ടാറ്റ പഞ്ചിന്റെ ഫെയ്‌സ്‌ലിഫ്റ്റിന് ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചു. എന്നാൽ, കമ്പനി പുറത്തുവിട്ട ക്രാഷ് ടെസ്റ്റ് വീഡിയോയിലെ എഡിറ്റിംഗ് പിശക് ആശയക്കുഴപ്പങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചു.
ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന് ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ നിന്നും അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു. എങ്കിലും അതിന്റെ ക്രാഷ് ടെസ്റ്റിന്റെ ഒരു വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. പഞ്ചിന്റെ ലോഞ്ച് ഇവന്റിൽ, കമ്പനി ഒരു ഫുൾ-സൈസ് ട്രക്ക് ഉപയോഗിച്ച് കാർ ക്രാഷ്-ടെസ്റ്റ് ചെയ്യുന്നതിന്റെ ഒരു വീഡിയോ പ്രദർശിപ്പിച്ചു. ഇത് ഇപ്പോൾ കാഴ്ചക്കാരിൽ ചില ആശയക്കുഴപ്പങ്ങൾക്ക് കാരണമായിട്ടുണ്ട്. അപകടത്തിന് ശേഷമുള്ള ദൃശ്യങ്ങളുടെ ചില ഫ്രെയിമുകളിൽ, ഡ്രൈവറുടെ സൈഡ് ഫ്രണ്ട് ഫെൻഡറിന് സമീപം ഒരു പൊട്ടൽ ദൃശ്യമാണ്, എന്നാൽ മറ്റ് ഫ്രെയിമുകളിൽ അത് കാണുന്നില്ല. ഇത് ടാറ്റ മോട്ടോഴ്‌സ് രണ്ട് വ്യത്യസ്ത വാഹനങ്ങൾ പരീക്ഷണത്തിനായി ഉപയോഗിച്ചുവെന്ന പ്രചാരണത്തിന് കാരണമായി. അത്തരം ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് കമ്പനി ഇപ്പോൾ ഒരു ഔദ്യോഗിക വിശദീകരണം പുറപ്പെടുവിച്ചു. എഡിറ്റിംഗ് പിശക് മൂലമാണ് ആശയക്കുഴപ്പം ഉണ്ടായതെന്ന് കമ്പനി പറയുന്നു.
ടാറ്റയുടെ പുതിയ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ഒരു ടാറ്റ എൽപിടി ട്രക്കിൽ ഇടിപ്പിച്ചായിരുന്നു പരീക്ഷണം. ട്രക്ക് നിശ്ചലമായിരുന്നു, മൈക്രോ-എസ്‌യുവി നേരിട്ട് അതിൽ ഇടിച്ചു. അപകടത്തിനുശേഷം, പുതിയ പഞ്ചിന്റെ ഘടനയും ബോഡി ഷെല്ലും കേടുകൂടാതെയിരുന്നു. യാത്രക്കാർ സുരക്ഷിതരായി തുടർന്നു. പുതിയ പഞ്ചിന് 5-സ്റ്റാർ ഭാരത് എൻസിഎപി റേറ്റിംഗ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ടാറ്റ മോട്ടോഴ്‌സ് ഈ പരീക്ഷണത്തിന്റെ ഒരു വീഡിയോ ഓൺലൈനിൽ പങ്കിട്ടു. പ്രോഗ്രാമുകളിലെ മിക്ക ക്രാഷ് ടെസ്റ്റുകളിലും വാഹനങ്ങൾ പ്രത്യേകം രൂപകൽപ്പന ചെയ്ത തടസ്സങ്ങളിൽ ഇടിക്കുന്നത് ഉൾപ്പെടുന്നു. യഥാർത്ഥ വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത് കൂടുതൽ യാഥാർത്ഥ്യമാണ്.
പഞ്ച് ക്രാഷ് ടെസ്റ്റ് വീഡിയോ വൻ കാഴ്ചക്കാരെ നേടി. ഇതിനിടെ വ്യൂവേഴ്സിൽ ചിലർ വീഡിയോയിൽ വിചിത്രമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചു. ഒരു ഫ്രെയിമിൽ, ഡ്രൈവറുടെ വാതിലും തൊട്ടടുത്തുള്ള ഫെൻഡറും പൊട്ടിയടർന്നതായി കാണപ്പെട്ടു. എന്നാൽ തൊട്ടടുത്ത ഫ്രെയിമിൽ, അവ സാധാരണവും മിനുസമാർന്നതുമായി കാണപ്പെട്ടു. ഈ ദൃശ്യങ്ങളുടെ ക്രമം വിചിത്രമായിരുന്നു. വീഡിയോ പുരോഗമിക്കുമ്പോൾ പൊട്ടലുകൾ പൂർണ്ണമായും അപ്രത്യക്ഷമായതായി തോന്നി. ഇത് ഊഹാപോഹങ്ങൾക്ക് കാരണമായി. ടാറ്റ മോട്ടോഴ്‌സ് ഒന്നിലധികം ടെസ്റ്റ് യൂണിറ്റുകൾ ഉപയോഗിച്ചുവെന്ന് പലരും വാദിച്ചു. ഇത് പരിശോധനയുടെ വിശ്വാസ്യത പൂർണ്ണമായും നശിപ്പിക്കുന്കനതായിരുന്നു. തുടർന്ന് കമ്പനി ഒരു വിശദീകരണം നൽകാൻ നിർബന്ധിതരായി.
ടാറ്റ പഞ്ചിന്റെ സുരക്ഷാ സവിശേഷതകൾ
പുതിയ ടാറ്റ പഞ്ചിൽ ആറ് എയർബാഗുകൾ, ഇഎസ്‍സി, എബിഎസ്, ടിപിഎംഎസ്, 360-ഡിഗ്രി ക്യാമറ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയവ സ്റ്റാൻഡേർഡായി ലഭ്യമാണ്. സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, റെയിൻ സെൻസിംഗ് വൈപ്പറുകൾ, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, എൽഇഡി ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് തുടങ്ങിയ സവിശേഷതകളും ഇതിൽ ലഭ്യമാണ്. 2026-ൽ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടുന്ന ആദ്യത്തെ കാറായി ഇത് പഞ്ചിനെ മാറ്റുന്നു. പെട്രോൾ വേരിയന്റിൽ 366 ലിറ്റർ ലഗേജ് ശേഷിയുള്ള പുതിയ പഞ്ച് ഇപ്പോൾ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വലിയ ബൂട്ട് വാഗ്ദാനം ചെയ്യുന്നു. അതേസമയം സിഎൻജി പതിപ്പ് 210 ലിറ്റർ ഉപയോഗിക്കാവുന്ന ബൂട്ട് സ്‍പേസ് വാഗ്‍ദാനം ചെയ്യുന്നു.


