സൗജന്യ സര്‍വീസ്, വാറന്‍റി കാലാവധികള്‍ നീട്ടിനല്‍കി കെടിഎം

By Web TeamFirst Published Apr 7, 2020, 5:41 PM IST
Highlights

വാഹനങ്ങളുടെ സൗജന്യ സര്‍വീസും വാറന്‍റിയും നീട്ടിനല്‍കി ബജാജിന്റെ പ്രീമിയം ബ്രാന്റായ കെടിഎം. കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഓസ്‍ട്രിയന്‍ ബ്രാന്‍ഡിന്‍റെ ഈ തീരുമാനം. 

വാഹനങ്ങളുടെ സൗജന്യ സര്‍വീസും വാറന്‍റിയും നീട്ടിനല്‍കി ബജാജിന്റെ പ്രീമിയം ബ്രാന്റായ കെടിഎം. കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഓസ്‍ട്രിയന്‍ ബ്രാന്‍ഡിന്‍റെ ഈ തീരുമാനം. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ വാറണ്ടിയും സര്‍വീസും നഷ്ടപ്പെട്ട വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ ഇത് പുതുക്കി നല്‍കുമെന്നാണ് കെടിഎം അറിയിച്ചിരിക്കുന്നത്. 

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്തുടനീളമുള്ള കെടിഎം ഷോറൂമുകളും ഡീലര്‍ഷിപ്പുകളും അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ബൈക്കുകളുടെ വാറന്‍റി, സര്‍വീസ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ഉപയോക്താക്കളുടെ ആശങ്ക നീക്കുന്നതിനാണ് ഈ തീരുമാനമെന്ന് കെടിഎം അറിയിച്ചു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കെടിഎമ്മിന്റെ ജന്മനാടായ ഓസ്ട്രിയയിലെ പ്ലാന്റും രണ്ട് ആഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍, ഇത് കെടിഎം ബൈക്കുകളുടെ വില്‍പ്പനയെ ഇതുവരെ ബാധിച്ചിട്ടില്ല. അതേസമയം, കെടിഎമ്മിന്റെ പല ബിസിനസ് പ്ലാനുകളെയും ലോക്ക്ഡൗണ്‍ പ്രതികൂലമായി ബാധിച്ചെന്നും കമ്പനി വ്യക്തമാക്കി. 

കെടിഎമ്മിന് പുറമെ, ഇന്ത്യയിലെ മറ്റ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ്, യമഹ, ബജാജ്, ഹോണ്ട, ഹീറോ തുടങ്ങിയ കമ്പനികളും സര്‍വീസും വാറന്‍റിയും നീട്ടി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, ബജാജ്, ഹോണ്ട, ഹീറോ തുടങ്ങിയ കമ്പനികള്‍ കൊറോണ പ്രതിരോധനത്തിനായി ധനസഹായവും പ്രഖ്യാപിച്ചു.

മാര്‍ച്ച് 20 നും ഏപ്രില്‍ 30 നുമിടയില്‍ വാറന്റിയും സൗജന്യ സര്‍വീസ് കാലയളവും അവസാനിക്കുന്ന ഇരുചക്ര വാഹന ഉപയോക്താക്കള്‍ക്ക് മെയ് 31 വരെയാണ് ബജാജ് ഓട്ടോ സമയം നീട്ടി നല്‍കിയത്. അതേ സമയം, ഏപ്രില്‍ 30 ന് അവസാനിക്കേണ്ട മൂന്നുചക്ര വാഹനങ്ങള്‍, ക്യൂട്ട് ക്വാഡ്രിസൈക്കിള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാണിജ്യ വാഹനങ്ങളുടെ സൗജന്യ സര്‍വീസ്, വാറന്റി കാലയളവ് ബജാജ് രണ്ട് മാസത്തേക്ക് ദീര്‍ഘിപ്പിച്ചു.

കാലാവധി അവസാനിക്കുന്നതു മുതല്‍ 60 ദിവസത്തേക്ക് (ജൂണ്‍ വരെ) സര്‍വീസുകള്‍ നീട്ടിയതായിട്ടാണ് യമഹ വ്യക്തമാക്കിയത്. മാര്‍ച്ച് 15 നും ഏപ്രില്‍ 15 നുമിടയില്‍ സൗജന്യ സര്‍വീസുകളുടെ കാലാവധി തീരുന്ന ഉപയോക്താക്കള്‍ക്ക് ജൂണ്‍ വരെ നീട്ടിനല്‍കി. മാര്‍ച്ച് 15 നും ഏപ്രില്‍ 15 നുമിടയില്‍ സ്റ്റാന്‍ഡേഡ് വാറന്റി, എക്‌സ്റ്റെന്‍ഡഡ് വാറന്റി അവസാനിക്കുന്ന ഉപയോക്താക്കള്‍ക്ക് ജൂണ്‍ വരെ ദീര്‍ഘിപ്പിച്ചു. മാത്രമല്ല, മാര്‍ച്ച് 15 നും ഏപ്രില്‍ 15 നുമിടയില്‍ വാര്‍ഷിക പരിപാലന കരാര്‍ (എഎംസി) അവസാനിക്കുന്നവര്‍ക്കും യമഹ ജൂണ്‍ വരെ സമയം നല്‍കി.

ലോക്ക്ഡൗണ്‍ കാലത്ത് ഉപയോക്താക്കള്‍ക്കായി പ്രത്യേക സേവനങ്ങള്‍ ആരംഭിച്ചതായി ടിവിഎസ് മോട്ടോര്‍ കമ്പനി അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ 18002587111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. ഇതേ നമ്പറില്‍ പാതയോര സഹായം 24 മണിക്കൂറും ലഭ്യമായിരിക്കും. മാത്രമല്ല, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ലഭിക്കേണ്ട സൗജന്യ സര്‍വീസ് ജൂണ്‍ വരെ ലഭ്യമായിരിക്കുമെന്ന് ടിവിഎസ് വ്യക്തമാക്കി. മാര്‍ച്ച് ഒന്നിനും ഏപ്രില്‍ 30 നും ഇടയില്‍ അവസാനിക്കുന്ന വാറന്റി ജൂണ്‍ 30 വരെ നീട്ടി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ലഭിക്കേണ്ട എഎംസി സര്‍വീസുകള്‍ ജൂണ്‍ വരെ ലഭ്യമായിരിക്കും.

click me!