ഈ കമ്പനികളുടെ 1.7 ലക്ഷം ഇലക്ട്രിക്ക് കാറുകളിൽ ചാർജിംഗ് പ്രശ്‌നങ്ങൾ

By Web TeamFirst Published Mar 25, 2024, 10:37 AM IST
Highlights

ലോ-വോൾട്ടേജ് ബാറ്ററികളുടെ ഊർജ്ജത്തെ ബാധിക്കുകയും വാഹനമോടിക്കുമ്പോൾ വാഹനം ഷട്ട്ഡൗണാകാൻ സാധ്യതയുള്ളതുമായ പ്രശ്നങ്ങൾ പരിഹരിക്കുകയാണഅ തിരിച്ചുവിളിയുടെ ലക്ഷ്യം. ഈ തിരിച്ചുവിളിക്കൽ നടപടിക്രമം മാർച്ച് 18 മുതൽ ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകൾ.

ചാർജിംഗ് കൺട്രോൾ യൂണിറ്റിലെ പ്രശ്‌നങ്ങളെ തുടർന്ന് ഓട്ടോമൊബൈൽ ഭീമൻമാരായ ഹ്യുണ്ടായിയും കിയ കോർപ്പറേഷനും ദക്ഷിണ കൊറിയയിൽ ഏകദേശം 1.7 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ (ഇവി) തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. തിരിച്ചുവിളിച്ച വാഹനങ്ങൾക്ക് സോഫ്‌റ്റ്‌വെയർ തകരാർ ഉണ്ടെന്ന് കരുതപ്പെടുന്നു. അത് പരിഹരിക്കാനാണ് തിരിച്ചുവിളി. 

റിപ്പോർട്ടുകൾ പ്രകാരം, ലോ-വോൾട്ടേജ് ബാറ്ററികളുടെ ഊർജ്ജത്തെ ബാധിക്കുകയും വാഹനമോടിക്കുമ്പോൾ വാഹനം ഷട്ട്ഡൗണാകാൻ സാധ്യതയുള്ളതുമായ പ്രശ്നങ്ങൾ പരിഹരിക്കാനാണ് തിരിച്ചുവിളിയുടെ ലക്ഷ്യം. ഈ തിരിച്ചുവിളിക്കൽ നടപടിക്രമം മാർച്ച് 18 മുതൽ ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകൾ.

ദക്ഷിണ കൊറിയയുടെ ഗതാഗത മന്ത്രാലയം പറയുന്നതനുസരിച്ച്, ഹ്യുണ്ടായ് 113,916 ഇവികൾ തിരിച്ചുവിളിക്കും. ഇത് അയോണിക്-സീരീസ്, ജെനസിസ് ലൈനപ്പ് എന്നിവയുൾപ്പെടെ വിവിധ മോഡലുകളെ ബാധിക്കുന്നു. അതേസമയം കിയ 56,016 ഇവികൾ തിരിച്ചുവിളിക്കാൻ ഒരുങ്ങുന്നു.

ഇൻ്റഗ്രേറ്റഡ് ചാർജിംഗ് കൺട്രോൾ യൂണിറ്റുകളുടെ സോഫ്‌റ്റ്‌വെയറിലാണ് കണ്ടെത്തിയ പിശക്. അത്തരം തകരാറുകൾ ലോ-വോൾട്ടേജ് ബാറ്ററി പവർ ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് വാഹനം നിർത്താൻ സാധ്യതയുള്ളതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു.

ഇത്തരമൊരു സംഭവം ഇതാദ്യമല്ല. നേരത്തെ 2023 ജൂണിൽ, ഹ്യുണ്ടായിയുടെ അയോണിക്ക് 5 ഇലക്ട്രിക് എസ്‌യുവിയിലെ വൈദ്യുതി നഷ്ടത്തെക്കുറിച്ച് അമേരിക്കയിൽ അന്വേഷണം ആരംഭിച്ചിരുന്നു. പ്രോപ്പൽസീവ് പവർ ഭാഗികമായോ പൂർണ്ണമായോ നഷ്‍ടപ്പെട്ടതുമായി ബന്ധപ്പെട്ട് 30 പരാതികൾ സമർപ്പിച്ചു. ഇതേത്തുടർന്ന് ഏകദേശം 39,500 വാഹനങ്ങളെ തിരിച്ചുവിളിച്ച് പരിശോധിച്ചതായി പറയപ്പെടുന്നു.

അതേസമയം, കിയ ഈ വർഷം രണ്ട് പുതിയ കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിൽ പുതിയ കാർണിവലും EV9 ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയും ഉൾപ്പെടും. കാർണിവലിൻ്റെ പുതിയ തലമുറ അതിൻ്റെ മുൻഗാമിയേക്കാൾ ചില മാറ്റങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. കമ്പനി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഏഴ് സീറ്റർ ഇലക്ട്രിക് എസ്‌യുവി ആയിരിക്കും EV9.

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ക്രെറ്റ എസ്‌യുവിയും വെർണ സെഡാനും ഹ്യുണ്ടായ് ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു. ക്രെറ്റ എസ്‌യുവിയുടെയും വെർണ സെഡാൻ്റെയും മൊത്തം 7,698 യൂണിറ്റുകൾ  തിരിച്ചുവിളിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക് ഓയിൽ പമ്പ് കൺട്രോളറിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പോരായ്മയെ കുറിച്ചുള്ള ആശങ്കകളെ തുടർന്നാണ് ക്രെറ്റ എസ്‌യുവിയും വെർണ സെഡാനും തിരിച്ചുവിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. ഇത് ഇലക്ട്രോണിക് ഓയിൽ പമ്പിൻ്റെ പ്രകടനത്തെ ബാധിക്കും. 2023 ഫെബ്രുവരി 13 നും 2023 ജൂൺ ആറിനും ഇടയിൽ നിർമ്മിച്ച യൂണിറ്റുകൾക്കാണ് തിരിച്ചുവിളിക്കൽ നൽകിയിരിക്കുന്നത്. ബാധിത വാഹനങ്ങളുടെ ഉടമകൾക്ക് അവരുടെ ഏറ്റവും അടുത്തുള്ള ഹ്യൂണ്ടായ് ഡീലർഷിപ്പുകളെ സമീപിക്കാമെന്നും പ്രശ്‌നം യാതൊരു ചെലവും കൂടാതെ പരിഹരിക്കുമെന്നും ഹ്യുണ്ടായ് ഇന്ത്യ അറിയിച്ചു.

youtubevideo

click me!