്പു വരുത്തുന്നുണ്ട്. 

വിമാനങ്ങള്‍ പറക്കുമ്പോള്‍ ഉള്ളതിനെക്കാൾ പ്രശ്നങ്ങളാണു നിർത്തിയിടുമ്പോള്‍ എന്നാണ് എയർക്രാഫ്റ്റ് എൻജിനീയർമാർ പറയുന്നത്. പറക്കുമ്പോൾ എന്തു പ്രശ്നമുണ്ടെങ്കിലും പൈലറ്റോ കാബിൻ ജീവനക്കാരോ അറിയിക്കും. മാത്രമല്ല വിമാനങ്ങൾ പറന്നുകൊണ്ടിരിക്കുമ്പോൾ അറ്റകുറ്റപ്പണികൾ കുറവാണ്.  എന്നാല്‍ നിര്‍ത്തിയിടുമ്പോള്‍ അറ്റകുറ്റപ്പണിയും കൂടും. 

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ മാത്രം 15 യാത്രാവിമാനങ്ങളും രണ്ട് സ്വകാര്യ ജെറ്റുകളും ഇങ്ങനെ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിമാനങ്ങളെയൊക്കെ എയര്‍ ക്രാഫ്റ്റ് എഞ്ചിനീയര്‍മാര്‍ പതിവായി പരിശോധിക്കുന്നുമുണ്ട്. 

പക്ഷികളും മറ്റും കയറാതിരിക്കാൻ എൻജിൻ പൊതിഞ്ഞാണ് സൂക്ഷിക്കുക.  എല്ലാ ദിവസവും നിര്‍ത്തിയിട്ട എൻജിനുകളുടെ മുൻ, പിൻ ഭാഗങ്ങളിലെ സൂക്ഷ്‍മ നിരീക്ഷണമാണ് പ്രധാനം. ചൂട്, തണുപ്പ്, മിന്നൽ, കാറ്റ്, കീടങ്ങൾ തുടങ്ങിയവ മൂലം വിമാനത്തിന്റെ പുറംഭാഗത്തു തകരാറുകളുണ്ടോയെന്നും പരിശോധിക്കണം. വിമാനം ഇടയ്ക്കിടെ നീക്കിയും എൻജിനുകൾ പ്രവർത്തിപ്പിച്ചും പരിശോധിക്കും. ഓക്സിജൻ സിലിണ്ടറുകളുടെയും അഗ്നിശമന ഉപകരണങ്ങളും ലാൻഡിങ് ഗിയറുകളും ടയറുകളുമൊക്കെ ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കണം. 

വിമാനത്തിന്റെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് സംവിധാനങ്ങളും വാതിലുകളും വെന്റിലേറ്ററുകളും വാൽവുകളുമൊക്കെ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ലൂബ്രിക്കേഷൻ സംവിധാനങ്ങളുടെയും ബാറ്ററിയുടെയും പ്രവര്‍ത്തനം ഉറപ്പുവരുത്തണം.  ഇന്ധന, ജലശേഖരണ സംവിധാനങ്ങളുടെ മലിനീകരണ തോതും പരിശോധിക്കണം. 

click me!