ആര്‍ക്കും വേണ്ട; തുരുമ്പിക്കാന്‍ വിധിക്കപ്പെട്ട് പുത്തന്‍ ട്രക്കുകളും ലോറികളും!

By Web TeamFirst Published Sep 4, 2019, 11:04 PM IST
Highlights

രാജ്യത്ത് വില്‍ക്കുന്ന പത്തില്‍ ഏഴ് ട്രക്കുകളുടെയും നിര്‍മാതാക്കളായ ഈ കമ്പനികളുടെ തകര്‍ച്ചയുടെ ഞെട്ടലിലാണ് വാഹനലോകം. 

രാജ്യത്തെ വാഹനവിപണിയിലെ കനത്ത പ്രതിസന്ധി ട്രക്ക് - ലോറി നിര്‍മാതാക്കളെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ഓഗസ്റ്റില്‍ ഇന്ത്യയിലെ നാല് പ്രധാന മീഡിയം ഹെവി ഡ്യൂട്ടി വാഹന നിര്‍മാതാക്കളുടെ മൊത്ത വില്‍പ്പനയില്‍ 59.50 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ട്രക്ക് നിര്‍മാണ രംഗത്തെ മുന്‍നിര കമ്പനിയായ ടാറ്റയുടെ വില്‍പ്പന ഇടിവ് 58 ശതമാനമാണ്. വിപണി വിഹിതത്തില്‍ രണ്ടാം സ്ഥാനത്തുളള അശോക് ലെയ്‍ലാന്‍ഡിനാകട്ടെ മുന്‍ വര്‍ഷത്തെ ഇതേകാലയളവിനെ പരിഗണിക്കുമ്പോള്‍ വില്‍പ്പനയില്‍ 70 ശതമാനത്തിന്‍റ ഇടിവാണുണ്ടായത്. രാജ്യത്ത് വില്‍ക്കുന്ന പത്തില്‍ ഏഴ് ട്രക്കുകളുടെയും നിര്‍മാതാക്കളായ ഈ കമ്പനികളുടെ വില്‍പ്പനയിടിവിന്‍റെ ഞെട്ടലിലാണ് വാഹനലോകം. 

2018 ആഗസ്റ്റില്‍ അശോക് ലെയ്‍ലാന്‍ഡിന്‍റെ വില്‍പ്പന 11, 135 യൂണിറ്റുകളായിരുന്നെങ്കില്‍ ഈ വര്‍ഷം ആഗസ്റ്റില്‍ അത് 3,336 യൂണിറ്റുകളായി കുറഞ്ഞു. ടാറ്റ കഴിഞ്ഞ വര്‍ഷം 12,715 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ആ വര്‍ഷം അത് 5,340 യൂണിറ്റുകളായി കുറഞ്ഞു. മഹീന്ദ്രയ്ക്കുണ്ടായ ഇടിവ് 58 ശതമാനത്തിന്‍റേതാണ്. 2018 ആഗസ്റ്റില്‍ മഹീന്ദ്ര 1,148 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഈ വര്‍ഷം ആഗസ്റ്റില്‍ അത് വെറും 354 യൂണിറ്റായി കുറഞ്ഞു. വില്‍പ്പന കൂട്ടാന്‍ കമ്പനികള്‍ വലിയ ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിച്ചെങ്കിലും വില്‍പ്പനയില്‍ പ്രതീക്ഷിച്ച വര്‍ധന കൈവരിക്കാന്‍ അവര്‍ക്കായില്ല. 

ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ ബാധിച്ചിരിക്കുന്ന വളര്‍ച്ചാ മുരടിപ്പ് ചരക്ക് നീക്ക സംവിധാനത്തില്‍ കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിന്‍റെ സൂചനകളാണ് ട്രക്ക് വില്‍പ്പനയിലുണ്ടായ കുറവില്‍ പ്രതിഫലിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ജൂൺ പാദത്തിൽ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനം മാത്രമായിരുന്നു, ആറ് വർഷത്തിനിടയിലെ ഏറ്റവും വേഗത കുറഞ്ഞ പാദ വളര്‍ച്ചാ നിരക്കാണിത്. ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ കാറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹന വിപണികളും തകര്‍ച്ചയിലാണ്. 

 

click me!