അപകടം, യാത്രികരെ സുരക്ഷിതരാക്കി ഇക്കോസ്‍പോര്‍ട്; 'കണ്ണിരിക്കുമ്പോള്‍ വിലയറിഞ്ഞില്ലെ'ന്ന് ജനം!

By Web TeamFirst Published Sep 27, 2021, 11:57 AM IST
Highlights

ഫോര്‍ഡ് വാഹനങ്ങളുടെ ഗുണമേന്മയും സുരക്ഷയും ലോകപ്രസിദ്ധമാണ്. എന്നിട്ടും ഇന്ത്യന്‍ വിപണിയില്‍ ക്ലച്ച് പിടിക്കാന്‍ കമ്പനിക്ക് സാധിക്കാത്തതിനെക്കുറിച്ച് അടുത്തിടെ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു വമ്പന്‍ അപകടത്തില്‍പ്പെട്ടിട്ടും യാത്രികരെ സുരക്ഷിതരാക്കിയ ഫോര്‍ഡ് ഇക്കോസ്‍പോര്‍ട്ടിനെക്കുറിച്ചുള്ള ഒരു പുതിയ വാര്‍ത്ത വൈറലാകുന്നത്

ന്ത്യയോട് വിട പറയാനുള്ള തയ്യാറെടുപ്പിലാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് (Ford India). കടുത്ത നഷ്‍ടം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ഫാക്ടറികള്‍ പൂട്ടുകയാണെന്നാണ് ഫോര്‍ഡ് (Ford) പ്രഖ്യാപിച്ചിരിക്കുന്നത്. ഫോര്‍ഡ് വാഹനങ്ങളുടെ ഗുണമേന്മയും സുരക്ഷയും (Safety) ലോകപ്രസിദ്ധമാണ്. എന്നിട്ടും ഇന്ത്യന്‍ വിപണിയില്‍ ക്ലച്ച് പിടിക്കാന്‍ കമ്പനിക്ക് സാധിക്കാത്തതിനെക്കുറിച്ച് അടുത്തിടെ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍  വൈറലാകുകയാണ് ഒരു വമ്പന്‍ അപകടത്തില്‍പ്പെട്ടിട്ടും യാത്രികരെ സുരക്ഷിതരാക്കിയ ഫോര്‍ഡിന്‍റെ ജനപ്രിയ കോംപാക്ട് എസ്‍യുവി ഇക്കോസ്‍പോര്‍ട്ടിനെക്കുറിച്ചുള്ള (Ford EcoSport ) ഒരു പുതിയ വാര്‍ത്ത.

മുകളിലേക്ക് കൂറ്റന്‍ ലോറി മറിഞ്ഞിട്ടും യാത്രികനെ സുരക്ഷിതനാക്കിയ ഇക്കോസ്‍പോര്‍ട്ടിന്‍റെ മുമ്പ് ലൈറലായിരുന്നു. ഇപ്പോള്‍ നടന്ന പുതിയ അപകടത്തിലെ ഇക്കോസ്‍പോര്‍ട്ടിന്‍റെ പ്രകടനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‍തത് കാര്‍ ബ്ലോഗ് ഇന്ത്യയാണ്. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടും യാത്രികരെല്ലാം സുരക്ഷിതരായ ഈ അപകടത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  ഇക്കോസ്പോർട്ടിന്റെ ഉടമ തന്നെയാണ് ഈ ചിത്രങ്ങള്‍ പുറത്തു വിട്ടതെന്ന്  കാര്‍ ബ്ലോഗ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂട്ടിയിടിയില്‍ തകര്‍ന്ന കോം‌പാക്റ്റ് എസ്‌യുവിയാണ് ചിത്രത്തില്‍. വാഹനത്തിന്‍റെ വലിയ തകർച്ചയും അതിന്റെ അനന്തരഫലങ്ങളും ചിത്രങ്ങൾ പറയുന്നു. ഇക്കോസ്പോർട്ടിന്റെ മുൻവശത്തെ ഇടതുഭാഗം ഏതാണ്ട് പൂർണമായും കേടായി. ഇടത് ഫെൻഡറിൽ നിന്ന് ആരംഭിച്ച് ബി-പില്ലറിലേക്കുള്ള ഭാഗങ്ങള്‍ മുഴുവനും തകർന്നിരിക്കുന്നു. തുറന്ന എയർബാഗുകൾ കാണാം.  ഗ്ലാസ് പൊട്ടിയില്ല. പക്ഷേ ടയറുകള്‍ ഊരിത്തെറിച്ചു. 

കാറിന്റെ ഈ ഭാഗത്തിന് ഇത്രയധികം കേടുപാടുകൾ സംഭവിക്കുന്നത് അപൂർവ്വമാണെന്നും എന്നിട്ടും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും കാര്‍ ബ്ലോഗ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു . കേടുപാടുകൾ ബി-പില്ലറിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പുറകിലെ വാതിലും അതിനപ്പുറമുള്ള സ്ഥലത്തും അപകടത്തിന്റെ ആഘാതങ്ങള്‍ ഒട്ടുമില്ല. ഒരു വലിയ തകർച്ചയുടെ ഏറ്റവും മോശം അവസ്ഥയിൽ യാത്രക്കാരെ സുരക്ഷിതമായി സൂക്ഷിക്കുന്ന ഫോർഡ് ഇക്കോസ്പോർട്ടിന്റെ ഒരു പ്രധാന ഉദാഹരണമാണിതെന്നാണ് ഈ ഇക്കോസ്പോർട്ടിന്റെ ഉടമയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ഉദ്ധരിച്ച് കാര്‍ ബ്ലോഗ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ അപകടം നടന്നത് എവിടെയാണെന്നത് വ്യക്തമല്ല. 

ഇക്കോസ്പോർട്ട് വലിയ പ്രത്യാഘാതങ്ങളെ നേരിടുകയും എല്ലാവരെയും സുരക്ഷിതരാക്കുകയും ചെയ്ത നിരവധി സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. 2019ല്‍ ബംഗളൂരുവില്‍ ആയിരുന്നു ഇക്കോസ്‍പോര്‍ട്ടിന് മുകളിലേക്ക് കൂറ്റന്‍ ട്രക്ക് മറിഞ്ഞ ആദ്യം സൂചിപ്പിച്ച സംഭവം. ഇത് ഫോഡിന്റെ ബിൽഡ് ക്വാളിറ്റിയുടെയും ഇക്കോസ്പോർട്ടിന്റെ വൻ വിജയത്തിന്റെയും ജനപ്രീതിയുടെയും കാരണമാണ്. 

എന്നിരുന്നാലും, ഇപ്പോൾ ഫോർഡ് ഇന്ത്യയിലെ ഉത്പാദനം ഉപേക്ഷിച്ചതിനാൽ, ഇക്കോസ്പോർട്ട് ഉടമകൾ ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരാണ്. 2013 ജൂണിലാണ് ഫോർഡ് ഇക്കോസ്പോർട്ട് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിലെ ഉത്പാദനം നിർത്താനുള്ള ഫോഡിന്റെ തീരുമാനത്തെ തുടർന്ന് ഇക്കോസ്പോർട്ട് കാറിന്റെ വിൽപ്പനയും നിർത്തിവയ്ക്കുകയാണ്. ഫോർഡ് ഇക്കോസ്പോർട്ട് സ്റ്റോക്കിലുള്ളിടത്തോളം കാലം മാത്രമേ ഡീലർമാർക്ക് ലഭ്യമാകൂ. ഇതോടെ ഏറെ ആശങ്കയിൽ ആയിരിക്കുന്നത് ഇക്കോസ്പോർട്ട് ഉടമകളാണ്.

ഇക്കോസ്പോർട്ട് കാറിന്റെ ഫേസ് ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനുള്ള പദ്ധതിയും ഫോർഡ് ഉപേക്ഷിച്ചു. ഉത്സവ സീസണിൽ ഈ കോംപാക്ട് എസ്‌യുവിയുടെ ഫേസ് ലിഫ്റ്റ് വിൽപ്പനയ്‌ക്കെത്തുമെന്നായിരുന്നു  പ്രതീക്ഷ. നേരത്തെ, ഫോർഡ് ഇക്കോസ്പോർട്ട് കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇന്ത്യൻ നിരത്തുകളിൽ ടെസ്റ്റ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ നിരവധി ഉപഭോക്താക്കൾ ഈ പുതിയ മോഡലിനായി കാത്തിരിക്കുകയായിരുന്നു. 

ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ കോംപാക്ട് എസ്‌യുവികളിൽ ഒന്നാണ് ഫോർഡ് ഇക്കോസ്‌പോർട്ട്. സബ് -4 മീറ്റർ കോംപാക്റ്റ് എസ്‌യുവിയാണ് ഫോർഡ് ഇക്കോസ്‌പോർട്ട്. അതുകൊണ്ട് തന്നെ മലയാളികളുടെ പ്രിയ വാഹനമായും ഇക്കോസ്പോർട്ട് മാറി. ഫോർഡ് എന്ന കമ്പനിയേക്കാൾ ഇക്കോസ്പോർട്ട് ആയിരുന്നു മലയാളികളുടെ വികാരം. ഈ വിഭാഗത്തിലെ കാറുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാക്കിയതും ഫോർഡ് ഇക്കോസ്പോർട്ട് ആണ്. ഈ ജനപ്രിയ മോഡലിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിന്‍റെ പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന സ്റ്റെപ്പിനി ടയറാണ്. ശ്രേണിയില്‍ അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു ലുക്ക് ഈ സ്‌പെയര്‍ വീലിന്‍റെ സാന്നിധ്യം എക്കോസ്‍പോര്‍ട്ടിന് നല്‍കുന്നുണ്ട്. 

2013-ൽ ഇന്ത്യയിലെത്തിയ എക്കോസ്പോർട്ട് 2015 ആയപ്പോഴേക്കും രണ്ട് ലക്ഷം യൂണിറ്റുകളാാണ് നിരത്തുകളിലെത്തിയത്. ഇന്ത്യയിൽ നിർമിക്കുന്ന എക്കോസ്പോർട്ട് 40-ഓളം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഫോർഡിന്റെ ജന്മനാടായ അമേരിക്കയിലേക്കും 2016 മുതൽ ഇന്ത്യയിൽ നിർമിച്ച എക്കോസ്പോർട്ടുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

2018-ൽ ഈ വാഹനം മുഖം മിനുക്കി എത്തിയിരുന്നു. 2020 ജനുവരിയില്‍ ബിഎസ്6 പതിപ്പും എത്തി. 1.5 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ ടിഐ-വിസിടി പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 118 ബിഎച്ച്പി കരുത്തും 149 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷണലായി ലഭിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഡിസിഐ ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു.

ആപ്പിള്‍ കാര്‍പ്ല, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ‘സിങ്ക് 3’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എംബെഡ്ഡഡ് നാവിഗേഷന്‍ സിസ്റ്റം, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എച്ച്‌ഐഡി ഹെഡ്‌ലാംപുകള്‍, ഇലക്ട്രോക്രോമിക് മിറര്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ 2020 മോഡലിനും ലഭിച്ചു. ടോപ് വേരിയന്റുകളില്‍ ആറ് എയര്‍ബാഗുകളും മറ്റ് സുരക്ഷാ ഫീച്ചറുകളും തുടര്‍ന്നും നല്‍കി. എബിഎസ്, ഇബിഡി എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡാണ്.  

മാരുതി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ്യുവി 300, ഹ്യുണ്ടായി വെന്യു തുടങ്ങിയവരാണ് ഇന്ത്യൻ നിരത്തുകളിൽ എക്കോസ്പോർട്ടിന്‍റെ മുഖ്യഎതിരാളികൾ.  

click me!