ഈ മോഡലുകളുടെ ബിഎസ്6 പതിപ്പുമായി ഫോര്‍ഡ്

By Web TeamFirst Published Feb 21, 2020, 9:43 AM IST
Highlights

ജനപ്രിയ ഹാച്ച് ബാക്ക് ഫിഗോ, സബ്‌കോംപാക്റ്റ് സെഡാന്‍ ആസ്‍പയര്‍, ക്രോസ്-ഹാച്ച് ഫ്രീസ്റ്റൈല്‍ എന്നീ മോഡലുകളുടെ ബിഎസ്6 പതിപ്പുകളെ വിപണിയില്‍ അവതരിപ്പിച്ച് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോഡ്. 

ജനപ്രിയ ഹാച്ച് ബാക്ക് ഫിഗോ, സബ്‌കോംപാക്റ്റ് സെഡാന്‍ ആസ്‍പയര്‍, ക്രോസ്-ഹാച്ച് ഫ്രീസ്റ്റൈല്‍ എന്നീ മോഡലുകളുടെ ബിഎസ്6 പതിപ്പുകളെ വിപണിയില്‍ അവതരിപ്പിച്ച് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോഡ്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ഈ വാഹനങ്ങള്‍ ലഭിക്കും. 

5.39 ലക്ഷം രൂപയിലാണ് ഫോഡ് ഫിഗോയുടെ വില ആരംഭിക്കുന്നത്. ഫ്രീസ്റ്റൈലിന് 5.89 ലക്ഷം രൂപ മുതലും ആസ്പയറിന് 5.99 ലക്ഷം രൂപയിലാണ് ദില്ലി എക്സ് ഷോറൂം വില തുടങ്ങുന്നത്. പുതിയ പതിപ്പുകളിലെ പല വേരിയന്‍റുകള്‍ക്കും 35000ത്തോളം രൂപ കൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോഡ് ഫിഗോ എട്ട് ട്രിമ്മുകളിലും ഫോഡ് ആസ്പയര്‍, ഫോഡ് ഫ്രീസ്റ്റൈല്‍ മോഡലുകള്‍ പത്ത് ട്രിമ്മുകളിലും ലഭിക്കും.

നിലവിലെ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിച്ചത്. പെട്രോള്‍ എന്‍ജിന്‍ 96 എച്ച്പി കരുത്തും 119 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കരുത്തില്‍ മാറ്റമില്ല. പക്ഷേ ടോര്‍ക്ക് ഒരു ന്യൂട്ടണ്‍ മീറ്റര്‍ കുറഞ്ഞു. 

1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 100 എച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കരുത്തിലും ടോര്‍ക്കിലും മാറ്റമില്ല. രണ്ട് എന്‍ജിനുകളുമായി 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചു. ബിഎസ് 6 എന്‍ജിനുകളുടെ ഇന്ധനക്ഷമത എത്രയെന്ന് ഫോഡ് ഇന്ത്യ വെളിപ്പെടുത്തിയില്ല.

മൂന്ന് മോഡലുകള്‍ക്കും മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ സ്റ്റാന്‍ഡേഡ് വാറന്റി ലഭിക്കും. സര്‍വീസ് ഇടവേളകളും പരിഷ്‌കരിച്ചു. ഇപ്പോള്‍ പതിനായിരം കിലോമീറ്ററാണ്. ‘ഫോഡ്പാസ്’ കണക്റ്റിവിറ്റി ഫീച്ചര്‍ എല്ലാ ബിഎസ് 6 കാറുകളിലും സ്റ്റാന്‍ഡേഡായി ലഭിക്കും.

അതേ സമയം വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഈ മോഡലുകളുടെ ബിഎസ്4 പതിപ്പിൽ ലഭ്യമായിരുന്ന ചില ഫീച്ചറുകളും കമ്പനി നീക്കം ചെയ്തു. ഫിഗോയുടെ ടൈറ്റാനിയം പതിപ്പില്‍ നിന്നും ഫോഗ് ലാമ്പുകൾ, പിൻ വൈപ്പർ, പിൻ ഡീഫോഗര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഫ്ലൈ ഓഡിയോ ടച്ച് സ്‍ക്രീന്‍ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഗ്ലോസി ഗിയർ ലിവർ ടോപ്പ് തുടങ്ങിയ ഫീച്ചറുകളെ ഒഴിവാക്കി. ഫിഗോയിലെ ഫ്ലൈ ഓഡിയോ സിസ്റ്റത്തിനു പകരം യുകെയിലെ ഫോർഡ് Ka+ ൽ ഉപയോഗിക്കുന്ന യൂണിറ്റിനോട് സാമ്യമുള്ള ഇരട്ട ഡിൻ സിസ്റ്റമാണ്.

ഫോർഡ് ആസ്പയർ സെഡാനില്‍ നിലവിലെ ഫ്ലൈ ഓഡിയോ സിസ്റ്റവും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും തുടരും. പക്ഷേ  ഗ്ലോസി ഗിയർ ലിവർ ടോപ്പ് നഷ്‌ടപ്പെടും. നിരവധി സവിശേഷതകൾ നിർത്തലാക്കിയിട്ടുണ്ടെങ്കിലും ഫിഗോക്കും ആസ്‍പയറിനും ഇപ്പോൾ 15 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ നല്‍കി. ഫിഗോയുടെ ടൈറ്റാനിയം പതിപ്പ്, ആസ്പയർ എന്നിവയിൽ ഇവ സ്റ്റാൻഡേർഡായി കമ്പനി വാഗ്ദാനം ചെയ്യുന്നു.

ആറ് എയർബാഗുകൾ, ABS+EBD, ഹിൽ ലോഞ്ച് അസിസ്റ്റ് (HLA), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഇലക്ട്രിക് പവർ അസിസ്റ്റഡ് സ്റ്റിയറിംഗ് (EPAS), റിയർ വ്യൂ ക്യാമറ, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം, പെരിമീറ്റർ അലാറം, എഞ്ചിൻ ഇമോബിലൈസർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ മോഡലുകളുടെയും ഉയര്‍ന്ന വേരിയന്‍റുകളില്‍ ഉണ്ട്. 

click me!