ഫോര്‍ഡും മഹീന്ദ്രയും കൈകോര്‍ക്കുന്നു

By Web TeamFirst Published Sep 27, 2019, 5:00 PM IST
Highlights

ഐക്കണിക്ക് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡും ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും കൈകോര്‍ക്കുന്നു

ഐക്കണിക്ക് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡും ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും കൈകോര്‍ക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.  ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്ത ആഴ്ച്ച ഉണ്ടായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ഫോർഡ് ഇന്ത്യ മഹീന്ദ്രയുമായി സംയുക്ത സംരംഭത്തിൽ ഏർപ്പെടുമെന്നും മഹീന്ദ്രയുമായി ചേർന്ന് രൂപീകരിക്കുന്ന പുതിയ കമ്പനിയിൽ ഫോർഡിന്  തുല്യ വോട്ടവകാശവും ബോർഡ് പ്രാതിനിധ്യവുമുണ്ടായിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

ഫോർഡ് മഹീന്ദ്ര സംയുക്ത സംരഭം ഫിഗോ ആസ്പയർ കോംപാക്റ്റ് സെഡാന്റെ ഇലക്ട്രിക്ക് പതിപ്പ് വിപണിയിലെത്തിക്കും. ഈ സഹകരണം വൈദ്യുതീകരണത്തിനായി ഫോർഡിന്റെ KA പ്ലാറ്റ്ഫോം ഉപയോഗിക്കാൻ മഹീന്ദ്രക്ക് സാധിക്കും.

നാല് മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് എസ്‌യുവികൾക്കും ഫോർഡ് ബാഡ്ജുകൾ ഉപയോഗിക്കുന്ന മിഡ് സൈസ് എസ്‌യുവികൾക്കും മഹീന്ദ്ര പ്ലാറ്റ്ഫോം ഉപയോഗിക്കാനാകും. ഇരു കമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. ചെറിയ ഇലക്ട്രിക് കാറുകളുടെയും രണ്ട് എസ്‌യുവികളുടെയും നിര്‍മാണത്തില്‍ സഹകരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം മഹീന്ദ്രയും ഫോര്‍ഡൂം കരാര്‍ ഒപ്പിട്ടിരുന്നു. ഇതിനു പിന്നാലെ എന്‍ജിന്‍ നിര്‍മാണത്തിലും ഒന്നിക്കുന്നതായി കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവിൽ മഹീന്ദ്ര ഡീലർഷിപ്പുകളിലൂടെയാണ് ഫോർഡിന് സാന്നിധ്യമില്ലാത്ത നഗരങ്ങളിൽ ഇക്കോസ്പോർട്ട് കോംപാക്റ്റ് എസ്‌യുവി വില്‍ക്കുന്നത്. 

നിലവിൽ ഗുജറാത്തിലെ സനന്ദിലും ചെന്നൈയിലുമായി ഇന്ത്യയിൽ രണ്ട് ഫാക്ടറികൾ ഫോർഡിനുണ്ട്. ഇതില്‍ സനന്ദ് ഫാക്ടറിയുടെ പ്രവർത്തനം ഫോർഡ് തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും കയറ്റുമതിക്കായി എഞ്ചിനുകൾ നിർമ്മിക്കുന്നത് സനന്ദിലാണ്. 

click me!