‘യവനകഥയിലെ ഇടയകന്യകയെപ്പോലെ..’; ജസ്റ്റിന്റെ ‘ജോഷ് മെഷീൻ’ ആത്മാവിൽ മുട്ടിവിളിക്കുമ്പോൾ

Published : Aug 28, 2026, 08:52 AM IST
Justin’s Red Ford Ikon,  Ford Ikon, Ford Ikon India, Ford Ikon Josh Machine, Ford Ikon history, Ford cars India, Ford India, Ford Ikon 1.6, Ford Ikon petrol, Ford Ikon diesel, Nivin Pauly, Nivin Pauly Ford Ikon, Bethlehem Kudumba Unit, Bethlehem Kudumba Unit movie, Girish AD, Justin character, Josh Machine, Ford Ikon Malayalam, ഫോർഡ് ഐക്കൺ, ഫോർഡ് ഐക്കൺ ഇന്ത്യ, ജോഷ് മെഷീൻ, ഫോർഡ് കാറുകൾ, നിവിൻ പോളി, ബെത്‌ലഹേം കുടുംബ യൂണിറ്റ്, ജസ്റ്റിൻ, ഗിരീഷ് എ ഡി, പഴയ കാറുകൾ, വിന്റേജ് കാറുകൾ, കാർ പ്രണയം, കാർ നൊസ്റ്റാൾജിയ

Synopsis

ചില കാറുകളോട് മനുഷ്യർക്ക് തോന്നുന്ന ആത്മബന്ധം അത്ര എളുപ്പത്തിൽ മായില്ല. അവ മനസുകളിലും ഓർമകളിലും അതേ ‘ജോഷോടെ’ ഓടിക്കൊണ്ടേയിരിക്കും. യവനകഥയിലെ ആ ഇടയകന്യകയെപ്പോലെ.. അല്ലെങ്കിൽ യമുനയൊഴുകും വനികയിലെ വേണുഗായകനെപ്പോലെ.. ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ ഫോർഡ് ഐക്കൺ കാറിന്‍റെ കഥ

ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കണ്ട് കണ്ണും തുടച്ച് തിയേറ്ററിന്റെ പടിയിറങ്ങുമ്പോൾ പലരുടെയും മനസിൽ മായാതെ നിൽക്കുന്നത് ഒരുപക്ഷേ ഒരു ചുവന്ന കാറായിരിക്കും. ജസ്റ്റിന്റെ ഫോർഡ് ഐക്കൺ.

ചില കാറുകൾ വെറും കാറുകളല്ല.. അവയ്ക്കൊപ്പം ഒരു കാലമുണ്ടാകും..

ചില സൗഹൃദങ്ങളുണ്ടാകും..

ആദ്യ യാത്രകളുണ്ടാകും.. ആദ്യ പ്രണയമുണ്ടാകും..

ജീവിതത്തിലെ മറക്കാനാകാത്ത ചില നിമിഷങ്ങൾ അവയുടെ സീറ്റുകളിലും സ്റ്റിയറിങ്ങിലുമൊക്കെ ഒളിച്ചിരിപ്പുണ്ടാകും.

അത്തരത്തിൽ മലയാളികളുടെ വാഹന ഓർമകളിൽ പ്രത്യേക സ്ഥാനമുള്ള പേരാണ് ഫോർഡ് ഐക്കൺ. ഒരുകാലത്ത് ‘ജോഷ് മെഷീൻ’ എന്ന പേരിൽ ഇന്ത്യൻ നിരത്തുകളിലെ യുവതലമുറയുടെ ആവേശമായി മാറിയ ഈ സെഡാൻ, വർഷങ്ങൾക്കിപ്പുറം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ്. നിവിൻ പോളി അവതരിപ്പിക്കുന്ന ജസ്റ്റിൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന ഈ ചുവന്ന ഐക്കൺ, സിനിമയിലെ ഒരു കാർ എന്നതിലുപരി ഒരു കഥാപാത്രം തന്നെയായി മാറുന്നുണ്ട്.

‘ജോഷ് മെഷീൻ’ പിറന്ന കാലം

1999 നവംബറിലാണ് ഫോർഡ് ഐക്കൺ ഇന്ത്യൻ വിപണിയിലെത്തുന്നത്. നാലാം തലമുറ ഫോർഡ് ഫിയസ്റ്റയെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത സെഡാനായിരുന്നു ഐക്കൺ. ഇന്ത്യയിലെ ഫോർഡിന്റെ ആദ്യകാല വിജയകരമായ മോഡലായ എസ്കോർട്ടിന് ശേഷം വലിയ പ്രതീക്ഷകളോടെയാണ് ഐക്കൺ എത്തിയത്. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി പ്രത്യേകം വികസിപ്പിച്ചെടുത്ത മോഡൽ എന്ന പ്രത്യേകതയും ഐക്കണിനുണ്ടായിരുന്നു. ചെന്നൈയിലെ മാരൈമലൈ നഗറിലുള്ള ഫോർഡ് പ്ലാന്റിലായിരുന്നു വാഹനത്തിന്റെ നിർമാണം.

അന്ന് ഇന്നത്തെപ്പോലെ കാറുകൾ വാങ്ങുന്നത് അത്ര സാധാരണമായിരുന്നില്ല. പല കുടുംബങ്ങൾക്കും ഒരു കാർ സ്വന്തമാക്കുക എന്നത് ജീവിതത്തിലെ വലിയ തീരുമാനമായിരുന്നു. അങ്ങനെയൊരു കാലത്താണ് ഐക്കൺ നിരത്തുകളിലെത്തുന്നത്. പക്ഷേ സാധാരണ ഫാമിലി സെഡാനായി മാത്രം ഒതുങ്ങാൻ ഐക്കൺ തയ്യാറായിരുന്നില്ല. സ്പോർട്ടി ഡിസൈൻ, നീളമുള്ള ബോണറ്റ്, ഡ്രൈവറോട് കൂടുതൽ അടുപ്പം തോന്നിക്കുന്ന കോക്ക്പിറ്റ്, കരുത്തുറ്റ എൻജിൻ, മികച്ച ഹാൻഡ്ലിംഗ് എന്നിവയിലൂടെ ഐക്കൺ സ്വന്തമായി ഒരു വ്യക്തിത്വം തന്നെ സൃഷ്ടിച്ചു. അതിനാലാണ് ‘ജോഷ് മെഷീൻ’ എന്ന പേര് അതിനൊപ്പം ചേർന്നത്.

ഫീച്ചറുകളിൽ ‘ദരിദ്രൻ’; പക്ഷേ..!

ഇന്നൊരു കാർ വാങ്ങുമ്പോൾ വലിയ ടച്ച്‌സ്‌ക്രീൻ, കണക്റ്റഡ് ടെക്നോളജി, ADAS, സൺറൂഫ് തുടങ്ങി ഫീച്ചറുകളുടെ നീണ്ട പട്ടികയാണ് പലരും നോക്കുന്നത്. പക്ഷേ ഐക്കണിന്റെ കാലത്ത് ഒരു കാറിനെ സ്നേഹിക്കാൻ അത്രയൊന്നും വേണ്ടിയിരുന്നില്ല.

സ്റ്റിയറിങ് തിരിക്കുമ്പോൾ കിട്ടുന്ന ഫീൽ..

ആക്സിലറേറ്റർ അമർത്തുമ്പോൾ ലഭിക്കുന്ന പ്രതികരണം..

വളവുകളിൽ കാർ കാണിക്കുന്ന ആത്മവിശ്വാസം..

ഡ്രൈവിങ്ങിനിടെ ഡ്രൈവറുമായി കാർ സ്ഥാപിക്കുന്ന ആ പ്രത്യേക ബന്ധം..

അതായിരുന്നു ഐക്കണിന്റെ യഥാർഥ ‘ഫീച്ചറുകൾ’

പ്രത്യേകിച്ച് 1.6 ലിറ്റർ പെട്രോൾ പതിപ്പ് ഡ്രൈവിങ് ഇഷ്‍ടപ്പെട്ടിരുന്നവരുടെ മനസിൽ വളരെ വേഗം ഇടം നേടി. ആ കാലഘട്ടത്തിൽ ഇന്ത്യൻ വിപണിയിലെ കൂടുതൽ പ്രായോഗികമായ ഫാമിലി കാറുകളിൽ നിന്ന് ഐക്കണിനെ വേറിട്ടുനിർത്തിയതും ഈ ഡ്രൈവിങ് സ്വഭാവമായിരുന്നു.

ഡ്രൈവറെയും യാത്രക്കാരനെയും ഒരുപോലെ പരിഗണിച്ചവൻ

ഐക്കണിന്റെ ഏറ്റവും വലിയ കരുത്തുകളിലൊന്ന് എൻജിനും ഡ്രൈവിങ് ഡൈനാമിക്സുമായിരുന്നു. തുടക്കത്തിൽ 1.6 ലിറ്റർ ROCAM പെട്രോൾ എൻജിനും 1.8 ലിറ്റർ Endura ഡീസൽ എൻജിനുമായിരുന്നു പ്രധാന ഓപ്ഷനുകൾ. 1.6 ലിറ്റർ പെട്രോൾ എൻജിൻ ഏകദേശം 91 bhp കരുത്തും 131 Nm ടോർക്കും നൽകിയിരുന്നു. പിന്നീട് 1.3 ലിറ്റർ പെട്രോൾ ഉൾപ്പെടെ വിവിധ എൻജിൻ ഓപ്ഷനുകളും ഐക്കണിന്റെ ശ്രേണിയിലെത്തി. മികച്ച സ്റ്റിയറിങ് ഫീൽ, സ്ഥിരത, വളവുകളിൽ ആത്മവിശ്വാസം, ശക്തമായ പിക്കപ്പ് എന്നിവയാണ് ഐക്കണിനെ ഡ്രൈവിങ് ഇഷ്ടപ്പെട്ടവരുടെ പ്രിയങ്കരനാക്കിയത്. അക്കാലത്തെ പല കാറുകളും യാത്രാസുഖത്തിനും പ്രായോഗികതയ്ക്കും മുൻതൂക്കം നൽകിയപ്പോൾ, ഡ്രൈവറെയും യാത്രക്കാരനെയും ഒരുപോലെ പരിഗണിക്കുന്ന സമീപനമായിരുന്നു ഐക്കണിന്റേത്.

ഐക്കൺ NXT; വിജയത്തിന്റെ അടുത്ത അധ്യായം

ഐക്കണിന്റെ ജനപ്രീതി നിലനിർത്താൻ ഫോർഡ് തുടർന്നും മാറ്റങ്ങൾ കൊണ്ടുവന്നു. 2003ൽ ഐക്കൺ NXT എന്ന പുതുക്കിയ പതിപ്പ് വിപണിയിലെത്തി. ഡിസൈനിലും ഇന്റീരിയറിലും മാറ്റങ്ങൾ വരുത്തിയതിനൊപ്പം പുതിയ എൻജിൻ ഓപ്ഷനുകളും അവതരിപ്പിച്ചു. 2002ൽ ഇന്ത്യയിൽ ഏകദേശം 15,000 ഫോർഡ് ഐക്കണുകൾ വിറ്റഴിച്ചതായാണ് അന്നത്തെ കണക്കുകൾ. ഇന്ത്യയിൽ നിർമിച്ച ഐക്കണുകൾ ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ബ്രസീൽ തുടങ്ങിയ വിദേശ വിപണികളിലേക്കും കയറ്റുമതി ചെയ്തിരുന്നു. അതായത്, ഐക്കൺ ഒരു ഇന്ത്യൻ റോഡ് സക്സസ് മാത്രമായിരുന്നില്ല. ഫോർഡിന്റെ ഇന്ത്യയിലെ വളർച്ചയിലും അതിന് നിർണായക സ്ഥാനമുണ്ടായിരുന്നു.

ഒരു കാറിനൊപ്പം വളർന്ന ഒരു തലമുറ

1990കളുടെ അവസാനവും 2000കളുടെ തുടക്കവും ഇന്ത്യൻ കാർ സംസ്കാരത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ച കാലമായിരുന്നു. അംബാസഡറും പ്രീമിയറും മാരുതി 800നും പിന്നാലെ എസ്റ്റീമും ആക്സന്റും പോലുള്ള കാറുകൾ നിരത്തുകളിലെത്തി. പുതിയൊരു തലമുറയുടെ കാറുകൾ ഇന്ത്യൻ ഉപഭോക്താക്കളുടെ സ്വപ്നങ്ങളിലേക്ക് കടന്നുവരികയായിരുന്നു. ആ കൂട്ടത്തിൽ ഐക്കൺ വേറിട്ടുനിന്നു.

ആദ്യ ശമ്പളം ഉപയോഗിച്ച് കാർ വാങ്ങിയവർ..

കുടുംബത്തിലെ ആദ്യ കാറായി ഐക്കൺ സ്വന്തമാക്കിയവർ..

കോളജ് കാലത്ത് സുഹൃത്തിന്റെ ഐക്കണിൽ കയറി യാത്ര ചെയ്തവർ..

ദൂരയാത്രകളിൽ അതിന്റെ പിൻസീറ്റിലിരുന്നവർ..

ആദ്യമായി ഹൈവേയിൽ സ്റ്റിയറിങ് പിടിച്ചവർ..

അങ്ങനെ ഒരുപാട് പേരുടെ ജീവിതത്തിലെ ചെറുതും വലുതുമായ അധ്യായങ്ങളിൽ ഈ സെഡാൻ കടന്നുവന്നിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഇന്നൊരു പഴയ ഫോർഡ് ഐക്കൺ നിരത്തിലൂടെ കടന്നുപോകുമ്പോൾ പലർക്കും അതിനെ വെറുമൊരു പഴയ കാർ എന്ന നിലയിൽ കാണാൻ കഴിയില്ല. അത് ചിലപ്പോൾ സ്വന്തം ഭൂതകാലത്തിലേക്കുള്ള ഒരു ചെറിയ യാത്ര കൂടിയായിരിക്കും.

സിനിമയിൽ വീണ്ടും ആ ചുവന്ന ഐക്കൺ

ഇവിടെയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സിനിമയിലെ ഫോർഡ് ഐക്കണിന്റെ സാന്നിധ്യം കൂടുതൽ അർഥവത്താകുന്നത്. നിവിൻ പോളി അവതരിപ്പിക്കുന്ന ജസ്റ്റിൻ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിൽക്കുന്ന കഥാപാത്രമാണ്. നാട്ടിൽ എല്ലാവർക്കും പരിചിതനായ ഒരാൾ. പഴയ പാട്ടുകളോടും ഇലക്ട്രോണിക് ഉപകരണങ്ങളോടും കാറുകളോടുമൊക്കെ പ്രത്യേക താൽപര്യമുള്ള, സ്വന്തം രീതിയിൽ ജീവിക്കുന്ന ഒരു ‘ചേട്ടൻ’ കഥാപാത്രം.

അയാൾ തന്റെ ചുവന്ന ഫോർഡ് ഐക്കൺ ഓടിക്കുന്ന രംഗങ്ങളിൽ വലിയൊരു കൃത്രിമത്വം തോന്നുന്നില്ല. അത് ജസ്റ്റിന് വേണ്ടി മാത്രം ഒരുക്കിയ ഒരു സിനിമാ പ്രോപ്പർട്ടിയായും തോന്നുന്നില്ല. മറിച്ച്, ജസ്റ്റിന്റെ ജീവിതത്തിൽ ആ കാർ വർഷങ്ങളായി ഉണ്ടായിരുന്നുവെന്നൊരു തോന്നലാണ് പ്രേക്ഷകന് ലഭിക്കുന്നത്. അതുതന്നെയാണ് ഈ ഐക്കണിനെ സിനിമയിൽ കൂടുതൽ മനോഹരമാക്കുന്നത്.

ജസ്റ്റിന്റെ ഐക്കൺ; ഒരു കഥാപാത്രത്തിന്റെ മറ്റൊരു മുഖം

ജസ്റ്റിന്റെ ലോകത്ത് ഫോർഡ് ഐക്കൺ വെറുമൊരു യാത്രാമാധ്യമമല്ല. അത് അയാളുടെ വ്യക്തിത്വത്തിന്റെ തന്നെ ഒരു ഭാഗമാണ്. ഒരു കാലത്തെ ഐക്കണിക് കാർ. ഒരു കാലത്തെ സംഗീതം. പഴയ പ്രണയം. പരിചിതരായ നാട്ടുമനുഷ്യർ. ഗ്രാമീണ ജീവിതത്തിന്റെ ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും. ഇതെല്ലാം ഒന്നിച്ചുചേരുമ്പോൾ ഫോർഡ് ഐക്കണിന് സിനിമയിൽ ലഭിക്കുന്നത് ഒരു പ്രത്യേക നൊസ്റ്റാൾജിക് ഫീൽ ആണ്. പഴയ കാറുകളെ സ്നേഹിക്കുന്നവർക്ക് അത് അതിലും വ്യക്തിപരമായ അനുഭവമാകാം. ജസ്റ്റിന്റെ ചുവന്ന ഐക്കൺ കാണുമ്പോൾ ചിലർക്ക് സിനിമയിലെ ഒരു രംഗം മാത്രമായിരിക്കില്ല കാണാനാകുക. ഒരുപക്ഷേ സ്വന്തം ജീവിതത്തിലെ മറന്നുപോയ ഒരു കാലം കൂടിയായിരിക്കും.

ഉൽപ്പാദനം അവസാനിച്ചു; പക്ഷേ ഐക്കണിന്റെ കഥ അവസാനിച്ചില്ല

ഇന്ത്യൻ നിരത്തുകളിൽ ഒരു ദശാബ്‍ദത്തിലേറെ സജീവ സാന്നിധ്യമായിരുന്നു ഫോർഡ് ഐക്കൺ. ഒടുവിൽ 2011ൽ ഐക്കണിന്റെ ഉൽപ്പാദനം അവസാനിച്ചു. പുതിയ ഐക്കണുകൾ നിരത്തിലേക്ക് വരുന്നത് നിലച്ചു. വർഷങ്ങൾക്കിപ്പുറം 2021ൽ ഫോർഡ് ഇന്ത്യൻ വിപണിയിൽനിന്നും പിന്മാറുകയും ചെയ്തു. പക്ഷേ ഐക്കണിന്റെ കഥ അവിടെ അവസാനിച്ചില്ല.

ഇന്നും മികച്ച നിലയിൽ സൂക്ഷിക്കുന്ന ഐക്കണുകൾ നിരത്തുകളിൽ കാണാം. ചില ഉടമകൾ അവയെ പുതുക്കിപ്പണിത് പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. ചിലർ വർഷങ്ങളായി കൈവശമുള്ള കാറിനെ ഇന്നും അതേ സ്നേഹത്തോടെ ഓടിക്കുന്നു. അതാണ് ഒരുപക്ഷേ ഐക്കണിന്റെ ഏറ്റവും വലിയ വിജയം. ഒരു കാർ വിപണിയിൽ നിന്ന് അപ്രത്യക്ഷമായേക്കാം. പക്ഷേ മനുഷ്യരുടെ ഓർമകളിൽ നിന്ന് അപ്രത്യക്ഷമാകണമെന്നില്ല.

പ്രായമാകില്ല, ‘ജോഷോടെ’ ഓടും

ഇനിയും പുതിയ കാറുകൾ വരും. കൂടുതൽ കരുത്തുള്ള എൻജിനുകൾ വരും. കൂടുതൽ സാങ്കേതികവിദ്യകളും കൂടുതൽ ഫീച്ചറുകളും വരും. ചില കാറുകൾ വീണ്ടും വീണ്ടും വിറ്റുപോകും. ചിലത് സ്ക്രാപ്പാകും. ചിലത് നിരത്തുകളിൽ നിന്നുതന്നെ അപ്രത്യക്ഷമാകും. പക്ഷേ ചില കാറുകളോട് മനുഷ്യർക്ക് തോന്നുന്ന ആത്മബന്ധം അത്ര എളുപ്പത്തിൽ മായില്ല. അവ മനസുകളിലും ഓർമകളിലും അതേ ‘ജോഷോടെ’ ഓടിക്കൊണ്ടേയിരിക്കും. യവനകഥയിൽ നിന്നുവന്ന ആ ഇടയകന്യകയെപ്പോലെ.. അല്ലെങ്കിൽ യമുനയൊഴുകും വനികയിലെ വേണുഗായകനെപ്പോലെ..

PREV
Read more Articles on
click me!

Recommended Stories

ഇലക്ട്രിക് വാഹന ചാർജിങ് സൗകര്യം കൂടുതൽ വിപുലമാക്കാൻ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ
ഇലക്ട്രിക് എസ്‌യുവി വിപണിയിൽ മത്സരം കടുക്കും, താങ്ങാനാകുന്ന വിലയിലുള്ള പുതിയ മോഡലുകൾ എത്തുന്നു