വേറിട്ടൊരു നേട്ടം കൂടി സ്വന്തമാക്കി പട്ടേല്‍ പ്രതിമയാല്‍ ശ്രദ്ധേയമായ നാട്!

Web Desk   | Asianet News
Published : Jun 07, 2021, 01:12 PM IST
വേറിട്ടൊരു നേട്ടം കൂടി സ്വന്തമാക്കി പട്ടേല്‍ പ്രതിമയാല്‍ ശ്രദ്ധേയമായ നാട്!

Synopsis

ഏകതാ പ്രതിമ കൊണ്ട് ലോകത്താകെ പേരുകേട്ട ഈ നഗരം പുതിയൊരു നേട്ടത്തിനു കൂടി ഉടമയായിരിക്കുകയാണ്

അഹമ്മദാബാദ്: ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായി പട്ടേലിന്‍റെ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്ന നഗരമാണ് ഗുജറാത്തിലെ നർമദ ജില്ലയിലെ കെവാദിയ. സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നറിയപ്പെടുന്ന ഏകതാ പ്രതിമ കൊണ്ട് ലോകത്താകെ പേരുകേട്ട ഈ നഗരം പുതിയൊരു നേട്ടത്തിനു കൂടി ഉടമയായിരിക്കുകയാണ്. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹന നഗരമെന്ന ഖ്യാതി സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് കെവാദിയ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

182 മീറ്റർ ഉയരമുള്ള പട്ടേല്‍ പ്രതിമ സന്ദർശിക്കാൻ ആയിരക്കണക്കിനു സന്ദർശകരാണ് കെവാദിയയില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ കെവാദിയ ഇപ്പോള്‍ ഗുജറാത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. ഇതേ കാരണത്താല്‍ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാണ് ഈ പുതിയ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ലോക പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഘട്ടംഘട്ടമായി കെവാദിയ ഇലക്ട്രിക് വാഹനങ്ങൾ മാത്രം ഓടുന്ന നഗരമാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇങ്ങോട്ട് സന്ദർശകരുമായി എത്തുന്ന ബസുകൾ ഇലക്ട്രിക്കായിരിക്കണം എന്നാണ് നിബന്ധന. ഗുജറാത്ത് ഊർജ വികസന ഏജൻസി ഇക്കാര്യത്തിൽ സഹായം നൽകും. ഈ മേഖലയുടെ ചുമതലയുള്ള ടൂറിസം വകുപ്പിനാണ് പദ്ധതിയുടെ ഏകോപന ചുമതല. 

ഇവിടെ ജോലി ചെയ്യുന്നവർക്കും ഇ വാഹനങ്ങൾ വാങ്ങാൻ വായ്‍പയും സബ്‍സിഡിയും നൽകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  50 ഇ ഓട്ടോകളുള്ള കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകും. തദ്ദേശീയരായ സ്ത്രീകൾക്ക് ഇ ഓട്ടോറിക്ഷകൾ വാങ്ങാന്‍ ലോണ്‍ നൽകുകയും ഒപ്പം സ്ത്രീകള്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാൻ പരിശീലനം നല്‍കുകയും ചെയ്യും. സംസ്ഥാനത്തെ രണ്ട് പ്രധാന ജലവൈദ്യുത പദ്ധതികളുടെ കേന്ദ്രം കൂടിയാണ് കെവാദിയ.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കെവാദിയയില്‍ രാജ്യത്തെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‍തിരുന്നു. സ്റ്റാച്യൂ ഓഫ് യൂണിറ്റിയെയും സബര്‍മതിയെയും ബന്ധിപ്പിക്കുന്നതായിരുന്നു സര്‍വീസ്. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 145-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള രാഷ്ട്രീയ ഏകതാ ദിവസിലാണ് പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചത്.  200 കിലോമീറ്ററാണ് സബര്‍മതി നദീമുഖത്ത് നിന്ന് പ്രതിമ നില്‍ക്കുന്ന കെവാഡിയയിലേക്കുള്ള ദൂരം. റോഡ് മാര്‍ഗം നാല് മണിക്കൂര്‍ വേണ്ടപ്പോള്‍ സീ പ്ലെയിന്‍ മാര്‍ഗം 45 മിനിറ്റ് മാത്രം മതി.  സ്‌പൈസ് ജെറ്റിനാണ് നടത്തിപ്പ് ചുമതല. 

PREV
click me!

Recommended Stories

വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!
ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ