നാലു ലക്ഷത്തിന്‍റെ വിലക്കിഴിവില്‍ ഇനി ഈ കാര്‍ നിങ്ങളുടെ വീട്ടിലെത്തും!

By Web TeamFirst Published Sep 17, 2019, 11:56 AM IST
Highlights

ഈ കാറിന്‍റെ വിവിധ മോ‍ഡലുകള്‍ക്ക് നാലു ലക്ഷം രൂപ വരെ ഡിസ്‍കൗണ്ട്

മുംബൈ: വാഹനവിപണിയിലെ കടുത്ത മാന്ദ്യത്തിനിടെ പിടിച്ചുനില്‍ക്കാന്‍ പുതിയ ഓഫറുകളുമായി മത്സരിക്കുകയാണ് രാജ്യത്തെ വിവിധ വാഹന നിര്‍മ്മാതാക്കള്‍.  ഓഫറുകളുടെ കാര്യത്തില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും ഒട്ടും പിന്നിലല്ല. തങ്ങളുടെ പ്രീമിയം എസ്‌യുവിയായ സിആർ–വിയുടെ വിവിധ മോ‍ഡലുകള്‍ക്ക് നാലു ലക്ഷം രൂപ വരെ ഡിസ്‍കൗണ്ടാണ് ഹോണ്ടയുടെ വാഗ്‍ദാനം. 

കഴിഞ്ഞ വർഷമാണ് ഹോണ്ട പുതിയ സിആർ–വി വിപണിയിലെത്തിച്ചത്.   120 ബിഎച്ച്പി കരുത്തുള്ള 1.6 ലീറ്റർ ഡീസൽ എൻജിനും 154 ബിഎച്ച്പി കരുത്തുള്ള 2 ലീറ്റർ പെട്രോൾ എൻജിനുമാണ് വാഹനത്തിന്‍റെ ഹൃദയം. 28 ലക്ഷം മുതലാണ് വാഹനത്തിന്‍റെ ഷോറൂം വിലകള്‍ തുടങ്ങുന്നത്. 

ഡീസല്‍ എന്‍ജിന്‍ സഹിതമാണ് കമ്പനി പുത്തന്‍ സി ആര്‍വിയെ കഴിഞ്ഞവര്‍ഷം മുതല്‍ പുറത്തിറക്കുന്നത്. പുത്തന്‍ എല്‍ ഇ ഡി ഹെഡ്‌ലാംപ്, എല്‍ ഇ ഡി ടെയ്ല്‍ ലാംപ്, പുത്തന്‍ അലോയ് വീല്‍ തുടങ്ങിയവയ്‌ക്കൊപ്പം നവീകരിച്ച അകത്തളവും പുതിയ സി ആര്‍ വിയുടെ പ്രത്യേകതകളാണ്.  ആന്‍ഡ്രോയ്ഡ്/ആപ്പിള്‍ കണക്ടിവിറ്റിയോടെ ഏഴ് ഇഞ്ച് ടച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനവുമുണ്ട്.  ഓഫ് റോഡ് ക്ഷമത മെച്ചപ്പെടുത്താന്‍ പുതിയ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും പുത്തന്‍ സി ആര്‍വിയെ വേറിട്ടതാക്കുന്നു.

സുരക്ഷിതത്വത്തിന്‍റെ കാര്യത്തില്‍ കരുത്ത് തെളിയിച്ച വാഹനം 2017ല്‍ നടന്ന ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം ഫോര്‍ സൗത്ത്-ഈസ്റ്റ് ഏഷ്യ (ASEAN NCAP) യുടെ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിംഗും നേടിയിരുന്നു. ഈ ക്രാഷ് ടെസ്റ്റിന്‍റെ 2017-2020ലെ പുതിയ നിയമപ്രകാരം 5 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്ന ആദ്യ മോഡലായിരുന്നു സിആര്‍-വി. അമേരിക്കയിലെ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈവേ സേഫ്റ്റി നടത്തിയ ക്രാഷ് ടെസ്റ്റിലും മികച്ച റേറ്റിങ് സ്വന്തമാക്കി IIHS 2017 ടോപ് സേഫ്റ്റി പിക്ക് പ്ലസ് അവാര്‍ഡും വാഹനം നേരത്തെ  കരസ്ഥമാക്കിയിരുന്നു. 

click me!