
ഒരുകാലത്ത് ഇന്ത്യയുടെ ജനപ്രിയ വാഹനമായിരുന്നു അംബാസിഡര്‍ കാറുകള്‍. രാജ്യം 'അംബി' എന്ന് ഓമനപ്പേരിട്ട് വിളിച്ച വാഹനം. ഇപ്പോഴിതാ അംബാസഡറിന്റെ ഇലക്ട്രിക്ക് വേര്‍ഷന്‍റെ കണ്‍സെപ്റ്റ് ഡിജിറ്റലായി റെന്‍ഡര്‍ ചെയ്‍തിരിക്കുകയാണ് ഡിസി2 എന്ന സ്ഥാപനം. വിപണിയില്‍ ആവശ്യകത ഉണ്ടെങ്കില്‍ ഇപ്പോഴത്തെ ആശയം യഥാര്‍ത്ഥ ഇലക്ട്രിക് വാഹനമായി രൂപമെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒറിജിനല്‍ അംബാസഡറിന്റെ സ്‌റ്റൈലിംഗ് സൂചകങ്ങള്‍ കടമെടുത്താണ് പൂര്‍ണ വൈദ്യുത ‘അംബി’ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ ചിത്രീകരിച്ചത്. കാറിന്റെ ഛായാരൂപത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഇലക്ട്രിക് അംബാസഡറിന്റെ മുന്നില്‍ വലിയ ഗ്രില്‍ കാണാം. ഗ്രില്ലിന്റെ ഇരു വശങ്ങളിലും എല്‍ഇഡി ഹെഡ്‌ലാംപുകള്‍ നല്‍കിയിരിക്കുന്നു. യഥാര്‍ത്ഥ അംബാസഡറിന് നാല് ഡോറുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഡിസി2 കണ്‍സെപ്റ്റില്‍ കാണുന്നത് രണ്ട് ഡോറുകള്‍ മാത്രമാണ്. എന്നാല്‍ വിപണിയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ കൂടുതല്‍ ഡോറുകള്‍ നല്‍കാന്‍ കഴിയും. ക്ലാസിക്ക് ലുക്ക് ലഭിക്കുന്നതിന് സ്റ്റീല്‍ റിമ്മുകള്‍ നല്‍കിയിരിക്കുന്നു.
ഇലക്ട്രിക് അംബാസഡറിന്റെ പവര്‍ട്രെയ്ന്‍ സംബന്ധിച്ച വിവരങ്ങളൊന്നും ഡിസി2 വെളിപ്പെടുത്തിയില്ല. എന്നാല്‍ പൂര്‍ണ വൈദ്യുത വാഹനത്തിന് വേണ്ടത്ര റേഞ്ച് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം. രൂപകല്‍പ്പന, ഓള്‍ ഇലക്ട്രിക് ഡ്രൈവ്‌ട്രെയ്ന്‍ എന്നിവ പരിഗണിക്കുമ്പോള്‍ വിപണിയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ വില കൂടുതലായിരിക്കും.
ഇന്ത്യയില്‍ നിര്‍മിച്ച ആദ്യകാല കാറുകളിലൊന്നായിരുന്നു ഹിന്ദുസ്ഥാന്‍ അംബാസഡര്‍. ബ്രിട്ടനില്‍ നിര്‍മ്മിച്ചിരുന്ന ബ്രിട്ടീഷ് ഓക്സ്ഫോര്‍ഡ് 3 സീരീസിന്‍റെ ചുവടുപിടിച്ചാണ് ആദ്യ അംബാസിഡര്‍ നിര്‍മ്മിക്കുന്നത്. 1960നും 70നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ആദ്യമായി അംബാസഡർ ഇന്ത്യൻ നിരത്തുകൾ കീഴടക്കുന്നത്. വൈകാതെ അംബാസഡർ ഒരു കാർ എന്നതിലുപരി ഇന്ത്യക്കാരുടെ വികാരമായി മാറി. ഇന്ത്യയിലെ സാധാരണക്കാരൻ മുതൽ പ്രധാനമന്ത്രി വരെയുള്ളവരുടെ വാഹനം. ഇന്ത്യയുടെ നഗരജീവിതത്തിന്റെ അവിഭാജ്യഘടകം.
1980 വരെ അംബാസഡർ തന്റെ ഈ മേധാവിത്തം തുടർന്നെങ്കിലും എണ്‍പതുകളുടെ പകുതിയില്‍ മാരുതി 800 ന്‍റെ വരവോടെ അംബാസിഡര്‍ യുഗത്തിന് മങ്ങലേറ്റു. പിന്നീട് ആഗോളവല്‍ക്കരണത്തിന്‍റെ കുത്തൊഴുക്കില്‍ നിരത്തുകള്‍ കീഴടക്കിയ വിദേശ കുത്തക മോഡലുകളോടും മത്സരിക്കാനാവാതെ വന്നതോടെ 2014ൽ അംബാസഡർ ഇന്ത്യൻ നിരത്തുകളിൽ നിന്ന് പൂർണമായും തുടച്ചു നീക്കപ്പെട്ടു. ഈ റിയര്‍ വീല്‍ ഡ്രൈവ് സെഡാന്‍ ഇപ്പോഴും നിരവധി സെലിബ്രിറ്റികളുടെയും രാഷ്ട്രീയ നേതാക്കളുടെയുമൊക്കെ ഗാരേജില്‍ കാണാം.