ഇ വി ബാറ്ററി ഷെയറിങ്​ പദ്ധതിയുമായി ഹോണ്ട

By Web TeamFirst Published Oct 30, 2021, 9:49 PM IST
Highlights

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇലക്ട്രിക്​ ഓട്ടോറിക്ഷകൾക്കായി ബാറ്ററി പങ്കുവയ്ക്കുന്ന സേവനം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.

ജാപ്പനീസ് (Japanese) വാഹന നിര്‍മ്മാതാക്കളായ ഹോണ്ട (Honda) ഇലക്ട്രിക്​ ഓട്ടോറിക്ഷകൾക്കായി ബാറ്ററി പങ്കുവയ്ക്കുന്ന സേവനം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. 2022 ആദ്യ പകുതിയോടെ 'ഹോണ്ട മൊബൈല്‍ പവര്‍ പാക്ക്' പദ്ധതി തിരഞ്ഞെടുത്ത നഗരങ്ങളിൽ ആരംഭിക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിലവില്‍ വിപണിയില്‍ ലഭ്യമായ ഇലക്ട്രിക്ക് വാഹനങ്ങള്‍ റേഞ്ച് കുറവ്​, നീണ്ട ചാര്‍ജിങ്​ സമയം, ബാറ്ററികളുടെ ഉയര്‍ന്ന വില എന്നിങ്ങനെ മൂന്ന് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്​. കൈമാറ്റം ചെയ്യാവുന്ന ബാറ്ററികളുടെ ഉപയോഗത്തിലൂടെയും ഈ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ്​ ഹോണ്ട പ്രതീക്ഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍​. 

ഹോണ്ടയുടെ ബാറ്ററി പങ്കുവയ്ക്കല്‍ സേവനം പ്രകാരം റിക്ഷാ ഡ്രൈവര്‍മാര്‍ സിറ്റിയിലെ ഏറ്റവും അടുത്ത ബാറ്ററി കൈമാറ്റ സ്റ്റേഷനിലെത്തി ചാര്‍ജ് കുറഞ്ഞ എംപിപിഇ കൈമാറി പൂര്‍ണമായും ചാര്‍ജ് ചെയ്​ത എംപിപിഇ പകരം സ്വീകരിക്കും. ബാറ്ററി ചാര്‍ജ് തീര്‍ന്നു പോകുമെന്ന ഡ്രൈവര്‍മാരുടെ ആശങ്ക ഇതോടെ ഒഴിവാകും.റിക്ഷാ ബാറ്ററി ചാര്‍ജ് ചെയ്യാനായി കാത്തിരുന്ന് ഉപഭോക്താക്കളെ നഷ്​ടപ്പെടുത്തുകയും വേണ്ട.

സേവനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഹോണ്ട ബാറ്ററി ഷെയറിങ്ങിനായി പ്രാദേശിക സ്ഥാപനങ്ങള്‍ സ്ഥാപിക്കും. ഇവര്‍ ഹോണ്ടയുടെ മൊബൈല്‍ പവര്‍ പാക്ക് എക്സ്ചേഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്‍ത് നഗരങ്ങളില്‍ ബാറ്ററി ഷെയറിങ് സേവനങ്ങള്‍ നടത്തും. ഇലക്ട്രിക്ക് റിക്ഷാ ഉല്‍പ്പാദകരുമായി ചേര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലായിരിക്കും ആദ്യം സേവനം ആരംഭിക്കുക.

രാജ്യത്ത്​ എട്ട് ദശലക്ഷത്തിലധികം യൂണിറ്റ് ഓട്ടോ റിക്ഷകളുണ്ട് എന്നാണ് കണക്കുകള്‍. നഗരപ്രദേശങ്ങളില്‍, ഈ റിക്ഷകള്‍ പ്രധാനമായും സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 

click me!