ഇന്ത്യക്ക് ഒരുമാസത്തിനകം രണ്ടുലക്ഷം വെന്‍റിലേറ്ററുകള്‍ വേണം, വഴിയുണ്ടെന്ന് സര്‍ക്കാര്‍!

By Web TeamFirst Published Mar 29, 2020, 9:42 AM IST
Highlights

 മേയ് 15നകം ഇന്ത്യക്ക് 1.10 ലക്ഷം മുതല്‍ 2.20 ലക്ഷം വരെ വെന്റിലേറ്ററുകള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 

കൊറോണ വൈറസ് രാജ്യത്ത് ദിനംപ്രതി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മേയ് 15നകം ഇന്ത്യക്ക് 1.10 ലക്ഷം മുതല്‍ 2.20 ലക്ഷം വരെ വെന്റിലേറ്ററുകള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്റെ പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളിലെല്ലാം വെന്റിലേറ്ററുകളുടെ ആവശ്യമുയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇറക്കുമതിക്കു സാധ്യത കുറവാണ്. നിലവില്‍ ഇന്ത്യയില്‍ ഒമ്പത് പ്രധാന വൈദ്യോപകരണ നിര്‍മാണ കമ്പനികളാണ് ഉള്ളത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഈ കമ്പനികള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കുന്നതിന് വെല്ലുവിളി നേരിടുകയാണ്. 

ഈ സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ തന്നെ വെന്‍റിലേറ്റര്‍ നിര്‍മാണം തുടങ്ങാനാണ് സര്‍ക്കാര്‍ ശ്രമം. ലോക്ഡൗണിന്റെ ഭാഗമായി അടച്ചിട്ടിരിക്കുന്ന വാഹനക്കമ്പനികളുടെ ഫാക്ടറികള്‍ ഇതിനായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. 

സര്‍ക്കാരിന്‍റെ ആവശ്യപ്രകാരം മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഹ്യൂണ്ടായ് എന്നീ കമ്പനികള്‍ ഇക്കാര്യത്തില്‍ അനുകൂലവ നിലപാടുമായി രംഗത്തെത്തി. ഈ കമ്പനികളുമായി കേന്ദ്ര ഘനവ്യവസായ മന്ത്രാലയം ആശയവിനിമയം നടത്തിയിരുന്നു. വാഹനക്കമ്പനികളുടെ സൗകര്യങ്ങളും മാനവവിഭവശേഷിയും വൈദ്യോപകരണ നിര്‍മാണത്തിന് പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കണമെന്നാണ് നിര്‍ദേശം.

വെന്‍റിലേറ്റര്‍ നിര്‍മാണത്തിനുള്ള തടസ്സങ്ങളും ബുദ്ധിമുട്ടുകളും പഠിക്കാനും പരിഹരിക്കാനും ജോയന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ സമിതിക്കും രൂപം നല്‍കി. ഇവരും വാഹന കമ്പനികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. വെന്റിലേറ്റര്‍ നിര്‍മാണത്തിനുള്ള വസ്തുക്കള്‍ എത്തിക്കാന്‍ ചരക്കുകമ്പനികളുമായി വ്യോമയാന മന്ത്രാലയം ചര്‍ച്ച നടത്തിവരികയാണ്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്‌വ ഹെല്‍ത്ത്‌കെയര്‍ അടുത്ത മാസത്തോടെ 20,000 വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ(എയിംസ്) റോബോട്ടിക് എന്‍ജിനിയറിങ് വിഭാഗവും ഡോക്ടര്‍മാരും ചേര്‍ന്ന് തയ്യാറാക്കിയ ചെലവുകുറഞ്ഞ വെന്റിലേറ്ററാണ് കമ്പനി നിര്‍മിക്കുന്നത്. 

click me!