പ്രളയകാലത്തിവന്‍ പൊലീസ് ജീപ്പ്, ഇപ്പോഴോ നിയമവിരുദ്ധന്‍!

By Web TeamFirst Published Oct 3, 2019, 3:47 PM IST
Highlights

പ്രളയകാലത്ത് പൊലീസിനെ സഹായിക്കാനായി ഓടിയ ജീപ്പിന് മോഡിഫിക്കേഷന്‍റെ പേരില്‍ പിഴ

ഒറ്റ നോട്ടത്തില്‍ അഹങ്കാരികളെന്നും ധിക്കാരികളെന്നുമൊക്കെ നമ്മുടെ പൊതുബോധം വിധിയെഴുതുന്നവരാണ് ഓഫ് റോഡ് വാഹനങ്ങളും അവയുടെ ഉടമകളും. എന്നാല്‍ കേരളത്തെ ഞെട്ടിച്ച രണ്ട് പ്രളയകാലങ്ങളിലും മത്സ്യത്തൊഴിലാളികളെപ്പോലെ അവരും നമുക്ക് ദൈവദൂതന്മാരായിരുന്നു. മുച്ചൂടും മുക്കിയ വെള്ളത്തിലേക്ക് ഒട്ടും ഭയമില്ലാതെയാണ് ജീവനെക്കാളേറെ സ്‍നേഹിക്കുന്ന വണ്ടികളുമായി അവരും ഓടിയിറങ്ങിയത്. മരണത്തിന്‍റെ വായില്‍ നിന്നും ആയിരങ്ങളുടെ ജീവനുകളെയാണ് ഈ ഓഫ് റോഡ് ജീപ്പുകളും ഡ്രൈവര്‍മാരും ചേര്‍ന്ന് കൈപിടിച്ചുയര്‍ത്തിയത്. തീര്‍ന്നില്ല, വെള്ളം ഇറങ്ങുന്നതും കാത്ത് നമ്മള്‍ പകച്ചു നിന്നപ്പോള്‍ ആയിരങ്ങള്‍ക്ക് അന്നവും വസ്ത്രവുമൊക്കെയായി എത്തിയതും ഇവരൊക്കെത്തന്നെ.

അന്നിവര്‍ സൂപ്പര്‍താരങ്ങളായിരുന്നു. അക്കൂട്ടത്തിൽ പൊലീസിന് വേണ്ടി ഉപയോഗിച്ച ഒരു ജീപ്പിന്‍റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പക്ഷേ പാലം കടന്നാല്‍ കൂരായണ എന്ന പതിവ് നമ്മള്‍ തെറ്റിച്ചില്ല. പ്രളയ കാലത്തിനൊപ്പം ഈ രക്ഷകരെയും നമ്മള്‍ സൗകര്യപൂര്‍വ്വം മറന്നു തുടങ്ങിയിരിക്കുന്നു. തങ്ങളുടെ വാഹനങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളെപ്പറ്റിയൊന്നും ചിന്തിക്കാത്ത ഈ മനുഷ്യരുടെ നെഞ്ചത്ത് വില്ലന്മാരുടെ പഴയ പരിവേഷം അധികൃതര്‍ വീണ്ടും ചാര്‍ത്തിത്തുടങ്ങിയിരിക്കുന്നു. 

പ്രളയകാലത്ത് പൊലീസിനെ സഹായിക്കാനായി ഓടിയ ആ ജീപ്പിന് ഇപ്പോൾ അതേ അധികൃതര്‍ തന്നെ പിഴ നൽകിയിരിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. അനധികൃത മോഡിഫിക്കേഷനാണ് ജീപ്പിനെതിരെയുള്ള കുറ്റം. വാഹനത്തിന്റെ മുന്നിലും പിന്നിലും അനധികൃതമായി എൽഇഡി ലൈറ്റുകൾ ഫിറ്റ് ചെയ്‍തതാണ് കുറ്റം. 3000 രൂപയാണ് പിഴ. പ്രളയകാലത്ത് പൊലീസ് എന്ന ബോര്‍ഡ് വച്ച ജീപ്പിന്‍റെ ചിത്രവും പിഴ രശീതിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വാഹനത്തിന്‍റെ നമ്പര്‍ ഒന്നുതന്നെയാണെന്ന് ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ഒരു തരത്തിലുള്ള‌ മോഡിഫിക്കേഷനുകളും അനുവദിക്കരുത് എന്ന സുപ്രീം കോടതി വിധി വന്നതോടെയാണ് വലിയ ടയറുകളും സ്നോർക്കലുമെല്ലാം ഫിറ്റ് ചെയ്‍ത മോഡിഫൈഡ് വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തു തുടങ്ങിയത്.  എന്നാല്‍ ഇത്തം വാഹനങ്ങള്‍ക്ക് പ്രത്യക പെര്‍മിറ്റ് കിട്ടാനുള്ള നിയമവശം പരിശോധിക്കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം. റിക്രിയേഷനും റേസിംഗിനുമൊക്കെയല്ലാതെ ഈ വാഹനങ്ങളെ ദൂരെ യാത്രയ്ക്കൊന്നും ആരും ഉപയോഗിക്കാറില്ലെന്നും ഇവര്‍ പറയുന്നു. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമൊക്കെ പരിഹസിച്ചിരുന്ന വലിയ ടയറുകളും ഉയർന്ന എയർ ഇൻടേക്കുകളുമൊക്കെയാണ് പ്രളയത്തില്‍ കുടുങ്ങിയവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചതെന്നും ഈ വാഹന പ്രേമികള്‍ ഓര്‍മ്മിപ്പിക്കുന്നു.

ഈ വാഹനങ്ങളുടെ അപ് ഗ്രഡേഷനും മോഡിഫിക്കേഷനും രണ്ടായി കാണണമെന്നും അതിനായി പ്രത്യക സമതിയെ നിയോഗിച്ച് ശാസത്രീയമായ പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. മേഘാലയ പോലുള്ള ചില സംസ്ഥാനങ്ങളില്‍ ഇത്തരം ഓഫ് റോഡ് വാഹനങ്ങള്‍ക്ക് പ്രത്യേക പരിഗണന കിട്ടുന്നുണ്ടെന്നും ഇവര്‍ പറയുന്നു. 
 

click me!