Latest Videos

ഇന്ത്യക്ക് വേണ്ടി വില കുറഞ്ഞ വണ്ടിയുണ്ടാക്കാന്‍ ചൈനയെ കൂട്ടുപിടിച്ച് അമേരിക്കന്‍ കമ്പനി..!

By Web TeamFirst Published Jan 10, 2020, 8:47 AM IST
Highlights

റോയല്‍ എന്‍ഫീല്‍ഡിന്‍റെ ബുള്ളറ്റിനെ നേരിടുകയാണ് ഈ കൂട്ടുകെട്ടിന്‍റെ പ്രധാന പദ്ധതി. ഇതിനായി 250 മുതൽ 500 വരെ സിസി എൻജിൻ കപ്പാസിറ്റിയുള്ള മിഡ് സൈസ് റെട്രോ ലുക്ക് ബൈക്കുകൾ പുറത്തിറക്കാനാണ് പദ്ധതി

ദില്ലി: ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്രവാഹന ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‍സണ്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍വിപണി കീഴടക്കാന്‍ തയ്യാറെടുക്കുന്നതായി കഴിഞ്ഞ കുറച്ചുനാളായി കേട്ടു തുടങ്ങിയിട്ട്. ബിഎംഡബ്ല്യു-ടിവിഎസ്, ബജാജ്-കെടിഎം കൂട്ടുകെട്ടിന്‍റെ മാതൃകയില്‍ ഇന്ത്യയിലെ ഏതെങ്കിലും പ്രാദേശിക കമ്പനിയുമായി സഹകരിച്ച്  ചെറു ബൈക്കുകളെ പുറത്തിറക്കാനാണ് ഹാര്‍ലിയുടെ നീക്കം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ ഇതാ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ചൈനീസ് കമ്പനിയായ ഷിജിയാങ് ക്വിയാൻജിയാങ് മോട്ടോർ സൈക്കിളാണ്  ഹാർലി ഡേവിഡ്സന്റെ പങ്കാളി.  ഏഷ്യൻ വിപണി ലക്ഷ്യമിട്ടാണ് ചൈനീസ് പങ്കാളിത്തത്തോടെ ഹാർലി ഡേവിഡ്സൻ ഈ എൻജിൻ ശേഷി കുറഞ്ഞ മോട്ടോർ സൈക്കിളുകൾ വികസിപ്പിക്കുന്നത്.  ഇറ്റാലിയൻ ബ്രാൻഡായ ബെനെലിയുടെ ഉടമസ്ഥരാണ് ഷിജിയാങ് ക്വിയാൻജിയാങ് മോട്ടോർ സൈക്കിള്‍സ്. ഏഷ്യൻ രാജ്യങ്ങളിലെ നിർമാതാക്കളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണെന്നാണ് ഹാര്‍ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

റോയല്‍ എന്‍ഫീല്‍ഡിന്‍റെ ബുള്ളറ്റിനെ നേരിടുകയാണ് ഈ കൂട്ടുകെട്ടിന്‍റെ പ്രധാന പദ്ധതി. ഇതിനായി 250 മുതൽ 500 വരെ സിസി എൻജിൻ കപ്പാസിറ്റിയുള്ള മിഡ് സൈസ് റെട്രോ ലുക്ക് ബൈക്കുകൾ പുറത്തിറക്കാനാണ് പദ്ധതി.  അടുത്ത ഒരു വർഷത്തിനിടെ ബെനെല്ലിയുടെ പദ്ധതികൾ വെളിപ്പെടുത്തുന്നതിനൊപ്പം നിലവിൽ വികസന ഘട്ടത്തിലുള്ള ഈ ബൈക്കിന്റെ ആദ്യ ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഹാർലി ഡേവിഡ്സൻ ബ്രാൻഡിൽ വിപണിയിലിറങ്ങുന്ന പുത്തൻ 338 സി സി മോട്ടോർ സൈക്കിൾ വരുന്ന ജൂണോടെ വിൽപനയ്ക്കെത്തുമെന്നാണു റിപ്പോര്‍ട്ടുകള്‍.

ബെനെലിയുടെ 302 പ്ലാറ്റ്ഫോമിന്റെ വകഭേദത്തിലാണ് 338 സി സി എൻജിനുള്ള ഹാർലി ഡേവിഡ്‍സൻ ബൈക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 300 സി സി, പാരലൽ ട്വിൻ എൻജിനാണ്  ബെനെലി 302ന്‍റെ ഹൃദയം. 11,500 ആർ പി എമ്മിൽ 38.26 ബി എച്ച് പി വരെ കരുത്തും 10,000 ആർ പി എമ്മിൽ 26.5 എൻ എം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും.

ഏഷ്യൻ വിപണികളായ തായ്‌ലൻഡ്, ഇന്തൊനീഷ, വിയറ്റ്നാം, ഫിലിപ്പൈൻസ്, മലേഷ്യ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലും ഓസ്ട്രേലിയയിലുമുള്ള വിപണന സാധ്യത ലക്ഷ്യമിട്ടാണ് ഷിജിയാങ് ക്വിയാൻജിയാങ് മോട്ടോർ സൈക്കിളുമായി ദീർഘകാല സഖ്യത്തിന് ഹാർലി ഡേവിഡ്സൻ സന്നദ്ധത തയാറായത്. ആദ്യഘട്ടത്തിൽ ചൈനയിലാവും പുതിയ ബൈക്ക് വിൽപ്പനയ്ക്കെത്തുക. ക്രമേണ ഇന്ത്യയടക്കമുള്ള മറ്റു വിപണികളിലേക്കും ഈ 338 സി സി ബൈക്കിന്റെ വിൽപ്പന ഹാർലി ഡേവിഡ്സൻ വ്യാപിപ്പിച്ചേക്കും.

വികസ്വര രാജ്യങ്ങളിലെ വിപണികളില്‍ നേട്ടമുണ്ടാക്കണമെങ്കില്‍ വില കുറയ്‍ക്കുകയല്ലാതെ വഴിയില്ല എന്നതിനാല്‍ വി–ട്വിൻ എൻജിനുള്ള ഈ ചെറു ബൈക്കുകൾക്ക് വില കുറവായിരിക്കും എന്നാണ് സൂചന.

click me!