സിറ്റിക്ക് പുത്തന്‍ എഞ്ചിന്‍ വച്ച് ഹോണ്ട

By Web TeamFirst Published Dec 11, 2019, 3:47 PM IST
Highlights

പുതുക്കിയ എഞ്ചിന്‍ നല്‍കിയതല്ലാതെ രൂപത്തിലും മറ്റും നിലവിലെ മോഡലില്‍ നിന്നും മാറ്റങ്ങളൊന്നും പുതിയ സിറ്റിക്കില്ല. 

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ  പ്രീമിയം സെഡാനായ സിറ്റി  മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ്6 നിലവാരത്തിലുള്ള എഞ്ചിനുമായി ഇന്ത്യയില്‍ പുറത്തിറക്കി.

പുതുക്കിയ എഞ്ചിന്‍ നല്‍കിയതല്ലാതെ രൂപത്തിലും മറ്റും നിലവിലെ മോഡലില്‍ നിന്നും മാറ്റങ്ങളൊന്നും പുതിയ സിറ്റിക്കില്ല. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ബിഎസ് 6 എന്‍ജിന്‍ നിര്‍ബന്ധമാണ്. ഇതിന് മുന്നോടിയായാണ് ബിഎസ് 6 എന്‍ജിനില്‍ സിറ്റി എത്തിയത്.

പരിഷ്‌കരിച്ച 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 6600 ആര്‍പിഎമ്മില്‍ 117 ബിഎച്ച്പി പവറും 4600 ആര്‍പിഎമ്മില്‍ 145 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡ് മാനുവല്‍, സിവിടിയാണ് ട്രാന്‍സ്മിഷന്‍. സിറ്റിയുടെ ബിഎസ് 6 ഡീസല്‍ വകഭേദം അടുത്ത ഘട്ടത്തിലെത്തും.

പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായി ഡിജിപാഡ് 2.0 (17.7 സെ.മീ ടച്ച്‌സ്‌ക്രീന്‍) സിറ്റിയില്‍ ഇടംപിടിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റിയുള്ളതാണിത്.

9.91 ലക്ഷം രൂപ മുതല്‍ 14.31 ലക്ഷം രൂപ വരെയാണ് ബിഎസ്6 എഞ്ചിനുള്ള പുതിയ വാഹനത്തിന്റെ ദില്ലി എക്‌സ്‌ഷോറൂം വില. നിലവിലെ ബിഎസ് 4 മോഡലിനെക്കാള്‍ പതിനാറായിരം രൂപയോളം കൂടുതലാണിത്.

1998 ജനുവരിയിലാണ് ഹോണ്ടയുടെ ഉപസ്ഥാപനമായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) ആഭ്യന്തര വിപണിയിൽ സിറ്റി വിൽപ്പനയ്ക്കു തുടക്കമിടുന്നത്. വിപണിയിലെത്തിയ ശേഷം 2003ല്‍ രണ്ടാം തലമുറയും 2008ല്‍ മൂന്നാംതലമുറയും 2014ല്‍ നാലാം തലമുറയും ഇന്ത്യന്‍ നിരത്തുകളിലെത്തി. ഈ നാലാം തലമുറയാണ് ഇപ്പോള്‍ നിരത്തുകളിലുള്ളത്.

ഇന്ത്യൻ വിപണിയിൽ ഏഴു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടം കൈവരിക്കുന്ന ആദ്യ പ്രീമിയം സെഡാനെന്ന നേട്ടം 2017 ഒക്ടോബറില്‍ സിറ്റി സ്വന്തമാക്കിയിരുന്നു. നിലവിൽ സിറ്റിയുടെ മൊത്തം വിൽപ്പനയിൽ 25 ശതമാനത്തിലേറെ ഇന്ത്യയുടെ സംഭാവനയാണ്.

സിറ്റിയുടെ പുതുക്കിയ മോഡലിനെ അടിമുടി മാറ്റങ്ങളോടെ ആഗോളതലത്തില്‍ ഹോണ്ട അവതരിപ്പിച്ചതും അടുത്തിടെയാണ്. തായ്‌ലന്‍ഡിലായിരുന്നു ഈ വാഹനത്തിന്‍റെ അവതരണം. ഈ സിറ്റിയും അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യന്‍ നിരത്തുകളിലേക്കെത്തും.

മുമ്പുണ്ടായിരുന്ന പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിനിലും, ഹൈബ്രിഡ് എന്‍ജിനിലും ഇത്തവണ സിറ്റി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ ഹൈബ്രിഡ് മോഡല്‍ എത്തുക.

1.5 ലിറ്റര്‍ i-VTEC എഞ്ചിനാണ് പെട്രോള്‍ വകഭേദത്തിന്‍റെ ഹൃദയം. 6 സ്പീഡ് മാനുവല്‍/സിവിടി ട്രാന്‍സ്മിഷനില്‍ ഈ എഞ്ചിന്‍ 117 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ഡീസല്‍ സിറ്റിയില്‍ 1.5 ലിറ്റര്‍ i-DTEC എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 100 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമേകും.

ഹോണ്ടയുടെ മറ്റ് സെഡാന്‍ മോഡലുകളായ സിവിക്, അക്കോഡ് മോഡലുകളോട് സമാനമാണ് പുതുതലമുറ സിറ്റിക്കും. ബംമ്പറിന്റെയും ഗ്രില്ലിന്റെയും വലിപ്പം കൂടി. എല്‍.ഇ.ഡി ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി ഡേടൈംറണ്ണിങ് ലൈറ്റ്, എല്‍.ഇ.ഡി ഫ്രണ്ട് ഫോഗ് ലാമ്പ് എന്നിവ മുന്‍വശത്തെ അലങ്കരിക്കുന്നു.

ആഗോള വിപണിയില്‍ അടുത്തിടെ എത്തിയ ജാസിന്റേതിന് സമാനമാണ് ഇന്റീരിയര്‍. പുതിയ ഡിസൈനിലുള്ള സ്റ്റിയറിങ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ ഫീച്ചറുകള്‍ പുതിയ സിറ്റിയില്‍ അധികമായി നല്‍കിയിട്ടുണ്ട്.

പുതിയ ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീല്‍, ഡോറിന് ചുറ്റും നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, പ്രീമിയം കാറുകളോട് കിടപിടിക്കുന്ന സി ഷെയ്പ്പ് എല്‍ഇഡി ടെയില്‍ ലാമ്പ്, എന്നിവയാണ് എക്സ്റ്റീരിയറിനെ അലങ്കരിക്കും. 

click me!