അസ്‍തമിക്കുന്നു യൂണികോണ്‍ യുഗം!

By Web TeamFirst Published Jul 8, 2019, 2:55 PM IST
Highlights

ഏറ്റവും ഒടുവിലെത്തിയ യൂണികോണ്‍ പതിപ്പായ സിബി യൂണികോണ്‍ 160 എന്ന മോഡലിനെ കമ്പനി പിന്‍വലിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വില്‍പ്പനയിലെ ഇടിവിനെ തുടര്‍ന്നാണ് പുതിയ നീക്കം. 

ഒരുകാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ താരമായിരുന്നു ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ ഹോണ്ടയുടെ യൂണികോണ്‍. എന്നാല്‍ ജനപ്രിയ മോഡലായ  യൂണികോണിന്‍റെ ആ നല്ല കാലമൊക്കെ അസ്‍തമിച്ചെന്നാണ് പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചന.  ഈ ബൈക്കിന്‍റെ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും ഒടുവിലെത്തിയ യൂണികോണ്‍ പതിപ്പായ സിബി യൂണികോണ്‍ 160 എന്ന മോഡലിനെ കമ്പനി പിന്‍വലിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  വില്‍പ്പനയിലെ ഇടിവിനെ തുടര്‍ന്നാണ് പുതിയ നീക്കം. 

15 വര്‍ഷമായി ഇന്ത്യന്‍ നിരത്തുകളില്‍ യൂണികോണ്‍ സാന്നിധ്യമുണ്ട്. പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ബിഎസ്- 6 എന്‍ജിനില്‍ സിബി യൂണികോണ്‍ 160നെ കമ്പനി പുറത്തിറക്കിയേക്കില്ലെന്നാണ് സൂചനകള്‍. ബിഎസ്-6 എന്‍ജിന്‍ ആക്ടീവയെ അടുത്തിടെയാണ് അവതരിപ്പിച്ചത്. അടുത്തിടെയായി സിബി യൂണികോണ്‍ 160ന്‍റെ സ്റ്റോക്ക് എത്തുന്നില്ലെന്ന് മുംബൈയിലെ ഡീലര്‍ഷിപ്പുകളെ ഉദ്ധരിച്ച്‌ മോട്ടോര്‍ ബീം റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിബി യൂണിക്കോണിന്റെ 13,200 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. ഈ വര്‍ഷവും വില്‍പ്പന മെച്ചപ്പെടാത്തതിനാലാണ് വാഹനത്തിന്റെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ എത്തിക്കാന്‍ കമ്പനി തയ്യാറാകാത്തത് എന്നാണ് വിവരം.

ശ്രേണിയിലെ മറ്റ് ബൈക്കുകളെ അപേക്ഷിച്ച്‌ താരതമ്യേന വില കുറവായിരുന്നു യൂണികോണ്‍ 160ന്. 150 സിസി ബൈക്കുകളുടെ ശ്രേണിയിലേക്ക് കൂടുതല്‍ ബൈക്കുകള്‍ എത്തിയതാണ് യൂണികോണിന്റെ വില്‍പ്പന ഇടിയാന്‍ കാരണമായതെന്നാണ് കരുതുന്നത്. 2004ലാണ് ആദ്യ യൂണികോണിനെ ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 

click me!