ബുള്ളറ്റിനെ പ്രണയിച്ച വനിതാ ഡോക്ടര്‍ കണ്ടത് പുതിയ ജീവിത തീരങ്ങള്‍!

By Web TeamFirst Published Mar 6, 2021, 4:09 PM IST
Highlights

ഒടുവില്‍ ഒരു പുലരിയില്‍ ബുള്ളറ്റിലേറി അവള്‍ സ്വയം ഡ്രൈവ് ചെയ്‍തങ്ങുപോയി, വീട്ടുകാരറിയാതെ. 

വീട്ടുകാര്‍ ചിറകിനുള്ളില്‍ വച്ച് വളര്‍ത്തിയൊരു പെണ്‍കുട്ടി. അവളുടെ ഉള്ളില്‍ യാത്ര ചെയ്യണമെന്നും അനുഭവങ്ങള്‍ നേടണമെന്നുമുള്ള ആഗ്രഹം വളര്‍ന്നു. വീട്ടുകാരോട് പറഞ്ഞപ്പോള്‍ പറ്റില്ലെന്നായിരുന്നു മറുപടി. ആ ആഗ്രഹം പിന്നെയും വളര്‍ന്നു. അതിനു ചിറകുകൂടി മുളച്ചതോടെ അവള്‍ക്ക് ഇരിപ്പുറയ്ക്കാതായി. ഒടുവില്‍ ഒരു പുലരിയില്‍ ബുള്ളറ്റിലേറി അവള്‍ സ്വയം ഡ്രൈവ് ചെയ്‍തങ്ങുപോയി, വീട്ടുകാരറിയാതെ. ഡോക്ടര്‍ ഗോപിക സുഭാഷിന്‍റെ 28 വര്‍ഷത്തെ ജീവിതത്തെ ഇങ്ങനെ ചുരുക്കാം. 

അമ്മയുടേയും അച്ഛന്റേയും ചേട്ടന്റേയും ചിറകിനുള്ളില്‍ ഇരുന്നുകൊണ്ടു തന്നെ അവരോട് ബൈക്കോടിക്കണം, ഒറ്റയ്ക്ക് ആ ബൈക്കില്‍ യാത്രകള്‍ പോകണം തുടങ്ങിയ ആഗ്രഹങ്ങള്‍ തുറന്നുപറഞ്ഞിരുന്നു ഗോപിക എന്ന പെണ്‍കുട്ടി. ഇത്ര കാലം വളര്‍ത്തിവലുതാക്കിയവരെ വേദനിപ്പിക്കരുതെന്ന ചിന്തയായിരുന്നു ആ തുറന്നുപറച്ചിലിനു പിന്നില്‍. എന്നാല്‍, പെണ്‍കുട്ടികള്‍ക്ക് ഇത്തരം ആഗ്രഹങ്ങള്‍ പാടില്ലെന്ന മറുപടിയാണ് ഗോപികയ്ക്ക് ലഭിച്ചത്. ഇത് വീട്ടില്‍ സംഘര്‍ഷങ്ങളിലേക്ക് നയിച്ചുവെന്ന് ഗോപിക പറയുന്നു. ഒടുവിലാണ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന അവസ്ഥയിലെത്തിയത്. എങ്കിലും ഇപ്പോള്‍ അവര്‍ തന്നെ മനസിലാക്കുന്നുവെന്നും ഗോപിക കൂട്ടിച്ചേര്‍ത്തു. 

സമൂഹത്തില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകളാണ് വീട്ടുകാരില്‍ പേടിയുണ്ടാക്കുന്നത്. തന്റെ പഠനം, ജോലി, വിവാഹം, കുട്ടികള്‍ എന്നിവയാണ് അവരുടെ സ്വപ്‌നങ്ങള്‍. നമ്മുടെ നാട്ടിലെ ഏതൊരു മാതാപിതാക്കളേയും പോലെ പെണ്‍കുട്ടിയുടെ സുരക്ഷയെന്ന ഘടകം തന്നെയാണ് അവരേയും ആശങ്കപ്പെടുത്തിയിരുന്നതെന്നും കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ തന്റെ വീട്ടുകാരുടെ മനോഭാവത്തില്‍ ഒരുപാടു മാറ്റങ്ങള്‍ വരുന്നുണ്ടെന്നുമാണ് ഗോപികയുടെ നിരീക്ഷണം.

തിരുവനന്തപുരത്ത് ഫാര്‍മസി നടത്തുകയാണ് ഗോപികയുടെ അച്ഛന്‍. വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പഠിച്ച ഗോപിക ഇപ്പോള്‍ അവിടെ ജോലി ചെയ്യുന്നു. മാതാപിതാക്കളുടെ ചിറകിനടിയില്‍ ജീവിച്ചിരുന്നപ്പോള്‍ നാണംകുണുങ്ങിയും ആളുകളോട് സംസാരിക്കുന്നതിനും മറ്റും ബുദ്ധിമുട്ട് നേരിടുകയും ചെയ്‍തിരുന്ന താന്‍ ഇപ്പോള്‍ ബോള്‍ഡായി എന്ന് ഡോക്ടര്‍ പറയുന്നു. പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനുമൊപ്പം യാത്രകളിലൂടെ ജീവിതത്തില്‍ പുതുഅനുഭവങ്ങള്‍ തേടണമെന്നതായിരുന്നു തന്റെ ആഗ്രഹം.

വീട്ടുകാരുടെ നിയന്ത്രണങ്ങള്‍ക്കും സ്വന്തം മനസ്സിലെ ആഗ്രഹങ്ങള്‍ക്കും ഇടയില്‍പ്പെട്ട് ശ്വാസംമുട്ടിയിരുന്ന ഗോപികയെ അതില്‍ നിന്നും മോചിപ്പിച്ചത് 2019-ല്‍ നടത്തിയൊരു സോളോ യാത്രയാണ്. കോളെജില്‍ പഠിച്ചിരുന്നപ്പോള്‍ ദിവസവും വീട്ടില്‍ വന്ന് പോയിരുന്ന ഗോപിക ഹൗസ് സര്‍ജന്‍സി കാലയളവില്‍ ഹോസ്റ്റലില്‍ താമസം ആരംഭിച്ചു. ആത്മസംഘര്‍ഷങ്ങളുടെ കലാശക്കൊട്ടിനൊടുവില്‍ 2019 ജനുവരിയിലെ ഒരു പുലര്‍ച്ചയിലാണ് ഗോപിക തന്‍റെ യാത്ര ആരംഭിക്കുന്നത്.

ജനുവരിയിലെ തണുപ്പില്‍ ഒരു സുഹൃത്തിന്റെ ബൈക്കുമെടുത്ത് വെഞ്ഞാറമൂട് നിന്നും കന്യാകുമാരിയിലേക്കായിരുന്നു ആ യാത്ര. ആറരയോടെ കന്യാകുമാരിയുടെ മണ്ണിലെത്തി സൂര്യോദയവും കണ്ട് പാട്ടുംകേട്ട് രണ്ടുമൂന്ന് മണിക്കൂറോളം അവിടെ ചെലവഴിച്ച് തിരികെ ഹോസ്റ്റലിലേക്ക് വന്നു. അത് ഗോപികയുടെ ജീവിതത്തിലെ പുതുപുലരിയുമായി.

സ്‌കൂട്ടര്‍ ഓടിക്കാന്‍ അറിയാമായിരുന്ന ഗോപിക ബൈക്കോടിക്കാന്‍ പഠിച്ചത് കസിന്‍ സഹോദരന്റെ ബൈക്കിലാണ്. അദ്ദേഹം വീട്ടില്‍ വരുമ്പോള്‍ ബൈക്ക് ഗോപികയ്ക്ക് കൊടുത്തിട്ട് ഓടിച്ചു നോക്കാന്‍ പറയുമായിരുന്നു. ആ ബൈക്കില്‍ വീടിന് സമീപത്തെ ഇടവഴികളില്‍ മാത്രമായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഇടവഴികളില്‍ നിന്നും ഗോപിക വലിയ റോഡുകളിലേക്കും ദൂരങ്ങളിലേക്കും ബൈക്കോടിച്ചു തുടങ്ങിയത് ആ ജനുവരിയിലെ പുലരിയിലാണ്.

യാത്രയുടെ തുടക്കത്തില്‍ പേടി ഉണ്ടായിരുന്നു. പക്ഷേ, കുറച്ചു ദൂരം പോയപ്പോള്‍ ആ പേടി മാറി. പിന്നീടുള്ള പേടി സുഹൃത്തിന്റെ ബൈക്കാണെന്നതായിരുന്നു. അതിനാല്‍ ശ്രദ്ധിച്ച് ഓടിക്കണം. യാത്രയില്‍ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. വഴി സംശയം തോന്നുമ്പോള്‍ നിര്‍ത്തി ആരോടെങ്കിലും ചോദിക്കും. അവര്‍ സുരക്ഷിതമായ വഴികള്‍ പറഞ്ഞു തന്നു, ഗോപിക പറഞ്ഞു.

വീട്ടില്‍ ചേട്ടന് സ്വന്തമായൊരു ബുള്ളറ്റ് ഉണ്ട്. എങ്കിലും ചേട്ടനും തന്റെ യാത്രാ മോഹങ്ങളെ പിന്തുണച്ചിരുന്നില്ലെന്ന് ഗോപിക പറഞ്ഞു. മൂന്ന് മാസം മുമ്പ് ഒരു മഞ്ഞ നിറമുള്ള റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 ഫയര്‍ ബോള്‍ ഗോപിക സ്വന്തമാക്കി. ജോലി ചെയ്‍തും വായ്‍പയെടുത്തുമാണ് അതിനുള്ള തുക കണ്ടെത്തിയത്. യാത്രാ മോഹങ്ങളും സംഘര്‍ഷങ്ങളും ജീവിതത്തേയും ചിന്തകളേയും തീപ്പിടിപ്പിക്കുമ്പോള്‍ ബൈക്കില്‍ ഒറ്റയ്ക്കുള്ള യാത്രകള്‍ മനസിനെ തണുപ്പിക്കുമെന്ന് ഗോപിക പറയുന്നു. ബൈക്ക് ഓടിക്കുമ്പോള്‍ മറ്റൊരു ചിന്തയും മനസിലേക്ക് വരില്ലെന്നും അവര്‍ പറയുന്നു. 

ആശുപത്രിയിലെ തിരക്കുകള്‍ക്കിടെ അവധിയെടുത്താണ് ഗോപികയുടെ യാത്രകള്‍. ഇതുവരെ നടത്തിയ യാത്രകളില്‍ ഏറ്റവും ദൂരം കൂടിയത് വാഗമണിലേക്കുള്ള യാത്രയാണ്. എന്നാല്‍, കേരളത്തിന് പുറത്ത് നടത്തിയ ബൈക്ക് യാത്ര പുതുച്ചേരിയിലേക്കാണ്. ട്രെയിനില്‍ പുതുച്ചേരിയില്‍ എത്തിയശേഷം അവിടെ ബൈക്ക് വാടകയ്‌ക്കെടുത്ത് സമീപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു. ചെറുതും വലുതുമായി അനവധി യാത്രകള്‍ നടത്തിയിട്ടുള്ള അവര്‍ക്ക് ഈ യാത്രകള്‍ക്കിടയില്‍ നല്ല അനുഭവങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കാതെ റോഡരികില്‍ കാണുന്ന ആളുകളെയാണ് വഴി അറിയാനായി സമീപിക്കുന്നത്.

തുടക്കത്തില്‍ ഇങ്ങനെ പോകുന്ന യാത്രകളെക്കുറിച്ച് വീട്ടില്‍ പറഞ്ഞിരുന്നില്ലെന്ന് ഗോപിക പറയുന്നു. പിന്നീട് പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഞെട്ടിയെനന്നും അവര്‍ ഓര്‍മ്മിക്കുന്നു. തന്റെ സന്തോഷത്തിനുവേണ്ടിയാണ് ഞാന്‍ യാത്ര ചെയ്യുന്നത്, ഒരു ജീവിതമേയുള്ളൂ. വീട്ടുകാരും നാട്ടുകാരും എന്തുവിചാരിക്കുമെന്ന് ചിന്തിച്ച് ആശങ്കപ്പെട്ടിരുന്നാല്‍ നമുക്കത് ആസ്വദിക്കാന്‍ ആകില്ല. നമ്മുടെ ആഗ്രഹങ്ങള്‍ നടക്കില്ല. ഇതുതന്നെയാണ് യാത്രാ ഉപദേശങ്ങള്‍ തേടി തന്നെ സമീപിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഡോക്ടര്‍ നല്‍കുന്ന ഉപദേശവും. 

ആദ്യ യാത്ര നടത്തി രണ്ടുവര്‍ഷത്തിനിപ്പുറം നോക്കുമ്പോള്‍ താന്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളയാളും ബോള്‍ഡും ആയിയെന്ന് ഗോപിക പറയുന്നു. മനസ് കൂടുതല്‍ ഓപ്പണ്‍ ആയി. മുമ്പ് ഒറ്റയ്ക്ക് പോകാനും ആളുകളോട് സംസാരിക്കാനും മടിയായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി. ഒറ്റയ്ക്കുള്ള യാത്രകള്‍ കൊണ്ടുള്ള നേട്ടം ഇന്ത്യയിലുടനീളമുള്ള മറ്റു യാത്രികരുമായി സൗഹൃദം സൃഷ്‍ടിക്കാനായി എന്നതാണ്. കൂടാതെ, മെഡിക്കല്‍ രംഗത്തെക്കുറിച്ച് മാത്രം അറിവുണ്ടായിരുന്ന തനിക്ക് മറ്റുള്ള പ്രൊഫഷനുകളേയും രംഗങ്ങളേയും കുറിച്ചുള്ള അറിവും സമൂഹത്തിലെ വിവിധ തുറകളിലെ ആളുകളുമായി സംസാരിക്കുന്നതിലൂടെ നേടാനായി.

ഇന്ത്യയിലുടനീളം ബുള്ളറ്റോടിച്ച് പോകണം. അതു കഴിഞ്ഞാല്‍ ഇന്ത്യയുടെ അതിര്‍ത്തികള്‍ ഭേദിച്ച് പുറത്തേക്ക് പോകണം. ഗോപികയുടെ ആഗ്രഹങ്ങള്‍ പിന്നെയും പായുന്നു. 

click me!