സ്പോര്‍ട്ടി ലുക്കില്‍ ഒരു ഇ- സ്‍കൂട്ടറുമായി ഹോണ്ട

By Web TeamFirst Published Jan 12, 2020, 4:32 PM IST
Highlights

2018-ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഹോണ്ടയുടെ കരുത്തന്‍ സ്‌കൂട്ടര്‍ പിസിഎക്‌സിന്റെ ഇലക്ട്രിക് പതിപ്പ് ഈ വര്‍ഷം ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

കിടിലന്‍ ഒരു ഇലക്ട്രിക്ക് സ്‍കൂട്ടറിനെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട. 2018-ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഹോണ്ടയുടെ കരുത്തന്‍ സ്‌കൂട്ടര്‍ പിസിഎക്‌സിന്റെ ഇലക്ട്രിക് പതിപ്പ് ഈ വര്‍ഷം ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന ഡീലേർസ് മീറ്റില്‍ സ്‌കൂട്ടറിനെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. 

കാഴ്ചയില്‍ സ്‌പോര്‍ട്‌സ് ബൈക്കുകളുടെ പ്രൗഢിയാണ് പിസിഎക്‌സിനുള്ളത്. മുന്‍വശത്തുനിന്ന് നോക്കിയാല്‍ ഒരു റേസിങ് ബൈക്കിന്റെ രൂപം തന്നെയാണ് ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത.  ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പ്, വിന്‍ഡ് സ്‌ക്രീന്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ ഈ സ്‌കൂട്ടറിലെ ഹൈലൈറ്റാണ്. 1923 എംഎം നീളവും 745 എംഎം വീതിയും 1107 എംഎം ഉയരവും സ്‌കൂട്ടറിനുണ്ട്.

ഹോണ്ട സ്വന്തമായി നിര്‍മിച്ച ഹൈ ഔട്ട്പുട്ട് മോട്ടോറാണ് പിസിഎക്സില്‍ നല്‍കിയിട്ടുള്ളത്. സീറ്റിനടയിലായി ആവശ്യാനുസരണം ഊരിമാറ്റാവുന്ന വിധത്തിലാണ് രണ്ടു ബാറ്ററി. സ്‌കൂട്ടറില്‍ നിന്ന് പുറത്തെടുത്ത് ബാറ്ററി ചാര്‍ജ് ചെയ്യാം. ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ 41 കിലോമീറ്ററാണ് പിസിഎക്‌സിന്റെ റേഞ്ച്. 

വലിപ്പമേറിയ ഹെഡ്ലാമ്പുകളാണ് ഹോണ്ട PCX സ്‌കൂട്ടറിനുള്ളത്. താരതമ്യേന നീളം കൂടിയ സീറ്റുകളും ബൈക്കില്‍ കാണാം. ഡിസ്‌ക് ബ്രേക്ക്, ടെലിസ്‌കോപിക് ഫ്രണ്ട് സസ്പെന്‍ഷന്‍ തുടങ്ങിയ സന്നാഹങ്ങളും വാഹനത്തിലുണ്ട്. 

വീതിയേറിയ മുന്‍ഭാഗം, ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, വെര്‍ട്ടിക്കല്‍ എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ആള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്രണ്ട് ആപ്രോണിലെ വലിയ സ്റ്റോറേജ് സ്‌പേസ് എന്നിവയാണ് PCX -യുടെ സവിശേഷതകള്‍. സീറ്റിനടിയില്‍ 25 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസ്, 12 വാര്‍ട്ട് ചാര്‍ജിങ് സോക്കറ്റും വാഹനത്തിലുണ്ട്.

130 കിലോഗ്രാമാണ് ആകെ ഭാരം. സുരക്ഷയ്ക്കായി എബിഎസ് സൗകര്യവും സ്‌കൂട്ടറില്‍ ഉണ്ട്. വലിയ വൈസര്‍, നീളമേറിയ സീറ്റ്, ഫൂട്ട് സ്റ്റെപ്പ്‌സ് എന്നിവയും ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ സവിശേഷതയാണ്. 

PCX -ന്റെ പെട്രോള്‍ വകഭേദത്തെയും കമ്പനി വിപണിയില്‍ എത്തിച്ചിട്ടുണ്ട്. 149 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 8,500 rpm -ല്‍ 14.3 bhp കരുത്തും 6,500 rpm -ല്‍ 13.6 Nm torque ഉം സൃഷ്ടിക്കും. ഹീറോ ഇലക്ട്രിക് സ്‌കൂട്ടര്‍, ആര്‍തര്‍ എനര്‍ജി, ഒഖിനാവ ഇലക്ട്രിക് എന്നീ സ്‌കൂട്ടറുകളുമായി മത്സരിക്കാനാണ് ഹോണ്ട പിസിഎക്‌സ് ഇന്ത്യയിലെത്തുന്നത്. 

ഇലക്ട്രിക്ക് സ്‍കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന തീയ്യതിയോ സ്‌കൂട്ടറിന്റെ വിലയോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ജാപ്പനീസ് വിപണിയില്‍ സ്‌കൂട്ടര്‍ ലഭ്യമാണെങ്കിലും മറ്റ് വിപണികളില്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിലെ ഡീലര്‍ഷിപ്പുകളില്‍ മാത്രമായിരിക്കും പ്രഥമിക ഘട്ടത്തില്‍ ഈ സ്‌കൂട്ടര്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!