
2025 ജൂണിലെ ഇന്ത്യയിലെ കാർ വിൽപ്പന ഡാറ്റ പുറത്തുവന്നു. ഹ്യുണ്ടായി ക്രെറ്റ പ്രതിമാസ വിൽപ്പന മെച്ചപ്പെടുത്തി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മാരുതി ഡിസയറിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് ക്രെറ്റയുടെ ഈ നേട്ടം.
മെയ് മാസത്തിൽ ഹ്യുണ്ടായി ക്രെറ്റയുടെ വിൽപ്പനയിൽ നേരിയ ഇടിവ് സംഭവിച്ചിരുന്നു. പക്ഷേ ഈ ഇടിവ് ഒരു ചെറിയ ഇടവേള മാത്രമാണെന്ന് തെളിഞ്ഞു. കാരണം 2025 ജൂണിൽ ഈ എസ്‌യുവി വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഇന്ത്യയിലെ ഏറ്റവും വിജയകരമായ സെഡാൻ ആയി കണക്കാക്കപ്പെടുന്ന മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാനായ ഡിസയറിനെ ക്രെറ്റ മറികടന്നു. ജൂണിൽ 15,786 യൂണിറ്റ് ക്രെറ്റകൾ വിറ്റഴിക്കപ്പെട്ടപ്പോൾ, ഡിസയർ 15,484 യൂണിറ്റുകൾ വിറ്റു. അതായത്, 302 യൂണിറ്റുകളുടെ വ്യത്യാസം മാത്രമേയുള്ളൂ. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്റ്റ് എസ്‌യുവിയായ മാരുതി ബ്രെസ മൂന്നാം സ്ഥാനത്ത് തുടർന്നു.
2025 മെയ് മാസത്തിൽ, 14,860 യൂണിറ്റുകൾ വിറ്റഴിച്ച് ക്രെറ്റ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. പക്ഷേ ഇപ്പോഴും എസ്‌യുവി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമായി അത് തുടർന്നു. ജൂണിൽ, ഹ്യുണ്ടായി പൂർണ്ണ ശക്തിയോടെ തിരിച്ചുവന്ന് ഡിസയറിൽ നിന്ന് ഒന്നാം സ്ഥാനം പിടിച്ചെടുത്തു. അതേസമയം കഴിഞ്ഞ വർഷത്തെ അതായത് 2024 ജൂണിനെ അപേക്ഷിച്ച് ക്രെറ്റ വിൽപ്പനയിൽ മൂന്ന് ശതമാനം നേരിയ ഇടിവുണ്ടായി.
വിപണിയിലെ മികച്ച വിൽപ്പനയുള്ള രണ്ട് കാറുകളിൽ മാരുതി ഡിസയർ ഇപ്പോഴും തുടരുന്നു. എസ്‌യുവികളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് ഉണ്ടായിരുന്നിട്ടും, ഈ സെഡാൻ മികച്ച വിൽപ്പന നേടുന്നുണ്ട്. 2025 ജൂണിൽ, 15,484 യൂണിറ്റ് ഡിസയർ വിറ്റു, ഇത് 2024 ജൂണിനെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ, ഡിസയർ 13,421 യൂണിറ്റുകൾ വിറ്റു. കോംപാക്റ്റ് എസ്‌യുവികളെക്കുറിച്ച് പറയുമ്പോൾ, മാരുതി സുസുക്കിയുടെ ബ്രെസ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. 2025 ജൂണിൽ, 14,507 യൂണിറ്റുകൾ വിറ്റു. ഇത് കഴിഞ്ഞ വർഷം 2024 ജൂണിൽ വിറ്റ 13,172 യൂണിറ്റുകളേക്കാൾ 10 ശതമാനം കൂടുതലാണ്. 2025 മെയ് മാസത്തിലും ബ്രെസ മൂന്നാം സ്ഥാനത്തായിരുന്നു. 2025 ജൂണിൽ 14,500 ത്തിൽ അധികം യൂണിറ്റ് ബ്രെസകൾ വിറ്റു. ഇത് ഏഴ് ശതമാനം പ്രതിമാസ ഇടിവ് രേഖപ്പെടുത്തി. എന്നാൽ വാർഷിക വിൽപ്പനയിൽ 10 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
14,100 യൂണിറ്റിലധികം വിൽപ്പനയുമായി മാരുതി എർട്ടിഗ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പ്രതിമാസ വിൽപ്പനയിൽ 12 ശതമാനം ഇടിവും 11 ശതമാനം ഇടിവും നേരിട്ടു. എന്നാൽ പ്രതിമാസ വിൽപ്പനയിൽ ആറ് ശതമാനം ഇടിവുണ്ടായിട്ടും മാരുതി സ്വിഫ്റ്റ് ഒരു സ്ഥാനം മുന്നേറി 2025 ജൂണിലെ വിൽപ്പനയിൽ അഞ്ചാം സ്ഥാനം നേടി. 2025 ജൂണിൽ മാരുതി 13,000 യൂണിറ്റിലധികം മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കുകൾ വിറ്റിരുന്നു.