Latest Videos

പ്രളയബാധിത മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് ഹീറോയുടെ കൈത്താങ്ങ്

By Web TeamFirst Published Sep 5, 2019, 10:02 AM IST
Highlights

പ്രളയബാധിത മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ച് പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്

കേരളം, കര്‍ണ്ണാടകയുടെ വടക്കന്‍ മേഖലകള്‍, മഹാരാഷ്ട്രയുടെ തെക്കന്‍ മേഖലകള്‍ എന്നീ പ്രളയബാധിത മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ച് പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. ലേബര്‍ ചാര്‍ജ് ഇല്ലാത്ത സര്‍വീസും സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ക്ക് 30% ഡിസ്‌കൗണ്ടും ഈ പരിപാടിയില്‍ ഉള്‍പ്പെടുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് തടസരഹിതമായ ഗതാഗത സൗകര്യം ഉറപ്പുവരുത്താനും നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പുനരധിവാസപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ ആനുകൂല്യങ്ങള്‍. 

ഹീറോ മോട്ടോകോര്‍പ്പ് ഉത്പന്നങ്ങളുടെ എല്ലാ ഉടമകള്‍ക്കും പിന്തുണ നല്‍കിക്കൊണ്ട്, പ്രളയബാധിത മേഖലകളിലെ വാഹനങ്ങളുടെ ചെക്ക് അപ്പിനും അറ്റകുറ്റപ്പണിക്കും കമ്പനി ചാര്‍ജ് ഈടാക്കുന്നതല്ല. കൂടാതെ, വാഹനത്തിന് പരമാവധി പെര്‍ഫോമന്‍സ് ഉറപ്പാക്കുന്ന യഥാര്‍ഥ ഹീറോ സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ക്ക് 30% ഡിസ്‌കൗണ്ടും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 

ദുരിതബാധിത മേഖലകളിലെ ഹീറോ മോട്ടോ കോര്‍പ്പിന്റെ എല്ലാ ഡീസലര്‍ഷിപ്പുകളിലും അംഗീകൃത സര്‍വീസ് സെന്ററുകളിലും ഈ ആനുകൂല്യം 2019 സെപ്തംബര്‍ 10 വരെ ലഭ്യമാകും. 
 
ഉത്തരവാദിത്തമുള്ള കോര്‍പ്പറേറ്റ് പൗരന്‍ എന്ന നിലയില്‍ നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്ത് വരികയാണ് ഹീറോ മോട്ടോകോര്‍പ്പ് എന്നും ഈ മേഖലകളിലെ പുനരധിവാസ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് തുടരുമെന്നും കമ്പനി വ്യക്തമാക്കി. 

click me!