
ദില്ലി: ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണങ്ങളിലാണ് വാഹനലോകം. ഗൂഗിള്‍ പോലുള്ള ടെക് കമ്പനികളും ഫോഡ്, വോൾവോ, ജനറൽ മോട്ടോഴ്‍സ് തുടങ്ങിയ വാഹന കമ്പനികളുമടക്കം ഏഷ്യയിലേയും യൂറോപ്പിലേയും അമേരിക്കയിലേയും നിരവധി രാജ്യങ്ങളിൽ സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണയോട്ടം നടക്കുന്നുണ്ട്.
എന്നാല്‍ ഇത്തരം സെൽഫ് ഡ്രൈവിങ് കാറുകളെ ഇന്ത്യയിൽ അനുവദിക്കില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി. ഡ്രൈവർമാരുടെ ജോലി നഷ്‍ടപ്പെടുമെന്നതിനാല്‍ ഇത്തരം കാറുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഖാദി, ഗ്രാമീണ വ്യവസായ കമ്മീഷൻ ദില്ലിയിൽ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡ്രൈവറില്ലാ കാറുകള്‍ വന്നാല്‍ ഏകദേശം ഒരുകോടിയോളം ആളുകളുടെ ജോലി നഷ്‍ടപ്പെടുമെന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി പ്രമുഖ കമ്പനികള്‍ തന്നെ സമീപിച്ചിരുന്നെന്ന് തുറന്നു പറഞ്ഞ ഗഡ്‍കരി താന്‍ ഈ സ്ഥാനത്ത് തുടരുന്ന കാലത്തോളം അത് നടക്കില്ലെന്ന് അവരോട് പറഞ്ഞതായും വ്യക്തമാക്കി.
സാങ്കേതിക വിദ്യയെ എതിർക്കുന്നതുകൊണ്ടാണോ ഇത്തരത്തിലുള്ള നിലപാടെന്ന് പലരും ചോദിച്ചെന്നും മന്ത്രി പറയുന്നു. എന്നാൽ അങ്ങനെയല്ല ഇന്ത്യയിൽ ഏകദേശം 40 ലക്ഷം ഡ്രൈവർമാരുണ്ടെന്നും കൂടാതെ 25 ലക്ഷം ഡ്രൈവർമാരുടെ കുറവുണ്ടെന്നും അങ്ങനെ ഏകദേശം ഒരുകോടി ഡ്രൈവർമാരുടെ ജോലി നഷ്‍ടപ്പെടുത്തുന്ന തീരുമാനം താൻ നടപ്പാക്കില്ലെന്നുമാണ് ഗഡ്‍കരി വ്യക്തമാക്കുന്നത്.