കിയ, സോറെന്റോയെ അടിസ്ഥാനമാക്കി MQ4i എന്ന കോഡ് നാമത്തിൽ ഒരു പ്രീമിയം ത്രീ-റോ ഹൈബ്രിഡ് എസ്‌യുവി ഇന്ത്യയ്ക്കായി ഒരുക്കുന്നു.
കിയ സോറെന്റോയെ അടിസ്ഥാനമാക്കി ഇന്ത്യയ്ക്കായി ഒരു പ്രീമിയം ത്രീ-റോ ഹൈബ്രിഡ് എസ്‌യുവി ഒരുക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ. MQ4i എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ മോഡൽ ഈ വർഷം അവസാനത്തോടെ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കിയ 7 സീറ്റർ ഹൈബ്രിഡ് എസ്‌യുവി സിബിയു (കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ്) റൂട്ട് വഴി കൊണ്ടുവരുമെന്നായിരുന്നു മുൻ റിപ്പോർട്ടുകൾ. എന്നാൽ ഈ എസ്‌യുവി ഒരു സികെഡി (കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ) യൂണിറ്റായി എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അതായത്, ഘടകങ്ങളും ഭാഗങ്ങളും അസംബിൾ ചെയ്യാത്ത രൂപത്തിൽ ഇറക്കുമതി ചെയ്യുകയും പിന്നീട് ഒരു പ്രാദേശിക അസംബ്ലി സൗകര്യത്തിൽ ഒരുമിച്ച് ചേർക്കുകയും ചെയ്യും.
മത്സരാധിഷ്ഠിത വില കൈവരിക്കുന്നതിനായി ഉയർന്ന പ്രാദേശികവൽക്കരണത്തിൽ കമ്പനി ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ നടന്നാൽ, വരാനിരിക്കുന്ന കിയ സോറെന്റോ എസ്‌യുവി ഇന്ത്യയിൽ തന്നെ നിർമ്മിക്കപ്പെടും. ആന്ധ്രാപ്രദേശിലെ അനന്തപൂർ പ്ലാന്റ് ഹൈബ്രിഡ് എസ്‌യുവിയുടെ ഉത്പാദന കേന്ദ്രമായി പ്രവർത്തിക്കും. പദ്ധതി യാഥാർത്ഥ്യമായാൽ, ഇന്ത്യ-സ്പെക്ക് മോഡലിന് അകത്തും പുറത്തും ചില വിപണി-നിർദ്ദിഷ്ട മാറ്റങ്ങൾ ലഭിച്ചേക്കാം.
കിയയുടെ ഇന്ത്യയ്ക്കുള്ള ഹൈബ്രിഡ് എഞ്ചിന്റെ സവിശേഷതകൾ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 115 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന പരീക്ഷിച്ചു വിജയിച്ച 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ കമ്പനി ഹൈബ്രിഡ് ചെയ്യാൻ സാധ്യതയുണ്ട്. ആഗോളതലത്തിൽ, കിയ സോറെന്റോ ഹൈബ്രിഡ് 59 bhp ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 1.6 ലിറ്റർ ടർബോ TGDi പെട്രോൾ എഞ്ചിനിൽ ലഭ്യമാണ്. വിപണിയെ ആശ്രയിച്ച് ഈ സജ്ജീകരണം 230 bhp-238 bhp സംയോജിത പവർ ഔട്ട്പുട്ട് നൽകുന്നു. എസ്‌യുവി നിരയിൽ വിവിധ വിപണികളെ ആശ്രയിച്ച് 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും FWD, AWD ഡ്രൈവ്‌ട്രെയിൻ ഓപ്ഷനുകളും ഉണ്ട്.
കിയ സോറെന്റോയ്ക്ക് 4,815 എംഎം നീളവും 1,900 എംഎം വീതിയും 1,700 എംഎം ഉയരവും ലഭിക്കും. 2,815mm ആണ് വീൽബേസ്. ഇത് മഹീന്ദ്ര XUV 7XO (4695mm X 1890mm X 1755mm), ടാറ്റ സഫാരി (4668mm X 1922mm X 1795mm) എന്നിവയേക്കാൾ വലുതാണ്. ടൊയോട്ട ഫോർച്യൂണറിനേക്കാൾ നീളവും വീതിയും ഇതിനുണ്ടാകും. ഒരു പ്രീമിയം ഓഫർ ആയതിനാൽ, സോറെന്റോ ഹൈബ്രിഡ് നിരവധി നൂതന സവിശേഷതകൾ വാഗ്‍ദാനം ചെയ്യുന്നു.
