ഗ്രാസിയയുടെ വില കൂട്ടി ഹോണ്ട

By Web TeamFirst Published Jan 18, 2021, 6:29 PM IST
Highlights

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ തങ്ങളുടെ സ്റ്റൈലിഷ് സ്‌കൂട്ടറായ ഗ്രാസിയ 125 മോഡലിന്റെ വില കൂട്ടി

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ തങ്ങളുടെ സ്റ്റൈലിഷ് സ്‌കൂട്ടറായ ഗ്രാസിയ 125 മോഡലിന്റെ വില കൂട്ടി. പുതുക്കിയ വില അനുസരിച്ച് 1,100 രൂപ വരെയാണ് ഗ്രാസിയക്ക് കൂടിയതെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഹോണ്ട ഗ്രാസിയ 125 ഡ്രം, ഡിസ്ക്ക് എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ബേസ് മോഡലിന് 903 രൂപ ഉയർന്ന് 74,815 രൂപയായി എക്സ്ഷോറൂം വില. അതേസമയം സ്‌കൂട്ടറിന്റെ ഡിസ്ക്ക് പതിപ്പിന് 1,162 രൂപ കൂടി 82,140 രൂപയായി. വില വർധനയല്ലാതെ ഗ്രാസിയയിൽ കമ്പനി മറ്റ് മാറ്റങ്ങളൊന്നും നടപ്പാക്കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ ഗ്രാസിയ 125 ബിഎസ് 6 പതിപ്പിനെ 2020 ജൂണ്‍ മാസത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. എഞ്ചിന്‍ നവീകരണത്തിനൊപ്പം, ഫീച്ചറുകളിലും ഡിസൈനിലും ചെറിയ മാറ്റങ്ങളോടെയാണ് ജൂണില്‍ സ്‌കൂട്ടറിനെ ഹോണ്ട വിപണിയില്‍ അവതരിപ്പിച്ചത്.  ആക്‌ടിവയുടെ 125 പതിപ്പിലെ അതേ  എഞ്ചിനാണ് ഗ്രാസിയയുടെയും ഹൃദയം. 125 ബിഎസ് 6, 125 സിസി, സിംഗിൾ സിലിണ്ടർ എൻജിനൊപ്പം പിജിഎം-എഫ്ഐ എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്നോളജി), എൻഹാൻസ്ഡ് സ്മാർട്ട് പവർ (ഇഎസ്പി) എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്‌ഡേറ്റുചെയ്‌ത എഞ്ചിൻ 6,000 ആർപിഎമ്മിൽ 8.14 ബിഎച്ച്പി കരുത്തും 5,000 ആർപിഎമ്മിൽ 10.3 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 

മാറ്റ് സൈബർ യെല്ലോ, പേൾ സ്പാർട്ടൻ റെഡ്, പേൾ സൈറൻ ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ എന്നീ നിറങ്ങളിൽ ഗ്രാസിയ ലഭിക്കും.  സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ എത്തുന്നത്. 1,812 mm നീളവും 697 mm വീതിയും 1,146 mm ഉയരവും 1,260 mm വീല്‍ബേസുമാണ് ഗ്രാസിയയിൽ ഹോണ്ട ഒരുക്കിയിരിക്കുന്നത്. 155 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 107 കിലോഗ്രാമാണ് ആകെ ഭാരം. ഓപ്ഷണലായി അലോയി വീല്‍ തെരഞ്ഞെടുക്കാം എന്നതും മോഡലിനെ വ്യത്യസ്‌തമാക്കുന്നു. മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും മൂന്ന് തരത്തിൽ ക്രമീകരിക്കാവുന്ന പിൻ സസ്‌പെൻഷനും നൽകിയിരിക്കുന്നു. ആറ് വർഷത്തെ വാറന്റി പാക്കേജാണ് (മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് + മൂന്ന് വർഷം ഓപ്ഷണൽ എക്സ്റ്റെൻഡഡ് വാറന്റി) സ്കൂട്ടറിൽ വരുന്നത്.

എൽഇഡി ഡി സി ഹെഡ്‌ലാമ്പ്, സ്പ്ലിറ്റ് എൽഇഡി പൊസിഷൻ ലാമ്പ്, മൾട്ടി-ഫംഗ്ഷൻ സ്വിച്ച്, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഹെഡ്‌ലാമ്പ് ബീം & പാസിംഗ് സ്വിച്ച്, എഞ്ചിൻ കട്ട് ഓഫ് ഫംഗ്ഷനോടുകൂടിയ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ തുടങ്ങിയ ഫീച്ചേഴ്സ് ഈ പുതിയ മോഡലിന് നൽകിയിട്ടുണ്ട്. ഇന്റലിജന്റ് ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ ഡിസ്റ്റൻസ് ടു എംപ്റ്റി , ശരാശരി ഇന്ധനക്ഷമത എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. ത്രീ-സ്റ്റെപ്പ് ഇക്കോ ഇൻഡിക്കേറ്റർ, ക്ലോക്ക്, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ തുടങ്ങിയ വിവരങ്ങളും മീറ്ററിലൂടെ അറിയാൻ സാധിക്കും.

ആക്ടീവക്ക് മുകളിലുള്ള ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് സ്കൂട്ടറാണ് ഗ്രാസിയ. നഗരങ്ങളിലെ യുവത്വത്തെ ലക്ഷ്യംവെച്ച് 2017 നവംബറിലാണ് ഹോണ്ട ആദ്യ ഗ്രാസിയയെ നിരത്തിലെത്തിച്ചത്. അഗ്രസീവ് ഡിസൈനായിരുന്നു ഗ്രാസിയയുടെ മുഖമുദ്ര. 

click me!