'ഈ ജീവനുകള്‍ക്കും വിലയുണ്ട്'; പൊലീസ് വാഹനങ്ങള്‍ക്കും ഇനി സമ്പൂര്‍ണ ഇന്‍ഷുറന്‍സ്!

Web Desk   | Asianet News
Published : Jan 12, 2021, 03:24 PM IST
'ഈ ജീവനുകള്‍ക്കും വിലയുണ്ട്'; പൊലീസ് വാഹനങ്ങള്‍ക്കും ഇനി സമ്പൂര്‍ണ ഇന്‍ഷുറന്‍സ്!

Synopsis

അടുത്തിടെ ഒരു പൊലീസ് ജീപ്പ് അപകടത്തില്‍പ്പെട്ടിരുന്നു. ഈ അപകടത്തില്‍ പൊലീസുകാര്‍ക്കും ഗുരുതരമായി പരിക്കേറ്റു. എന്നാല്‍, പൊലീസുകാര്‍ക്ക് പൂര്‍ണ നഷ്‍ടപരിഹാരം അനുവദിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി വിസമ്മതിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് വാഹനങ്ങള്‍ക്കെല്ലാം സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പൊലീസ് മേധാവിയുടെ നിര്‍ദേശമുണ്ടെന്നും അപകടത്തില്‍പ്പെടുന്ന പോലീസ് വാഹനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതിരിക്കുന്നതിനെത്തുടര്‍ന്നാണ് നടപടിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ പൊലീസ് ഉപയോഗിക്കുന്ന ഭൂരിഭാഗം വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ പൊലീസ് വാഹനം ഇടിച്ച് ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നഷ്ടപരിഹാരം ലഭിക്കും. പക്ഷേ അപകടത്തില്‍ സ്വന്തം വാഹനത്തിനുണ്ടായ കേടുപാട് പോലീസു തന്നെ പരിഹരിക്കണം. മാത്രമല്ല യാത്രികരായ പൊലീസുകാര്‍ക്ക് പരിക്കേറ്റാലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചിരുന്നില്ല. 

അടുത്തിടെ ഒരു പൊലീസ് ജീപ്പ് അപകടത്തില്‍പ്പെട്ടിരുന്നു. ഈ അപകടത്തില്‍ പൊലീസുകാര്‍ക്കും ഗുരുതരമായി പരിക്കേറ്റു. എന്നാല്‍, പൊലീസുകാര്‍ക്ക് പൂര്‍ണ നഷ്‍ടപരിഹാരം അനുവദിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി വിസമ്മതിച്ചു. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമാണ് പൊലീസ് വാഹനത്തിനുള്ളതെന്നും യാത്രക്കാരായ പൊലീസുകാര്‍ വാഹന ഉടമയായ പൊലീസ് വകുപ്പിന്റെ ഭാഗമാണെന്നും പുറമേയുള്ളവര്‍ക്ക് നല്‍കേണ്ട പരിരക്ഷയ്ക്ക് പൊലീസുകാര്‍ അര്‍ഹരല്ലെന്നുമായിരുന്നു കമ്പനിയുടെ വാദം.  

തുടര്‍ന്ന് കീഴ്ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം അംഗീകരിച്ച ഹൈക്കോടതി നഷ്ടപരിഹാരത്തുക കുറച്ചു. മാത്രമല്ല സര്‍ക്കാര്‍ വാഹനങ്ങള്‍ പലതും ഇന്‍ഷുറന്‍സ് എടുക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 

ഇതോടെയാണ് പൊലീസിനും സമ്പൂര്‍ണ പോളിസി എടുക്കാന്‍ പൊലീസ് മേധാവി കര്ശന നിര്‍ദേശം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പോളിസിയാണ് മിക്ക സര്‍ക്കാര്‍വകുപ്പുകളും എടുക്കുന്നത്. ഇതേ മാതൃകയില്‍ പൊലീസിനും സമ്പൂര്‍ണ പോളിസി എടുക്കാനാണ് നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം