എയര്‍ബാഗ് മെറ്റീരിയല്‍ കൊണ്ട് മെഡിക്കല്‍ ഗൗണ്‍; ഫോര്‍ഡിന് കയ്യടിച്ച് ലോകം!

By Web TeamFirst Published Apr 15, 2020, 3:36 PM IST
Highlights
കാറുകളിലെ എയര്‍ബാഗ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഫോര്‍ഡിലെ ജീവനക്കാര്‍ മെഡിക്കല്‍ ഗൗണ്‍ നിര്‍മിക്കുന്നത്.
കൊവിഡ് 19 വൈറസിനെ ചെറുക്കാന്‍ തങ്ങളാലാവുന്നതെല്ലാം ചെയ്യുകയാണ് ഐക്കണിക്ക് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ്. ഫെയ്‌‍സ് ഷീല്‍ഡ്, മാസ്‌ക് എന്നിവയ്ക്ക് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മെഡിക്കല്‍ ഗൗണിന്റെ നിര്‍മാണത്തിലാണ് കമ്പനി എന്നാണ് പുതിയ വാര്‍ത്ത. 

കാറുകളിലെ എയര്‍ബാഗ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഫോര്‍ഡിലെ ജീവനക്കാര്‍ മെഡിക്കല്‍ ഗൗണ്‍ നിര്‍മിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇത്തരം 75,000 ഗൗണുകള്‍ നിര്‍മിക്കാനാണ് കമ്പനി ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുള്ളത്. ഏപ്രില്‍ 19-നുശേഷം ആഴ്ചയില്‍ ഒരുലക്ഷം ഗൗണുകള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നുമാണ് ഫോര്‍ഡ് വ്യക്തമാക്കുന്നത്. 

ബ്യുമോണ്ട് ഹെല്‍ത്ത് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഫോര്‍ഡ് ഗൗണ്‍ നിര്‍മിക്കുന്നത്. ഇതിനോടകം തന്നെ 5000 ഗൗണുകള്‍ വിവധ ആശുപത്രികള്‍ക്കായി നല്‍കിയിട്ടുണ്ട്. 50 തവണ വരെ കഴുകാന്‍ സാധിക്കുന്നതും ഫെഡറല്‍ സ്റ്റാന്റേഡ് സാക്ഷ്യപ്പെടുത്തിയതുമായി 1.3 മില്ല്യണ്‍ മെഡിക്കല്‍ ഗൗണ്‍ ജൂലായി മൂന്നോടെ ഒരുങ്ങുമെന്നാണ് വിവരം. 

വാട്ടർപ്രൂഫ് മെറ്റീരിയലിൽ നിന്ന് നിർമ്മിച്ചതും നീളൻ സ്ലീവ്, സ്നാപ്പ് ക്ലോസറുകൾ എന്നിവ ഉപയോഗിച്ച് രൂപകൽപ്പന ചെയ്തതുമായ ഈ ഗൗണുകള്‍ ആരോഗ്യ പ്രവർത്തകരെ രോഗികളെ ചികിത്സിക്കുമ്പോൾ അണുക്കളില്‍ നിന്നും സംരക്ഷിക്കുന്നു. യുഎസ് നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2015 ലെ ഒരു സർവേ പ്രകാരം, മെഡിക്കൽ കയ്യുറകൾക്ക് ശേഷം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പിപിഇയുടെ രണ്ടാമത്തെ ഭാഗമാണ് ഇൻസുലേഷൻ ഗൗണുകൾ. കൊറോണ വൈറസ് പാൻഡെമിക്കിനിടയിൽ, ഈ വസ്ത്രങ്ങളുടെ ശേഖരം വളരെ കുറവാണ്. അതുകൊണ്ടു തന്നെ ഫോര്‍ഡിന്‍റെ സേവനം വിലമതിക്കാനാകാത്തതുമാണ്. 

ഇതിനൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഫെയ്‌സ് ഷീല്‍ഡും ഫോര്‍ഡ് നിര്‍മിക്കുന്നുണ്ട്. ഏപ്രില്‍ 13-ലെ കണക്കനുസരിച്ച് 30 ലക്ഷം ഫെയ്‌സ് ഷീല്‍ഡുകള്‍ ഫോര്‍ഡ് നിര്‍മിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നേരത്തെ അടച്ചിട്ടിരുന്ന ഫോര്‍ഡിന്റെ ചെന്നൈ, സാനന്ദ് പ്ലാന്‍റുകളില്‍ ഫേസ് ഷീൽഡ് പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റുകളുടെ നിർമാണം നടക്കുന്നത്. അമേരിക്കയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളികളാണ് ഫോര്‍ഡ്. അമേരിക്കയ്ക്ക് പുറമെ, കാനഡ, തായ്‌ലാന്‍ഡ്, എന്നിവിടങ്ങളിലും ഷീല്‍ഡ് നിര്‍മിക്കുന്നുണ്ട്. ഇന്ത്യയില്‍ മഹീന്ദ്രയാണ് ഫെയ്‌സ് ഷീല്‍ഡ് ഒരുക്കുന്നത്.  

യു കെ ഗവണ്‍മെന്റിന്റെ ആവശ്യമനുസരിച്ച് ഫോര്‍ഡ് അവര്‍ക്കായി വെന്റിലേറ്ററിന്റെ നിര്‍മാണം ആരംഭിക്കുകയാണ്. എന്‍ജിനിയറിങ്ങ് സംവിധാനം, ഉപകരണങ്ങള്‍, നിര്‍മാണ പ്ലാന്റ് എന്നിവ ഫോര്‍ഡ് നല്‍കുമെന്നാണ് സൂചന. 15,000 വെന്റിലേറ്ററാണ് യുകെയ്ക്കായി നിര്‍മിക്കുക.

ഒപ്പം ഇന്ത്യയിലെ ഉള്‍പ്പെടെ വാഹന ഉടമകള്‍ക്കുള്ള ആശ്വാസ നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ തീരുന്ന സൗജന്യ സര്‍വീസ്, വാറന്‍റി, എക്സറ്റൻഡഡ്‌ വാറന്റി എന്നിവ ജൂണ്‍ 30 വരെ നീട്ടി നല്‍കാൻ ഫോര്‍ഡ് ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നു. ഈ കാലയളവില്‍ വാഹനം ബുക്ക് ചെയ്‍ത് കാത്തിരിക്കുന്നവര്‍ക്കും ഏപ്രില്‍ 30 വരെ ബുക്ക് ചെയ്യുന്നവര്‍ക്കും കമ്പനി പ്രൈസ് പ്രൊട്ടക്ഷനും നല്‍കും.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതു കൂടാതെ രാജ്യാന്തരതലത്തിൽ കോവിഡിനെ പ്രതിരോധിക്കാന്‍ ഒരു ദശലക്ഷം ഡോളര്‍ സമാഹരിക്കാനാണ് ശ്രമം എന്നും ഫോര്‍ഡ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.
click me!