ഇലക്ട്രിക്ക് ബൈക്കുമായി ഹീറോ

By Web TeamFirst Published Feb 13, 2020, 11:06 AM IST
Highlights

രാജ്യത്തെ ഏറ്റവും പ്രമുഖ ഇരുചക്ര നിർമാതാക്കളായ ഹീറോ ഇതാദ്യമായി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തിക്കുന്നു

രാജ്യത്തെ ഏറ്റവും പ്രമുഖ ഇരുചക്ര നിർമാതാക്കളായ ഹീറോ ഇതാദ്യമായി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തിക്കുന്നു. എഇ–47 എന്ന് പേരുള്ള ബൈക്ക് ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചു. 

3.5 കിലോവാട്ട് അവര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് ഹീറോ എഇ-47 ന്‍റെ ഹൃദയം. 6 കിലോവാട്ട് ഇലക്ട്രിക് മോട്ടോര്‍ കരുത്തേകും. മണിക്കൂറില്‍ 100 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ ഒമ്പത് സെക്കന്‍ഡ് മതി. പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് നാല് മണിക്കൂര്‍ മാത്രം. പവര്‍ മോഡില്‍ 85 കിലോമീറ്ററും ഇക്കോ മോഡില്‍ 160 കിലോമീറ്ററും സഞ്ചരിക്കാന്‍ കഴിയും.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കീലെസ് ആക്‌സസ്, മൊബീല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ക്രൂസ് കണ്‍ട്രോള്‍, റിവേഴ്‌സ് ഗിയര്‍ എന്നിവ ഫീച്ചറുകളാണ്. സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി സവിശേഷതയാണ്. ജിപിഎസ്, ജിപിആര്‍എസ്, തല്‍സമയ ട്രാക്കിംഗ്, ജിയോ ഫെന്‍സിംഗ് എന്നീ ഫീച്ചറുകള്‍ പ്രത്യേക മൊബീല്‍ ആപ്പില്‍ ലഭ്യമായിരിക്കും.

മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് സംവിധാനമാണുള്ളത്. ഇരുചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക് (മുന്നില്‍ 290 എംഎം, പിന്നില്‍ 215 എംഎം), കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം എന്നിവ ഫീച്ചറുകളാണ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് എഇ-47 എന്ന് ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്റ്റര്‍ നവീന്‍ മുഞ്ജാല്‍ പറഞ്ഞു. ടെലിസ്കോപിക് ഫോർക്ക്, മോണോഷോക്ക് എന്നിവയ്ക്കു പുറമേ ക്രൂയിസ് കൺട്രോൾ സിസ്റ്റവും റിവേഴ്സ് ഗിയറും പുതിയ ബൈക്കിലുണ്ട്. ആപ്പ് വഴിയുള്ള സ്മാർട്ട് ഫോൺ കണക്ടിവിറ്റിയും പുതിയ ബൈക്കിൽ സാധ്യമാകുന്നതാണ്. 

പൂര്‍ണമായും ഇന്ത്യയിലല്ല ഹീറോ എഇ-47 നിര്‍മിച്ചത്. വിദേശ പങ്കാളികളില്‍നിന്ന് വാഹനഘടകങ്ങളും രൂപകല്‍പ്പനയും സ്വീകരിച്ചു. വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 1.3 ലക്ഷം മുതൽ 1.5 ലക്ഷം വരെയാണ് വാഹനത്തിന്റെ വിലയെന്നാണ് സൂചനകള്‍.

click me!