പുതിയൊരു പേരും കൂടി സ്വന്തമാക്കി ജനപ്രിയ ആക്ടീവ

By Web TeamFirst Published Oct 2, 2019, 4:23 PM IST
Highlights

സ്‌കൂട്ടര്‍ വ്യവസായത്തില്‍ ആദ്യമായി ആറു വര്‍ഷത്തെ വാറന്റി പാക്കേജ്. മൂന്നുവര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും മൂന്നുവര്‍ഷത്തെ ഓപ്ഷന്‍ വാറന്റിയും 

ഇന്ത്യയിലെ ആദ്യത്തെ ബിഎസ് 6 ഇരുചക്ര വാഹനമായ ആക്ടീവ 125 വിപണിയിലെത്തിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ.  സെപ്‍തംബര്‍ ആദ്യവാരം അവതരിപ്പിച്ച വാഹനം ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സ്റ്റാന്‍ഡേര്‍ഡ്, അലോയി, ഡീലക്‌സ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലാണ്  ആക്ടീവ 125 ബിഎസ് 6 ലഭിക്കുക. യഥാക്രമം 67,490 രൂപ, 70,900 രൂപ, 74,490 രൂപ എന്നിങ്ങനെയാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില. റെബല്‍ റെഡ് മെറ്റാലിക്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക്, പേള്‍ പ്രിഷ്യസ് വൈറ്റ് എന്നിങ്ങനെ നാലു നിറങ്ങളില്‍ ഇവ ലഭിക്കും.

മുന്നില്‍ 190 mm ഡിസ്‌കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് സുരക്ഷ. സൈഡ് സ്റ്റാന്‍ഡ് പൂര്‍ണ്ണമായും മടങ്ങിയ ശേഷം മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കൂ. 18 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസ്. സാധനങ്ങള്‍ വെയ്ക്കുന്നതിന് മുന്നില്‍ ചെറിയൊരു സ്റ്റോറേജ് സ്പേസ് വേറെയുമുണ്ട്. പുതിയ അലോയി വീലിനൊപ്പം മുന്നില്‍ ടെലസ്‌കോപ്പിക് ഫോക്കും പിന്നില്‍ ത്രീ സ്റ്റെപ്പ് അഡ്‍ജസ്റ്റബിള്‍ ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍. 

സ്‌കൂട്ടര്‍ വ്യവസായത്തില്‍ ആദ്യമായി ആറു വര്‍ഷത്തെ വാറന്റി പാക്കേജും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മൂന്നുവര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും മൂന്നുവര്‍ഷത്തെ ഓപ്ഷന്‍ വാറന്റിയും സ്‍കൂട്ടറിന് ലഭിക്കും. വിപണിയിലുള്ള മോഡലിനെക്കാള്‍ 13 ശതമാനം അധിക മൈലേജും പുതിയ ആക്ടീവയില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

2001-ലാണ് ആദ്യ ആക്ടീവ വിപണിയിലെത്തുന്നത്. നാലുകോടിയലധികം ആക്ടീവകളാണ് ഇതുവരെ നിരത്തിലെത്തിയത്. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ്. 

രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്. ബിഎസ് 4 വാഹനങ്ങളാണ് ഇപ്പോള്‍ നിരത്തില്‍. ബി എസ് - 3 പ്രകാരമുള്ളവയുടെ പകുതിയിൽ താഴെ ബഹിർഗമനമേ ബി എസ് - 4 ചട്ടങ്ങൾ അനുവദിക്കുന്നുള്ളൂ. 2020 മാര്‍ച്ച് 31 ശേഷം ഇവയും നിരത്തൊഴിയും. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ബി എസ് 6 നിലവാരത്തിലുള്ളവയായിരിക്കണമെന്ന് 2018 ഒക്ടോബറിലാണ് സുപ്രീം കോടതി വാഹനനിര്‍മ്മാതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.  മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണായക തീരുമാനം. ബിഎസ്-6 ചട്ടങ്ങൾ ബിഎസ്-4 ചട്ടങ്ങളേക്കാൾ കർശനമായിരിക്കും. രാജ്യത്തെ മിക്ക വാഹന നിര്‍മ്മാതാക്കളും ബിഎസ് 6എഞ്ചിന്‍റെ പണിപ്പുരയിലാണ്. 

click me!