ഹാർലി ഡേവിഡ്സണിനെതിരെ 'ഡാര്‍ക്ക് റൈഡു'മായി റൈഡര്‍മാര്‍

By Web TeamFirst Published Nov 22, 2020, 2:56 PM IST
Highlights

ഡാര്‍ക്ക് റൈഡ് എന്ന പേരിലാണ് രാജ്യത്തെ 13 പ്രധാന നഗരങ്ങളില്‍ പ്രതിഷേധ റൈഡ് സംഘടിപ്പിച്ചത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ സൂചകമായി എച്ച് ഒ ജി ഗ്രൂപ്പ് ആംഗങ്ങള്‍ റൈഡ് നടത്തിയത്.  

ദില്ലി: ഇന്ത്യയിലെ വില്‍പ്പനയും നിര്‍മ്മാണവും അവസാനിപ്പിക്കാനുള്ള ആഡംബര ബൈക്ക് നിർമ്മാതാക്കളായ ഹാർലി ഡേവിഡ്സന്റെ തീരുമാനത്തില്‍ പ്രതിഷേധവുമായി ഉപയോക്താക്കള്‍. ഡാര്‍ക്ക് റൈഡ് എന്ന പേരിലാണ് രാജ്യത്തെ 13 പ്രധാന നഗരങ്ങളില്‍ പ്രതിഷേധ റൈഡ് സംഘടിപ്പിച്ചത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ സൂചകമായി എച്ച് ഒ ജി ഗ്രൂപ്പ് ആംഗങ്ങള്‍ റൈഡ് നടത്തിയത്.  ദില്ലി, ഗുഡ്ഗാവ്, ഇന്‍ഡോര്‍, മുംബൈ, ബെംഗളുരി, ഭോപ്പാല്‍, ഭുവനേശ്വര്‍, കൊല്‍ക്കത്ത, ഗുവാഹത്തി, ലുധിയാന, ചണ്ഡിഗഡ്, റായ്പൂര്‍, ജയ്പൂര്‍ എന്നിവിടങ്ങളാണ് പ്രതിഷേധം നടത്തിയത്.

ഹീറോ മോട്ടോര്‍കോപ്പ് തങ്ങളുമായി സഹകരിച്ചില്ലെങ്കിലോ ഭാവിയില്‍ പാര്‍ട്സുകളും സര്‍വ്വീസും ലഭിച്ചില്ലെങ്കിലോ എന്ന ആശങ്കയാണ് പ്രതിഷേധത്തിന് കാരണമായത്. ലക്ഷക്കണക്കിന് രൂപയാണ് ഡീലര്‍മാര്‍ ഹാര്‍ലിക്കായി ചെലവാക്കിയിട്ടുള്ളത്. മൂന്ന് മുതൽ നാല് കോടി വരെയാണ് ഹാർലിയുടെ ഡീലർഷിപ്പിനായി ഡീലർമാർ മുടക്കിയിട്ടുള്ളത്. കമ്പനിക്ക് രാജ്യത്ത് 35 ഡീലർമാരാണ് ഉള്ളത്. 110 മുതൽ 130 കോടി വരെ ഹാർലി ഡേവിഡ്‌സണ്‍റെ തീരുമാനം രണ്ടായിരത്തോളം പേർക്ക് തൊഴിൽ നഷ്ടമാക്കുമെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേർസ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

4.69 ലക്ഷം മുതൽ 50 ലക്ഷം വരെ എക്‌സ്-ഷോറൂം വിലയുള്ള പതിമൂന്നോളം മോഡലുകൾ ഹാർലി ഡേവിഡ്സൺ ഇന്ത്യയിൽ വിൽക്കുന്നുണ്ട്. അതേസമയം വില്പനയിൽ ഏറിയ പങ്കും ഇന്ത്യൻ നിർമ്മിത വിലക്കുറവുള്ള മോഡലുകളായ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് 750 മോഡലുകൾക്കാണ്. മാത്രമല്ല മാർച്ചിൽ വില്പനക്കെത്തിയ സ്ട്രീറ്റ് 750-യുടെ അടിസ്ഥാന മോഡലിന്റെ വില Rs 5.34 ലക്ഷത്തിൽ നിന്നും 65,000 രൂപ കുറച്ച് Rs 4.69 ലക്ഷം രൂപയ്ക്കാണ് ഹാർലി വിറ്റിരുന്നത്.

എന്നിട്ടും ഏപ്രിൽ-ജൂൺ 2020 ത്രൈമാസത്തിൽ വെറും 100 ബൈക്കുകൾ മാത്രമേ ഹാർലിക്ക് ഇന്ത്യയിൽ വിൽക്കാൻ സാധിച്ചിട്ടുള്ളൂ. ഹാർലിയുടെ വിദേശ വിപണികൾ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണിത്. മാത്രമല്ല ഈ രീതിൽ മുന്നോട്ട് പോയാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ 2,500 യൂണിറ്റ് ബൈക്ക് വില്പനയുടെ അടുത്തെത്താൻ പോലും ഈ സാമ്പത്തിക വർഷം സാധിക്കില്ല എന്ന തിരിച്ചറിവാണ് ഇന്ത്യ വിടാനുള്ള കടുത്ത തീരുമാനത്തിലേക്ക് ഹാർലിയെ എത്തിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്ന നാലാമത്തെ വാഹന ബ്രാന്റാണ് ഹാർലി. ജനറൽ മോട്ടോർസ്, എംഎഎൻ ട്രക്സ്, യുഎം ലോഹിയ എന്നിവയാണ് നേരത്തെ പ്രവർത്തനം അവസാനിപ്പിച്ചവ. 

click me!