ജനുവരിയില്‍ ഹോണ്ട ഇന്ത്യയില്‍ വിറ്റത് ഇത്രയും ലക്ഷം ടൂ വീലറുകള്‍!

By Web TeamFirst Published Feb 5, 2023, 11:25 PM IST
Highlights

2023ലെ ഡാകര്‍ റാലിയില്‍ മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം റൈഡര്‍ പാബ്ലോ ക്വിന്‍റാനില്ല നാലാം സ്ഥാനം നേടിയതാണ് ജനുവരിയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മറ്റൊരു നേട്ടം.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) 2023 ജനുവരിയില്‍ 296,363 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു.  278,143 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും, 18,220 യൂണിറ്റ് കയറ്റുമതിയും ഉള്‍പ്പെടെയാണിതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഹോണ്ട ആക്ടിവ 2023 അവതരണവും, പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസ് നെറ്റ്‌വര്‍ക്ക് വിപുലീകരണവും ജനുവരിയില്‍ നടന്നു. വിവിധ ഇടങ്ങളില്‍ റോഡ് സുരക്ഷ ബോധവത്കരണ ക്യാമ്പുകള്‍ നടത്തിയ കമ്പനി, ഹരിയാന മനേസറിലെ ഗ്ലോബല്‍ റിസോഴ്‌സ് ഫാക്ടറിയില്‍ യുവ വിദ്യാര്‍ഥികള്‍ക്കായി വ്യാവസായിക സന്ദര്‍ശനവും സംഘടിപ്പിച്ചു. 2023ലെ ഡാകര്‍ റാലിയില്‍ മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം റൈഡര്‍ പാബ്ലോ ക്വിന്‍റാനില്ല നാലാം സ്ഥാനം നേടിയതാണ് ജനുവരിയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മറ്റൊരു നേട്ടം.

സര്‍ക്കാരിന്റെ സമയപരിധിക്കും വളരെ മുമ്പ് എച്ച്എംഎസ്‌ഐക്ക് അതിന്റെ ആദ്യത്തെ ഒബിഡി2 മോഡലായ സ്‍മാര്‍ട്ട് കീയുമായുള്ള ന്യൂ ആക്റ്റിവ മോഡല്‍ പുറത്തിറക്കാനായെന്ന് ജനുവരിയിലെ വില്‍പന പ്രകടനത്തെ കുറിച്ച് സംസാരിച്ച ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും, പ്രസിഡന്റും, സിഇഒയുമായ അത്‌സുഷി ഒഗാറ്റ പറഞ്ഞു. ഈ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിന്റെ തുടര്‍ച്ചയായി, ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ഹോണ്ട അതിന്റെ മറ്റു ഉല്‍പ്പന്നങ്ങള്‍ ഉടന്‍ അപ്‌ഗ്രേഡ് ചെയ്യും. രാജ്യത്തെ മൊബിലിറ്റിയുടെ ഭാവി രൂപരേഖപ്പെടുത്തുന്ന വെഹിക്കിള്‍ സ്‌ക്രാപ്പിങ്, ഗ്രീന്‍ മൊബിലിറ്റി, നെറ്റ്‌സീറോ കാര്‍ബണ്‍ എമിഷന്‍ ലക്ഷ്യങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലേക്കാണ് ബുധനാഴ്ച അവതരിപ്പിച്ച ബജറ്റ് വെളിച്ചം വീശുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ഹോണ്ടയില്‍ നിന്നുള്ള മറ്റു വാര്‍ത്തകളില്‍ 2024 മാർച്ചോടെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കുമെന്ന് ഹോണ്ട ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിലുള്ള ആക്ടിവ സ്‌കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പ് ഹോണ്ട പുറത്തിറക്കും. അതിൽ ഇലക്ട്രിക് പവർട്രെയിൻ അവതരിപ്പിക്കും. പുതിയ ആക്ടിവ ഇലക്ട്രിക് ഒരു നിശ്ചിത ബാറ്ററി സജ്ജീകരണത്തോടെ വരുമെന്നും പരമാവധി 50 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യുമെന്നും കമ്പനി പറയുന്നു. ആക്ടിവ ഇവിക്ക് ശേഷം ഹോണ്ടയുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറങ്ങും, ഇത് പൂർണ്ണമായും പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ബ്രാൻഡിന്റെ രണ്ടാമത്തെ ഇവി, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സെറ്റ്-അപ്പ് കൊണ്ട് ഘടിപ്പിച്ച് ഉയർന്ന പ്രകടനം വാഗ്ദാനം ചെയ്യും. ഇന്ത്യയിൽ ഇ-മോട്ടോറും ബാറ്ററിയും പ്രാദേശികവൽക്കരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് മത്സരാധിഷ്ഠിത വില കൈവരിക്കാൻ ഹോണ്ടയെ സഹായിക്കും. രാജ്യത്തെ 6,000 ഉപഭോക്തൃ ടച്ച് പോയിന്റുകളിലുടനീളം കമ്പനി ബാറ്ററി-സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.

tags
click me!