എണ്ണയടിക്കുന്ന കാശില്‍ ലോണ്‍ അടയ്ക്കാം, ഡീലര്‍ ഇല്ല, ഈ സ്‍കൂട്ടര്‍ വാങ്ങലടക്കം വെറൈറ്റിയാണ്!

By Web TeamFirst Published Sep 9, 2021, 10:46 AM IST
Highlights

പെട്രോള്‍ അടിക്കുന്ന പണം ഉണ്ടെങ്കില്‍ ലോണ്‍ അടച്ചുതീരും. വാഹനവിപണിയില്‍ വിപ്ളവവുമായി ഒല. ഈ സ്‍കൂട്ടര്‍ വാങ്ങുന്നത് എങ്ങനെ? ഇതാ അറിയേണ്ടതെല്ലാം

രാജ്യം ഒരു ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഒഴുക്കാണ് ഇപ്പോല്‍ നിരത്തിലും വിപണിയിലും. വണ്ടി നിര്‍മ്മാണ കമ്പനികളെയും പോലെ പല വാഹന ഉടമകളും ഇലക്ട്രിക്കിലേക്ക് ചുവടുവച്ചു കഴിഞ്ഞു. അതിന്‍റെ മുഖ്യ കാരണം മറ്റൊന്നുമല്ല,  ഉയര്‍ന്നുനിൽക്കുന്ന ഇന്ധന വില തന്നെ.

ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒലയും ഈ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. പുതിയ ഇലക്ട്രിക്ക് സ്‍കൂട്ടറിന്‍റെ രണ്ട് വേരിയന്റുകളാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഒല പുറത്തിറക്കിയത്. ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടർ നിർമ്മാണ ഫാക്ടറി തന്നെ ഒല ഇന്ത്യയിൽ സ്ഥാപിച്ചുകഴിഞ്ഞു. ഡീലർമാരെ ഒഴിവാക്കി നേരിട്ട് ഡെലിവറി നൽകുന്നതുൾപ്പടെയുള്ള നിരവധി പ്രത്യേകതകളുമായാണ് ഒലയുടെ വരവ്. ഇതിന് പുറമേ രാജ്യവ്യാപകമായി ചാർജിംഗ് സ്റ്റേഷനുകളുടെ ശ്രേണി ഒരുക്കുന്നതിലും കമ്പനി ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബാങ്കുകളുമായി ചർച്ച നടത്തി തങ്ങളുടെ വാഹനത്തിന് വായ്‍പ നൽകാനും കമ്പനി മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എയു സമോൾ ഫിനാൻസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര പ്രൈം, ടാറ്റ ക്യാപിറ്റൽ, യെസ് ബാങ്ക്, തുടങ്ങിയവ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് ഒല ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ധനസഹായം നൽകാൻ തയ്യാറായിട്ടുള്ളത്. ഇവർക്ക് പുറമേ മറ്റ് ബാങ്കുകളുമായി ചർച്ച പുരോഗമിക്കുന്നുമുണ്ടെന്നും ഈ മാസം എട്ടാം തീയതിമുതൽ ഒല ഇലക്ട്രിക് സ്‌കൂട്ടറുകൾ ലോണ്‍ എടുത്ത് വാങ്ങാനാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.  വളരെ ആകര്‍ഷകമായ ഫിനാന്‍സിംഗ് ഓപ്ഷനുകളും ഇതിനൊപ്പം അവതരിപ്പിക്കുന്നുണ്ടെന്നും, ഇഎംഐ വെറും 2,999 രൂപയില്‍ ആരംഭിക്കുന്നതായും കമ്പനി അധികൃതര്‍ വ്യക്തമാക്കിയതായി ഡ്രൈവ് സ്‍പാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒല സ്‍കൂട്ടര്‍ വാങ്ങുന്നത് എങ്ങനെ?
ഒല ആപ്പിലെ പര്‍ച്ചേസ് വിന്‍ഡോ കഴിഞ്ഞ ദിവസം തുറന്നു. ബുധനാഴ്‍ച വൈകുന്നേരം 6 മുതലാണ് കമ്പനി​ പർച്ചേസ്​ വിൻഡോ തുറന്നത്​. നേരത്തേ വാങ്ങുന്നവർക്ക്​ മുൻഗണനാ ഡെലിവറി ലഭിക്കും. വാഹനം വാങ്ങലും നിറങ്ങളുടെ തെരഞ്ഞെടുപ്പും ടെസ്​റ്റ്​ ഡ്രൈവ്​ ബുക്കിങുമെല്ലാം ഓൺലൈനായാണ്​ നിർവഹിക്കേണ്ടത്​. വാഹനം ഹോം ​ഡെലിവറി ആയി വീട്ടിലെത്തിക്കും.

വാങ്ങല്‍ പ്രക്രിയ
ജൂലൈ 15 ന് ഓല സ്​കൂട്ടറുകൾക്ക് ബുക്കിംഗ്​ സ്വീകരിച്ചുതുടങ്ങിയിരുന്നു. നേരത്തെ റിസർവേഷൻ ഉള്ള ആർക്കും ഓൺലൈനായി ഓല സ്​കൂട്ടറുകളുടെ വാങ്ങൽ നടപടികളിലേക്ക് കടക്കാം. മുഴുവൻ വാങ്ങൽ പ്രക്രിയയും പരിധികളില്ലാതെ ഡിജിറ്റൽ ആയാണ്​ ലഭ്യമാക്കുന്നതെന്ന്​ കമ്പനി അധികൃതർ പറയുന്നു. ഷോറൂമുകൾ സന്ദർശിക്കാതെ വീട്ടിൽ ഇരുന്ന്​ ഓല സ്​കൂട്ടർ വാങ്ങാം. മുൻഗണനാ ക്രമത്തിലായിരിക്കും ഡെലിവറി നടക്കുക. സ്റ്റോക്​ അവസാനിക്കുന്നതുവരെ മാത്രമേ വിൻഡോ തുറന്നിരിക്കുകയുള്ളൂ.

ആവശ്യമായ വകഭേദവും ഇഷ്​ടപ്പെടുന്ന നിറവും തിരഞ്ഞെടുക്കുക എന്നതാണ് വാഹനം വാങ്ങുന്നതി​ന്‍റെ ആദ്യ പടി. എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട്​​ വേരിയൻറുകളാണ്​ ഒലക്കുള്ളത്​. 10 നിറങ്ങളിൽ നിന്നും 2 ഫിനിഷുകളിൽ നിന്നും ഇഷ്​ടമുള്ളതും​ തിരഞ്ഞെടുക്കാം. ആദ്യം ഓർഡർ ചെയ്​തതിന്​ ശേഷവും വേണമെങ്കിൽ വേരിയൻറിനേയും നിറത്തെയും മാറ്റാനും സാധിക്കും. പക്ഷേ വാഹനം ഡെലിവറിക്കായി പുറപ്പെടുന്നതുവരെ മാത്രമേ ഇത്​ സാധ്യമാവുകയുള്ളൂ.

പണം നൽകുന്നത്
ഓല ഫിനാൻഷ്യൽ സർവീസസ് (OFS)ഉപഭോക്​താക്കൾക്ക്​ തിരഞ്ഞെടുക്കാൻ സൗകര്യപ്രദമായ ഇൻ-ക്ലാസ് ഫിനാൻസിങ്​ ഓപ്ഷനുകൾ നൽകുമെന്ന്​ കമ്പനി പറയുന്നു. ഡൗൺപേയ്​മെൻറ്​ അടച്ചശേഷം ധനസഹായം ആവശ്യമുണ്ടെങ്കിൽ ഓല ഫിനാൻഷ്യൽ സർവീസസ് ​സഹായിക്കും. ഐഡിഎഫ്​സി ഫസ്റ്റ് ബാങ്ക്, എച്ച്​ഡിഎഫ്​സി, ടാറ്റ ക്യാപിറ്റൽ എന്നിവയുൾപ്പെടെയുള്ള ബാങ്കുകളുമായി ചേർന്നാണ്​ ഒല നിലവില്‍ പ്രവർത്തിക്കുന്നത്​. ഇഎംഐകൾ 2999 രൂപയിലും (ഓല എസ് 1 ) 3199 രൂപയിലും (ഓല എസ് 1 പ്രോ) ആരംഭിക്കും. എച്ച്ഡിഎഫ്​സി ബാങ്ക് ഓല ഇലക്ട്രിക് ആപ്പുകളിൽ മിനിറ്റുകൾക്കുള്ളിൽ യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് പ്രീ-അപ്രൂവ്ഡ് വായ്​പ നൽകും.

ടാറ്റ ക്യാപിറ്റലും ഐഡിഎഫ്​സി ഫസ്റ്റ് ബാങ്കും ഡിജിറ്റൽ കെവൈസി പ്രോസസ്സ് ചെയ്യുകയും യോഗ്യരായ ഉപഭോക്താക്കൾക്ക് തൽക്ഷണ വായ്​പ അനുമതികൾ നൽകും. ആധാർ കാർഡ്​, പാൻ കാർഡ, വിലാസത്തി​െൻറ തെളിവ്​ എന്നിവയാണ്​ ഉപഭോക്​താക്കൾ കയ്യിൽ കരുതേണ്ടത്​. ഫിനാൻസ്​ ആവശ്യമില്ലെങ്കിൽ ഓല എസ് 1 ന് 20,000 രൂപയോ ഓല എസ് 1 പ്രോയ്ക്ക് 25,000 രൂപയോ അഡ്വാൻസ് നൽകാം. ബാക്കി തുക മറ്റ്​ നടപടികൾ പൂർത്തിയാക്കു​മ്പോൾ നൽകിയാൽ മതി. ബുക്കിംഗ്​ റദ്ദാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ഡൗൺ-പേയ്‌മെൻറും അഡ്വാൻസും പൂർണമായും റീഫണ്ട് ചെയ്യാവുന്നതാണ്. ഓല ഫാക്ടറിയിൽ നിന്ന് സ്​കൂട്ടർ അയയ്ക്കുന്നതുവരെ മാത്രമേ ബുക്കിംഗ്​ റദ്ദാക്കാനാവൂ.

ഇൻഷുറൻസും ടെസ്റ്റ് റൈഡും
ഓല ഇലക്ട്രിക് ആപ്പ് ഉപയോഗിച്ച് വാഹനം ഇൻഷുർ ചെയ്യാം. ഐസിഐസിഐ ലോംബാർഡ് നിലവിൽ സമഗ്രമായ വാഹന ഇൻഷുറൻസ് പോളിസികൾ വാഗ്​ദാനം ചെയ്യുന്നുണ്ട്​. ടെസ്​റ്റ്​ റൈഡുകൾ ഒക്ടോബർ മുതൽ ആരംഭിക്കും.

ഡെലിവറി
2021 ഒക്ടോബറിൽ ഡെലിവറികൾ ആരംഭിക്കുമെന്നാണ്​ കമ്പനി പറയുന്നത്​. സ്​കൂട്ടർ നേരിട്ട് വീട്ടിൽ എത്തിച്ചു നല്‍കും. വാഹനത്തി​ന്‍റെ ഷിപ്പിങിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഡ്വാൻസ്​ കഴിഞ്ഞുള്ള പണം അടക്കണം. തുടർന്ന്​ ഡെലിവറി തീയതി അറിയിക്കും. പേയ്‌മെൻറ്​ തീയതി നഷ്‌ടപ്പെടുകയാണെങ്കിൽ അനുവദിച്ച സ്​കൂട്ടർ മറ്റൊരാൾക്ക് നൽകും. പിന്നീട് പണം ലഭിക്കു​മ്പോൾ വാങ്ങൽ പൂർത്തിയാക്കിയാലും മതിയാകും. ഇതിനായി പുതിയ ഡെലിവറി തീയതിയും നൽകും.

സർവ്വീസ്
പെട്രോൾ ഡീസൽ വാഹനങ്ങളെ​പ്പോലെ മാസം അല്ലെങ്കില്‍ കിലോമീറ്റര്‍ കണക്കനുസരിച്ച് സർവ്വീസ്​ ചെയ്യുന്ന രീതി ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക്​ ഉണ്ടാകില്ല. എഐ സ്​മാർട്ട് വാഹനമായതിനാൽ എന്തെങ്കിലും മാറ്റിസ്ഥാപിക്കാനോ സർവീസ് ചെയ്യാനോ ആവശ്യമുള്ളപ്പോൾ സ്​കൂട്ടർ ഉടമയോട്​ പറയും. അങ്ങിനെ വന്നാൽ  ഡോർസ്​റ്റെപ്പ്​ സർവ്വീസ് ലഭ്യമാക്കും എന്നാണ് കമ്പനി പറയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!