എര്‍ട്ടിഗ സിഎന്‍ജിയും ബിഎസ്6 ആയി

By Web TeamFirst Published Feb 20, 2020, 8:47 PM IST
Highlights

എര്‍ട്ടിഗയുടെ ബിഎസ് 6 പാലിക്കുന്ന സിഎന്‍ജി വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 
 

മാരുതി സുസുക്കിയുടെ ജനപ്രിയ എംപിവി എര്‍ട്ടിഗ സെഗ്മെന്‍റില്‍ മികച്ച വില്‍പ്പന നേടി മുന്നേറുകയാണ്. ഇപ്പോള്‍ വാഹനത്തിന്‍റെ ബിഎസ് 6 പാലിക്കുന്ന സിഎന്‍ജി വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. എസ്-സിഎന്‍ജി വേരിയന്റിന് 8.95 ലക്ഷം രൂപയാണ് ദില്ലി എക്‌സ് ഷോറൂം വില. ബിഎസ് 6 എര്‍ട്ടിഗയുടെ വിഎക്‌സ്‌ഐ വേരിയന്റില്‍ മാത്രമാണ് സിഎന്‍ജി ഓപ്ഷന്‍ ലഭിക്കുന്നത്. ഈ വേരിയന്റിലെ എല്ലാ ഫീച്ചറുകളും സിഎന്‍ജി വേരിയന്റിലും നല്‍കി. 

1.5 ലിറ്റര്‍, 4 സിലിണ്ടര്‍ എന്‍ജിനാണ് ബിഎസ് 6 മാരുതി സുസുകി എര്‍ട്ടിഗ എസ്-സിഎന്‍ജി വേരിയന്‍റിന്‍റെ ഹൃദയം. പെട്രോള്‍ മോഡില്‍ 103 ബിഎച്ച്പി കരുത്തും സിഎന്‍ജി മോഡില്‍ 91 ബിഎച്ച്പി കരുത്തും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. യഥാക്രമം 138 എന്‍എം, 122 എന്‍എം എന്നിങ്ങനെയാണ് ലഭിക്കുന്ന ടോര്‍ക്ക് . 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 

മാരുതി സുസുകിയുടെ എല്ലാ എസ്-സിഎന്‍ജി വാഹനങ്ങളെയുംപോലെ, ബിഎസ് 6 എര്‍ട്ടിഗ എസ്-സിഎന്‍ജി എംപിവിയില്‍ പരസ്പരം ആശ്രയിക്കുന്ന രണ്ട് ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റുകളും (ഇസിയു) ഇന്റലിജന്റ് ഇന്‍ജെക്ഷന്‍ സിസ്റ്റവും നല്‍കിയിരിക്കുന്നു. ഇതോടെ മികച്ച പെര്‍ഫോമന്‍സ്, മെച്ചപ്പെട്ട ഡ്രൈവബിലിറ്റി എന്നിവ ലഭിക്കും.  60 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. ഒരു കിലോഗ്രാം സമ്മര്‍ദ്ദിത പ്രകൃതി വാതകം നിറച്ചാല്‍ 26.08 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും എന്നാണ് കമ്പനി പറയുന്നത്. വാഹനത്തിലെ ഓട്ടോ ഫ്യൂവല്‍ സ്വിച്ചിന്റെ സഹായത്തോടെ സിഎന്‍ജിയില്‍ നിന്നും പെട്രോളിലേക്ക് മാറാനും സാധിക്കും. 

2012 ജനുവരിയിലാണ് ആദ്യ എര്‍ടിഗയെ മാരുതി അവതരിപ്പിച്ചത്. 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എര്‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് വിപണിയിലെത്തിക്കുന്നത്.

‘മിഷന്‍ ഗ്രീന്‍ മില്യണ്‍’ പദ്ധതിയനുസരിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പത്ത് ലക്ഷം ഹരിത വാഹനങ്ങള്‍ വില്‍ക്കുകയാണ് ലക്ഷ്യമെന്ന് ഈയിടെ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുക്കി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. സ്മാര്‍ട്ട് ഹൈബ്രിഡ്, സ്‌ട്രോംഗ് ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍, സിഎന്‍ജി വാഹനങ്ങള്‍ എന്നിവ വിപണിയിലെത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!