അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ്; കര്‍ശന നീക്കവുമായി ദില്ലി സര്‍ക്കാര്‍

By Web TeamFirst Published Sep 26, 2020, 9:43 AM IST
Highlights

എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളും ഇന്ധന സ്റ്റിക്കറുകളും നിര്‍ബന്ധമാക്കി ദില്ലി സര്‍ക്കാര്‍. 

ദില്ലി: എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളും ഇന്ധന സ്റ്റിക്കറുകളും നിര്‍ബന്ധമാക്കി ദില്ലി സര്‍ക്കാര്‍. പഴയതും പുതിയതുമായ എല്ലാ വാഹനങ്ങള്‍ക്കും അതിസുരക്ഷാ രജിസ്ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകള്‍ ഉടന്‍ സ്ഥാപിക്കണമെന്ന് ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നമ്പര്‍ പ്ലേറ്റുകളും ഇന്ധന സ്റ്റിക്കറും നിര്‍ബന്ധമാക്കുകയാണെന്നും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നും കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവില്‍ അധികൃതര്‍ വ്യക്തമാക്കി. 

തലസ്ഥാന മേഖലയിലെ എല്ലാ നാലുചക്ര വാഹനങ്ങള്‍ക്കും കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മുതല്‍ ഇന്ധന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കിയിരുന്നു. അതിസുരക്ഷാ രജിസ്ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകളും ഉറപ്പാക്കാന്‍ സുപ്രീം കോടതി നിയമിച്ച മലിനീകരണ നിയന്ത്രണ മേല്‍നോട്ട അതോറിറ്റി (ഇപിസിഎ) നിര്‍ദേശിച്ചെങ്കിലും നടപ്പായില്ല. നിയമസഭാ തിരഞ്ഞെടുപ്പും കോവിഡും കാരണം ഇതു പ്രാബല്യത്തിലാക്കുന്നതു നീണ്ടുപോയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 

എന്നാല്‍ മോട്ടോര്‍ വാഹന നിയമം ഉറപ്പാക്കാനുള്ള പരിശോധനകള്‍ ഉടന്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചതിനു പിന്നാലെ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി ബിജെപി ലഫ്. ഗവര്‍ണര്‍ക്ക് കത്തയച്ചെന്നും റിപ്പോര്‍‌ട്ടുകളുണ്ട്. 

അതേസമയം പുതിയ നിര്‍ദേശത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കുകമാത്രമേ ചെയ്യുന്നുള്ളൂവെന്നും ഇക്കാര്യം ജനങ്ങളെ അറിയിക്കുകയും ബോധവത്കരണം നടത്തുകയുമാണ് ലക്ഷ്യമെന്നും ദില്ലി  ഗതാഗത വകുപ്പ് സെക്രട്ടറി മനീഷ സക്‌സേന പറഞ്ഞു.  

click me!